ഒന്‍പതര കോടി രൂപ സമാഹരിച്ചു; ഫണ്ട് ശേഖരണം അവസാനിപ്പിച്ചു

ചിക്കാഗോ: ചെറിയ മോഹവുമായി തുടങ്ങി വലിയ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോന്‍ പൂത്തുറയിലും ഫെയ്‌സ്ബുക്കിലെ ഫണ്ട് സമാഹരണം അവസാനിപ്പിച്ചു.

ഇന്ന് ഉച്ച വരെ 1,353,424 ഡോളര്‍ പിരിഞ്ഞു കിട്ടി. ഒന്‍പതര കോടി രൂപ. അഞ്ചര ദിവസം കൊണ്ട് ഇത്തരമൊരു നേട്ടം കൈവരിച്ച ചരിത്രം കുറഞ്ഞത് മലയാളികള്‍ക്കിടയിലെങ്കിലുമില്ല.

തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. സുതര്യതക്കും വിമര്‍ശനം ഒഴിവാക്കാനും അതായിരിക്കും നല്ലതെന്നു അരുണ്‍ പറഞ്ഞു. തുക വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണു സമാഹരണം അവസാനിപ്പിച്ചത്. ”സത്യത്തില്‍ ആകെയൊരു മാനസിക സമ്മര്‍ദ്ദമായിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത സ്ഥിതി. അതിനു പുറമെ പണം കിട്ടുന്നതും കൊടുക്കുന്നതും ടക്‌സും തുടങ്ങി വേറെയും നൂലമാലകള്‍,” അരുണ്‍ പറഞ്ഞു.

ഫണ്ട് സമഹരണം തുടങ്ങുമ്പോള്‍ പ്രതീക്ഷിച്ചതല്ല ഇതൊന്നും. ഇത്രയും തുക കിട്ടുമെന്നും കരുതിയതല്ല. തുക ലഭിക്കാനായി ഫെയ്‌സ്ബുക്കുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. തുകക്ക ടാക്‌സ് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. നോണ്‍ പ്രോഫിറ്റിന്റെ പേരില്‍ ആദ്യമെ തുടങ്ങിയെങ്കില്‍ ടാക്‌സ് വരില്ലായിരുന്നു. ഇത്രയും വലിയ ദുരന്തത്തിനുള്ള സഹായമെന്ന നിലയില്‍ ടാക്‌സ് ഒഴിവാക്കി നല്കാന്‍ ഫെയ്‌സ്ബുക്കും ശ്രമിക്കുന്നു.

ആറു ദിവസം മുന്‍പ് ഫണ്ട് ശേഖരണം തുടങ്ങുമ്പോള്‍ അരുണും അജോയും ആരും അറിയാത്ത സാധാരണ വ്യക്തികളായിരുന്നു. ആറു ദിവസം കൊണ്ട് ഇരുവര്‍ക്കും ഹീറൊയുടെ പരിവേഷം. അവരെ അറിയാത്തവരില്ലെന്നായി. എന്തായാലും നിനക്കാതെ വന്ന ഖ്യാതിയില്‍ ഇരുവര്‍ക്കും സന്തോഷം. വീട്ടുകാര്‍ക്കും സന്തോഷം.

അതിലും പ്രധാനം ഈ ദുരന്തത്തില്‍ ഇത്രയെങ്കിലും ചെയ്യാനായല്ലൊ എന്ന സംത്രുപ്തി.

ബിസിനസ് രംഗത്തും പ്രവര്‍ത്തിക്കുന എഞ്ചിനിയറായ അരുണിന്റെ പത്‌നിജനി. മൂന്നും ഒന്നും വയസുള്ള രണ്ടു പുത്രന്മാരുണ്ട്.

അവിവാഹിതനണ് അജോ.

Share This Post