കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക്

നീര്‍ച്ചാലിനരികെ നട്ടതും, യഥാകാലം ഫലം നല്‍കുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണീ എക്‌സാര്‍ക്കേറ്റ്. കനേഡിയന്‍ മണ്ണില്‍ വേരുകള്‍ ഓടിതുടങ്ങിയ സീറോ മലബാര്‍ സംസ്കാരം. കുടിയേറ്റം ക്രിസ്തീയ സഭകള്‍ക്കെല്ലാം തന്നെ പൈതൃകമാണ്. ഇന്ന് ലോകമെമ്പാടും ചിറക് വിരിച്ച് തണല്‍ നല്‍കുന്ന സീറോ മലബാര്‍ സഭ അതിന്റെ തനതായ രൂപത്തിലും, ഭാവത്തിലും ദൈവസ്‌നേഹം പകരുകയാണ് ഈ മണ്ണില്‍, ഇവിടുത്തെ എക്‌സാര്‍ക്കേറ്റിന്റെ കീഴില്‍. എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്ന ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ വിനയപൂര്‍വം പറയുന്നു “എല്ലാം ദൈവമഹത്വത്തിന്”.

സെപ്റ്റംബര്‍ 19, 2018, കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക്. 1967 ആരംഭിച്ച വിശ്വാസികളുടെ കുടിയേറ്റം 2015ല്‍ രണ്ട് വൈദികര്‍ മാത്രമുള്ള എക്‌സാര്‍ക്കേറ്റായി രൂപം പ്രാപിച്ചു. ഒന്നും ഇല്ലായ്മയില്‍നിന്നുള്ള ആ തുടക്കം. ഇന്ന് പതിനയ്യായിരത്തില്‍പരം വിശ്വാസികള്‍ക്ക് ഊര്‍ജവും, ആത്മീയനിറവും പകരുന്നു. എക്‌സാര്‍ക്കേറ്റിന് വേണ്ടി നിയമിതനായ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ പൂര്‍ണമായും ജനപങ്കാളിത്തത്തോടെ ഇവിടുത്തെ ദൈവജനത്തെ വിജയകരമായ് മുന്നോട്ട് നയിക്കുകയാണ്. വ്യക്തമായ കര്‍മപദ്ധതികളിലൂടെ ശക്തമായ ആത്മീയ അടിത്തറ കെട്ടിപ്പെടുക്കുവാന്‍ അക്ഷീണപരിശ്രമം നടത്തുന്നു. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ്, സീറോ മലബാര്‍ സംസ്കാരത്തില്‍ ഊന്നി, സമൂഹത്തിന്റെ നന്മയ്ക്കായ് പ്രവര്‍ത്തിക്കാന്‍ ഉതകുന്ന ഇടവകകളും, കൊച്ച്, കൊച്ച് മിഷന്‍ സെന്റേഴ്‌സും ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ശൂന്യതയില്‍ നിന്നെന്നപോലെ, ഒന്നും ഇല്ലായ്മയില്‍നിന്ന് എക്‌സാര്‍ക്കേറ്റ് ഇന്ന് ഇരുപത്തിയഞ്ച് വൈദികരും, പന്ത്രണ്ട് സിസ്റ്റേഴ്‌സും, ആറ് വൈദികവിദ്യാര്‍ഥികളും, സ്വന്തമായ് നാല് പള്ളികളും, 50 മിഷന്‍ സെന്റേഴ്‌സും ഉള്ള ശക്തമായ അടിത്തറയിലേക്ക് ചുരുങ്ങിയ മൂന്ന് വര്‍ഷത്തില്‍ ഉയര്‍ന്നിരിക്കയാണ്.

ദൈവ പരിപാലനയെ ശക്തിപ്പെടുത്തുകവഴി വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന വിശ്വാസസമൂഹത്തെ ഒന്നിപ്പിക്കാനും, ക്രിസ്തുവില്‍ കേന്ദ്രീകരിച്ച് പുനര്‍ജീവിപ്പിക്കാനും സാധിച്ചത് എക്‌സാര്‍ക്കേറ്റിന്റെ വ ലിയ നേട്ടമായ്. അങ്ങനെ വ്യക്തികള്‍, കുടുംബങ്ങള്‍, ഇടവകകള്‍ കൈകോര്‍ത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്ന കൂട്ടായ്മയായ് മാറി.

എക്‌സാര്‍ക്കേറ്റിന്റെ വിജയകരമായ പ്രവര്‍ത്തനത്തിനായ് കല്ലുവേലില്‍ പിതാവിന്റെ നേതൃത്വത്തില്‍ ശക്തവും, സുരക്ഷിതവും ആയ ഭരണസമിതി പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സാര്‍ക്കേറ്റിന്റെ സുഗമമായ നടത്തിപ്പിനായ് ഇതിനെ ഈസ്റ്റും, വെസ്റ്റും റീജിയണുകളായ് തിരിച്ചു. ഓരോ റീജിയണും ബിഷപ്പിന്റെ മേല്‍നോട്ടത്തില്‍ വികാരി ജനറാള്‍മാര്‍, ക്യൂറിയ, കോളജ് ഓഫ് കണ്‍സള്‍ട്ടേഷന്‍, ഫൈനാന്‍സ് കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, മറ്റ് അസോസിയേഷന്‍സ്, കാര്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇരുപതോളം ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഓരോ മേഖലയിലും വിശ്വാസികള്‍ക്ക് കരുത്ത് പകരാന്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നത്. വിശ്വാസസമൂഹത്തിലെ കൊച്ച് കുട്ടികള്‍ മുതല്‍ വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് വരെ അനുയോജ്യമായ കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഈ കര്‍മപരിപാടിയുടെ ഭാഗമായ് കുടുംബങ്ങളേയും, കുടിയേറ്റക്കാരേയും, പഠനത്തിനായ് എത്തുന്നവരെയും, മുതിര്‍ന്നവരേയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സാര്‍ക്കേറ്റിന്റെ പ്രവര്‍ത്തനം ഇത്രമാത്രം വളര്‍ച്ചയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് നയിച്ച കല്ലുവേലില്‍ പിതാവിന് അഭിനന്ദനങ്ങള്‍.

വിശ്വാസം നൂറുമേനി വിളയിക്കാന്‍, സീറോ മലബാര്‍ ശൈലിയിലൂടെ ഈ മണ്ണിലെ മക്കളെ മുന്നോട്ട് നയിക്കാന്‍ നാലാം വയസിലേക്ക് കാലുകുത്തുന്ന എക്‌സാര്‍ക്കേറ്റിന്റെ കര്‍മപരിപാടികളെ മൂന്ന് തരത്തിലാണ് തിരിച്ചിരിക്കുന്നത്. ആത്മീയം, സാമൂഹ്യം, സാമ്പത്തികം.

വരും വര്‍ഷങ്ങളില്‍ ഇനിയും എത്തപ്പെടാത്ത സ്ഥലങ്ങളിലേക്ക് സേവനം നല്‍കി കൂടുതല്‍ ഉത്സാഹത്തോടെ ദൈവജനത്തെ സേവിക്കുക. അടിയുറപ്പുള്ള വിശ്വാസപരിശീലനവും, കൂദാശ സേവനവും കഴിയുന്ന ജനങ്ങളിലേക്ക് എത്തിക്കുക. എക്‌സാര്‍ക്കേറ്റിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക ഭദ്രത ദൈവജനത്തിന്റെ സഹകരണത്തോടെ കണ്ടെത്തുക. സാമൂഹികമായ് ദൈവജനം നേരിടുന്ന വെല്ലുവിളികളെ കൂട്ടായ്മയോടെ നേരിടുക. ആത്മീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി വരും വര്‍ഷങ്ങളില്‍ ദൈവരാജ്യത്തിന്റെ വേരുകള്‍ ശക്തിപ്രാപിച്ച് നൂറുമേനി വിളയിക്കുന്ന വിശ്വാസത്തിന്റെ കതിരുകളെ വര്‍ധിപ്പിച്ച് മുന്നേറുക. ഇത്തരത്തില്‍ വിശ്വാസികളുടെ കുഞ്ഞുമക്കള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍, വാര്‍ധക്യത്തിലെത്തിയവരുടെ ആവശ്യാനുസൃതം വേണ്ടുംവിധം കര്‍മപരിപാടികള്‍ ക്രമീകരിച്ച് നടപ്പാക്കുക. എല്ലാ മിഷന്‍ സെന്റേഴ്‌സിനെയും കാനഡ റവന്യൂ ഏജന്‍സിയുടെ ചാരിറ്റബിള്‍ രജിസ്‌ട്രേഷന്‍ ലഭ്യമാക്കുക. മുടക്കം കൂടാതെ മതബോധനം, ആത്മീയ ശുശ്രൂഷകള്‍, ബൈബിള്‍ കലോത്സവം, വിശ്വാസ ശാക്തീകരണം ആത്മീയ നേതൃത്വ പരിശീലനം, കണ്‍വെന്‍ഷന്‍ ക്രമീകരിക്കയും നടപ്പാക്കുകയും ചെയ്യുക – അങ്ങനെ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷയും, പ്രത്യാശയും ഉണര്‍ത്തുന്ന വിശ്വാസ കൂട്ടായ്മ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക. എല്ലാം ശക്തനും, കഠിനപരിശ്രമിയും ആയ കല്ലുവേലില്‍ പിതാവിന്റെ നേതൃത്വത്തിലൂടെ പൂവണിയട്ടെ. സര്‍വശക്തനായ ദൈവത്തിന് നന്ദി പറയാം.

വാര്‍ത്ത തയാറാക്കിയത്: മാത്യു ജോര്‍ജ്

Share This Post