ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു; അക്രമം മോഷണത്തിനിടെ

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. ചാള്‍സ് കോതേരിത്തറ (37) ആണു ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് വെടിയേറ്റു മരിച്ചത്.

മോഷണത്തിനു ശ്രമിച്ച അക്രമി വെടി വയ്ക്കുകയയിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു.

സംഭവത്തിനു ദ്രുക്‌സാക്ഷികളില്ല. ക്യാമറയില്‍ ദ്രുശ്യങ്ങളുണ്ടോ എന്നു പോലീസ് അറിയിച്ചിട്ടില്ല.

എഞ്ചിനിയറാണു ചാള്‍സ്. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും പുത്രനാണ്.

ഭാര്യ സീന ബാബുക്കുട്ടി.വി.വി.ബാബുക്കുട്ടി സി.പി.എയുടെ പുത്രീ ഭര്‍ത്താവാണു ചള്‍സ്.

ഒരു ഇളയ സഹോദരനുണ്ട് എമില്‍ കോതെരിത്തറ. ന്യു ജെഴ്‌സിയില്‍ സി.പി.എ ആയി പ്രവര്‍ത്തിക്കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് ജോഷ്വാ ജോര്‍ജും മറ്റും ഇന്നലെ രാവിലെ തന്നെ കുടുംബാംഗങ്ങള്‍ക്ക് സഹായ ഹസ്തവുമായെത്തി.

പൊതുദര്‍ശനം: ഓഗസ്റ്റ് 22 ബുധന്‍ വൈകിട്ട് 6 മുതല്‍ 9 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, 2411 ഫിഫ്ത്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ്.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 23 വ്യാഴം രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രലില്‍
തുടര്‍ന്ന് സംസ്കാരം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരി, വെസ്റ്റ് ഹൈമര്‍ റോഡ്, ഹൂസ്റ്റണ്‍.

ന്യൂയോര്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ ഓണാഘോഷം റദ്ദാക്കി

ന്യൂയോര്‍ക്ക്: കേരളത്തില്‍ പ്രകൃതിക്ഷോഭം കൊണ്ടുണ്ടായ വിപത്ത് കാരണം ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂളില്‍ സെപ്റ്റംബര്‍ ഒന്നിന് നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദ് ചെയ്തു.

164-മത് ഗുരുദേവ ജയന്തി ന്യൂ ഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രത്തില്‍ വെച്ച് (100 Lakeville Rd, New Hyde Park, NY 11040) സെപ്റ്റംബര്‍ 2ന് രാവിലെ 10 മണിക്ക് ആചരിക്കുന്നതാണ്.

ഓണാഘോഷങ്ങള്‍ക്ക് വേണ്ടി ചിലവാക്കാനിരുന്ന പണവും അംഗങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുകയും കൂടി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരളത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രേണുക സുരേഷ്ബാബു അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ആര്‍ഭാടരഹിതമായ ഓണം; സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ചര്‍ച്ച് മില്‍പിറ്റസ് സമാഹരിച്ചത് അറുപതിനായിരം ഡോളര്‍

സാന്‍ഫ്രാന്‍സിസ്‌കോ: കേരളത്തിലെ ഇപ്പോഴത്തെ ദുരിത സാഹചര്യം കണക്കിലെടുത്ത് സാന്‍ ഫ്രാന്‍സിസ്‌കോ മില്‍പിറ്റസ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് മുന്‍പേ നിശ്ചയിച്ചിരുന്ന ഓണം ആര്‍ഭാടരഹിതമായ ഒരു കാരുണ്യ സംഗമമാക്കി . ഇക്കഴിഞ്ഞ പത്തൊന്‍പതാം തിയതി പള്ളിയില്‍ വെച്ച് ലളിത മായ ഉച്ച ഭക്ഷണവും പ്രളയ ദുരിതാശ്വാസ നിധി യിലേക്കുള്ള ഫണ്ട് സമാഹരണവും നടന്നു .

സാജു ജോസഫ് ന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടു ലേലത്തില്‍ നിന്ന് മാത്രം ഇരുപത്തി അയ്യായിരം ഡോളര്‍ ശേഖരിച്ചു . ചുരുങ്ങിയ വസ്തുക്കള്‍ മാത്രമാണ് ലേലത്തിനുണ്ടായത് . പക്ഷേ മുഴുവന്‍ അംഗങ്ങളെയും തന്റെ സ്വതസിദ്ധ മായ ലഘു നര്‍മ്മ സംഭാഷണ ങ്ങളാല്‍ പ്രോത്സാഹിപ്പിച്ച് സാജു ലേലം വന്‍ വിജയ മാക്കി .

ഉദാര മനസ്കരായ ചര്‍ച്ച് അംഗങ്ങളുടെ മറ്റു സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏകദേശം അറുപതിനായിരം ഡോളര്‍ സമാഹരിക്കാന്‍ ഇടവകക്ക് സാധിച്ചു . ഈ തുക കേരളത്തിലെ പ്രളയ ദുരിത മനുഭവിക്കുന്നവര്‍ക്കു ള്ള സംഭാവന യായി നല്‍കുവാന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതക്കു കൈമാറുമെന്ന് ഇടവക വികാരിയായ ഫാദര്‍ ജോര്‍ജ്ജ് എട്ടുപരയില്‍ അറിയിച്ചു .

ഈ സ്‌നേഹ സംരംഭ ത്തിന് കൈക്കാരന്മാരായ ബിജു അഗസ്റ്റിന്‍, പോള്‍സണ്‍ പുത്തൂര്‍ , ജോണ്‍ പോള്‍ വര്‍ക്കി എന്നിവരും കണ്‍വീനര്‍ മാരായ ടോം ചാര്‍ളി ജോജോ ആലപ്പാട് എന്നിവരും ആണ് നേതൃത്വം കൊടുത്തത് . ഈ കാരുണ്യ സംഗമം വന്‍ വിജയമാക്കിയ ഇടവകാം ഗങ്ങള്‍ക്ക് വികാരിയും സംഘാടകരും ഹൃദയ പൂര്‍വം നന്ദി പറഞ്ഞു .

ബിന്ദു ടിജി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കടലിന്റെ മക്കള്‍ക്ക് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍: ഡോ. മാമ്മന്‍ സി. ജേക്കബ്

കേരളത്തെ നടുക്കിയ ജലപ്രളയത്തില്‍ തങ്ങളുടെ ജീവന്‍ പണയംവെച്ച് ഉപജീവനമാര്‍ഗ്ഗമായ ബോട്ടുകളും വള്ളങ്ങളുമായി പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി അനേകരുടെ ജീവന്‍ രക്ഷിച്ച, ഭക്ഷണം നല്കിയ മത്സ്യത്തൊഴിലാളികളുടെ നല്ല മനസ്സിനു മുന്നില്‍ ശിരസ് നമിച്ചുകൊണ്ട് ഫൊക്കാന അഭിനന്ദമറിയിച്ചു.

വിദേശ മലയാളികളായ നമുക്ക് ഒരു നല്ല പാഠമായി ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണം. കഴിയുന്നത്ര സഹായം എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കണം. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫൊക്കാന 1,00,000 ഡോളര്‍ സമാഹരിക്കാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.www.gofundme.com/fokana എന്ന ലിങ്കിലൂടെ നിങ്ങളുടെ സഹായം അയയ്ക്കാം. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഹാരസാധനങ്ങളും വസ്ത്രവും എത്തിക്കുന്നതിനു ക്രമീകരണങ്ങള്‍ ചെയ്തതിനുശേഷംപത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ഫൊക്കാന ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പ്രസ്താവിച്ചു.

ജോയിച്ചന്‍ പുതുക്കുളം

‘നന്മ’യുടെ വെള്ളപൊക്ക ദുരിതാശ്വാസം: ആദ്യഗഡു 23 ന് മലപ്പുറത്ത് വെച്ച്

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി കൂട്ടായ്മകള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളും നേരിട്ടുള്ള പ്രചാരണങ്ങളിലൂടെയുമായി നാടിനു കൈത്താങ്ങായി മാറുന്നു. ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘നന്മ’ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള ഏകോപിക്കാന്‍ പ്രത്യേക ആക്ഷന്‍ ഫോറങ്ങള്‍ രൂപീകരിക്കുകയും ലോഞ്ച്ഗുഡ് എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴി ഒരു ലക്ഷത്തിലധികം ഡോളര്‍ (ഒരു കോടിയോളം രൂപ) സമാഹരിക്കുകയും ചെയ്തു .

ഇതില്‍ ആദ്യ ഘടു ഈ വരുന്ന 23 ന് വ്യാഴാഴ്ച മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ‘നന്മ’ ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 4.45ന് മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍ നന്മയുടെ സഹായം ഏറ്റു വാങ്ങും. ജനപ്രതിനിധികളും, സാമൂഹ്യ രാഷ്ട്രീയ നായകരും ചടങ്ങില്‍ പങ്കെടുക്കും.

ദുരിത ബാധിതരെ സഹായിക്കാന്‍ വേണ്ടി ഫ്‌ളോറിഡയിലുള്ള ഡോ .മൊയ്ദീന്‍ മൂപ്പന്‍ എഴുപതിനായിരം ഡോളറാണ് (50 ലക്ഷം രൂപ)നല്കാമെന്നേറ്റത്. അമേരിക്കയില്‍ നന്മയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ https://www.launchgood.com/Kerala എന്ന സൈറ്റ് വഴി ബന്ധപ്പെടണം. വിവിധ സ്‌റ്റേറ്റുകളിലെയും സിറ്റികളിലെയും മലയാളി കൂട്ടായ്മകള്‍ ഓണം ഈദ് പരിപാടികള്‍ മാറ്റിവെച്ചും , വെട്ടിച്ചുരുക്കിയും ഇത്തവണ നാടിനു വേണ്ടി ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓണം ഈദ് ആഘോഷങ്ങള്‍ നാടിന്‍റെ ദുരിതക്കണ്ണീരൊപ്പാന്‍ ദുരിതാശ്വാസആഘോഷങ്ങളാക്കി മാറ്റുക വഴി അമേരിക്കന്‍ മലയാളികള്‍ പ്രവാസ ലോകത്തിനു അഭിമാനമായി മാറുകയാണ് ..

ഈ സന്ദര്‍ഭത്തില്‍ ‘നന്മ’ സംഘടിപ്പിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഈ എളിയ ഉപഹാര സമര്‍പ്പണ പരിപാടിയില്‍ സംബന്ധിക്കാന്‍ താങ്കളെ സാദരം ക്ഷണിക്കുന്നു.

യു.എ.നസീര്‍
പ്രസിഡണ്ട്, നന്മ

ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചിക്കാഗോ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14-നു സ്‌കോക്കിയിലെ മക് കോര്‍മിക് ബുളവാഡില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ്‌റീജിയന്‍ അംഗങ്ങള്‍ ആഘോഷിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു ഗാന്ധി എന്നും, എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു ലോക ജനതയ്ക്ക് കാട്ടിക്കൊടുത്തുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ നിന്നുകൊണ്ട് തേരുതെളിച്ച നേതാവായിരുന്നു ഗാന്ധി എന്നു പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കേവലം ഒരു രാഷ്ട്രീയ നേതാവിനെക്കാള്‍ ഒരു ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നതെന്ന് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു. തദവസരത്തില്‍ തോമസ് മാത്യു, ജോര്‍ജ് പണിക്കര്‍, തമ്പി മാത്യു, പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, മാത്യൂസ് തോമസ്, ഏബ്രഹാം ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു ചിക്കാഗോ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബാബു മാത്യുവിനേയും, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പണിക്കരേയും യോഗം അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ബാബു മാത്യുവിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്

ചിക്കാഗോ:തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിലായിരിക്കുമ്പോള്‍ ദൈവവുമായുള്ള ബന്ധം ഒരു ബന്ധനമായി തോന്നരുതെന്നും പരിശുദ്ധ അമ്മയുടെ സഹായത്തോടെ ആ ബന്ധത്തിലേക്ക് നാം എത്തിപ്പെടണമെന്നും സെ.മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാള്‍ ആഘോഷ വാരത്തിലെ രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് വി. ബലി അര്‍പ്പിച്ച്വ ചനസന്ദേശം നല്കുകയായിരുന്നു തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്.

വി.ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന രക്തസ്രാവകാരി സ്ത്രീയുടെ കഥ വിവരിച്ചു കൊണ്ട് അദ്ദേഹം തന്റെ വചനസന്ദേശം തുടര്‍ന്നു.വിശ്വാസത്തോടെ യേശുവിനെ തൊട്ടാല്‍ ദൈവത്തിന്റെ ശക്തി നമ്മളിലേക്ക് ഒഴുകിയെത്തുമെന്നും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. മലങ്കര റീത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സെ.മേരീസ് ഇടവക വികാരി മോണ്‍സിഞ്ഞോര്‍.തോമസ് മുളവനാല്‍, അസി. വികാരി റെവ.ഫാ. ബിന്‍സ് ചേത്തലില്‍, റെവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

യുവജനങ്ങള്‍ ഇടവകയുമായി എങ്ങനെ ബന്ധപ്പെട്ടു ജീവിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ യുവജനപ്രതിനിധിയും അറ്റോര്‍ണിയുംമായ മിസ്. റ്റീന നെടുംവാമ്പുഴ ചടങ്ങുകളുടെ സമാപനത്തില്‍ ജനങ്ങളുമായി പങ്കുവച്ചു. തിരുനാള്‍ ആഘോഷ വാരത്തിലെ രണ്ടാം ദിനത്തില്‍ നടന്ന ദിവ്യബലിയിലും, നൊവേന പ്രാര്‍ത്ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

പ്രവീണ്‍ വര്‍ഗീസ് കേസ്: വിധി പറയുന്നത് സെപ്റ്റംബർ പതിനേഴിലേക്കു മാറ്റി

ഷിക്കാഗോ: ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്‍ഗീസിനെ വധിച്ച കേസിലെ പ്രതി ഗേജ് ബതൂണിനു വേണ്ടി ഓഗസ്റ്റ് 13 നു കോടതിയിൽ ഹാജരായ പുതിയ അറ്റോര്‍ണിമാർ കേസ് പഠിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നു വിധി പറയുന്നത് സെപ്റ്റംബർ പതിനേഴിലേക്കു മാറ്റിവെച്ചുകൊണ്ടു ജഡ്‌ജി ഉത്തരവിട്ടു .കേസിന്റെ വിധി ഓഗസ്റ്റ് 15 നു നടക്കാനിരിക്കെയാണ് പുതിയ തീരുമാനം. വളരെ ജനശ്രദ്ധ ആകർഷിച്ച ഈ കേസിന്റെ ഭാവി എന്തായി തീരുമെന്ന ആശങ്ക ഇതിനകം ഉയർന്നിട്ടുണ്ട്.

2018 ജൂണ്‍ 14 നായിരുന്നു പ്രവീണ്‍ വര്‍ഗീസിനെ വധിച്ച കേസിൽ ഗേജ് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിയെഴുതിയിരുന്നു.

നേരത്തെ ഹാജരായ അറ്റോര്‍ണിയെ മാറ്റണമെന്നു കോടതിയിൽ എഴുതി നല്‍കിയ അപേക്ഷയില്‍ പ്രതി ആവശ്യപ്പെട്ടിരുന്നു . രണ്ടു തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചത് . ഓഗസ്റ്റ് 9 നു ജഡ്ജി പ്രതിയുടെ അപേക്ഷ അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് പുതിയ രണ്ടു അറ്റോര്‍ണിമാർ കേസ് ഏറ്റെടുത്തത്

ഓഗസ്റ്റ് 13 നു സ്റ്റാറ്റസ് ഹിയറിങ്ങിന് കേസ് കോടതി പരിഗണിച്ചപ്പോൾ ജഡ്ജിയും അറ്റോർണിമാരും പ്രതിയും പരസ്പരം വീഡിയോ കോൺഫ്രൻസിലൂടെ ചർച്ച നടത്തിയിരുന്നു .ചർച്ചയുടെ വിശദ വിവരങ്ങൾ വെളിപ്പെടുത്താൻ ഇരു വിഭാഗവും തയാറായില്ല. പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിൽ ഗേജ് ബതൂണിനു യാതൊരു പങ്കും ഇല്ലാത്തതിനാൽ കേസ് തള്ളിക്കളയുകയോ ,പുനർ വിചാരണ നടത്തുകയോ വേണമെന്നാവശ്യപ്പെട്ടു കോടതിയിൽ പുതിയ അറ്റോർണിമാർ സമർപ്പിച്ച അപേക്ഷ ജഡ്‌ജി പരിഗണിച്ചാൽ വിധി അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത പരിഗണിച്ചില്ലെങ്കിൽ മാതമേ സെപ്റ്റംബർ 17 നു അന്തിമ വിധി ഉണ്ടാകു.

കോടതിയുടെ പുതിയ നീക്കത്തിൽ അഭിപ്രായം പറയുന്നതിന് പ്രവീണിന്റെ മാതാവ് ലവ്‌ലി വർഗീസ് വിസമ്മതിച്ചുവെങ്കിലും പ്രതി ഇപ്പോഴും ജയിലിൽ തന്നെയാണല്ലോ എന്നാണ് പ്രതികരിച്ചത് .

നാലുവര്‍ഷം പ്രവീണിന്റെ മാതാവു വിശ്രമമില്ലാതെ നടത്തിയ നിരന്തര പോരാട്ടത്തെ തുടര്‍ന്നാണു മകൻറെ മരണത്തിൽ ഗേജ് ബത്തൂണിന്റെ പങ്ക് വ്യക്തമാക്കപ്പെട്ടത്. 20 മുതല്‍ 60 വര്‍ഷം വരെയാണ് പ്രതിക്ക് ഈ കേസില്‍ ശിക്ഷ ലഭിക്കുന്നതിനുള്ള സാധ്യത .

പി.പി. ചെറിയാന്‍

കേരളത്തിന് ഗുജറാത്തില്‍ നിന്ന് കൈതാങ്ങ്

ഗാന്ധി നഗര്‍: കേരളത്തില്‍ പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി ഗുജറാത്തിലെ മലയാളി സംഘടനകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്ക് സംഭാവന അയച്ചും സന്നദ്ധ സംഘടനകളിലൂടെ അവശ്യ സാധനങ്ങള്‍ എത്തിച്ചും ദുരീതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയാണ് ഇവിടുത്തെ മലയാളി സംഘടനകള്‍.

മലയാളി വ്യവസായി ഹരി നായര്‍ നേതൃത്വം നല്‍കുന്ന കര്‍ണ്ണാവതി ഹരിദ്വാര്‍ മിത്ര മണ്ഡഡലം ട്രസ്റ്റ് 15 ലക്ഷം രൂപയുടെ സാധങ്ങളാണ് അയച്ചത്. അരി, പലവ്യജ്ഞനം, കുപ്പിവെള്ളം, ബിസ്‌ക്കറ്റ്, എന്നിവയക്ക് പുറമെ തുണി, ബഡ്ഷീറ്റ്,കുട, ഗ്യാസ് ലൈറ്റര്‍, ടോര്‍ച്ച്, മഴക്കോട്ട്, കൊതുകുവല, മെഴുകുതിരി, ടെന്റ് ഹൗസ് തുടങ്ങി 23 ഇന സാധനങ്ങളുമായി ലോറി ആലപ്പുഴയിലേക്കാണ് അയച്ചത്. സേവാഭാരതി മുഖേന സാധനങ്ങല്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹരി നായര്‍ പറഞ്ഞു

Birthday celebration of Fr. John Thomas

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് കൊയർ പ്രസിഡന്റ് റവ.ഫാ .ജോൺ തോമസിന്റെ 70 -ആം ജന്മദിനം cherylyne St Gregorios ഓർത്തഡോൿസ് പള്ളിയിൽ വെച്ച് ആഘോഷിച്ചു . ന്യൂയോർക്കിലെ ബ്രൂക്‌ലിൻ , ക്യുഎൻസ് , ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള 10 പള്ളികളിലെ അറുപതിലധികം അംഗങ്ങൾ അടങ്ങുന്നതാണ് കൗൺസിൽ കൊയർ.കൗൺസിൽ സെക്രട്രറി തോമസ് വര്ഗീസ് , ട്രസ്റ്റീ ഫിലിപ്പോസ് സാമുവേൽ , കൊയർമാസ്റ്റർ ജോസഫ് പാപ്പൻ, കോർഡിനേറ്റേഴ്‌സ് ആയിട്ടുള്ള മിനി കോശി , ഫെനു മോഹൻ എന്നിവർ തുടക്കം മുതൽ ഇന്നുവരെ ഈ പ്രസ്ഥാനത്തിന്റെ അഭിവ്യദ്ധിക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട അച്ഛന് ജന്മദിനത്തിന്റെ എല്ലാ ആശംസകളും നേർന്നുകൊണ്ട് പ്രസംഗിച്ചു .

പല പ്രതിസന്ധികൾ ജീവിതത്തിൽ വന്നെങ്കിലും , തളരാതെ മുൻപോട്ടു പോകുവാൻ ദൈവത്തിന്റെ അദൃശ്യമായ കരം എപ്പോഴും കൂടെയുണ്ടെന്നും ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇത്രത്തോളം മുൻപോട്ടു പോകുവാൻകഴിയുന്നതെന്നും മറുപടി പ്രസംഗത്തിൽ അച്ചൻ സൂചിപ്പിച്ചു

എന്റെ ശുശ്രൂഷയിൽ കൈത്താങ്ങായി ഒപ്പം നിൽക്കുന്നതു എന്റെ സ്നേഹനിധിയായ ഭാര്യയാണെന്ന് ബഹുമാനപ്പെട്ട കൊച്ചമ്മയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. കൊയറിന്റെ ആശംസാഗാനത്തിന് ശേഷം കേക്ക് മുറിച്ചു , പ്രാർത്ഥനക്കുശേഷം സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ അവസാനിച്ചു .