ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചിക്കാഗോ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14-നു സ്‌കോക്കിയിലെ മക് കോര്‍മിക് ബുളവാഡില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ്‌റീജിയന്‍ അംഗങ്ങള്‍ ആഘോഷിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു ഗാന്ധി എന്നും, എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു ലോക ജനതയ്ക്ക് കാട്ടിക്കൊടുത്തുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ നിന്നുകൊണ്ട് തേരുതെളിച്ച നേതാവായിരുന്നു ഗാന്ധി എന്നു പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കേവലം ഒരു രാഷ്ട്രീയ നേതാവിനെക്കാള്‍ ഒരു ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നതെന്ന് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു. തദവസരത്തില്‍ തോമസ് മാത്യു, ജോര്‍ജ് പണിക്കര്‍, തമ്പി മാത്യു, പോള്‍ പറമ്പി, ജോസി കുരിശിങ്കല്‍, മാത്യൂസ് തോമസ്, ഏബ്രഹാം ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു ചിക്കാഗോ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബാബു മാത്യുവിനേയും, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പണിക്കരേയും യോഗം അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ബാബു മാത്യുവിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

Share This Post