നേരിട്ട് സഹായം എത്തിച്ച് മഹിമ

ന്യൂയോര്‍ക്ക്: പ്രളയം തീര്‍ത്ത സങ്കടക്കടല്‍ താണ്ടാന്‍ ശ്രമിക്കുന്ന കേരളത്തിന് ന്യുയോര്‍ക്കില്‍ നിന്ന് നേരിട്ട് സഹായവുമായി മലയാളി ഹിന്ദു മണ്ഡലം (മഹിമ). തിരുവന്തപുരത്തും പന്തളത്തും പ്രവര്‍ത്തിക്കുന്ന സേവാഭാരതി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മഹിമ പ്രസിഡന്റ് രഘു നായര്‍ നേരിട്ടെത്തി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍, മരുന്ന്, ശുചീകരണ സാധനങ്ങള്‍, തുണി തുടങ്ങിയവ കൈമാറി.

തിരുവന്തപുരത്ത് കോട്ടയക്കകം സ്‌കുളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് മഹിമ പ്രസിഡന്റ് രഘു പി നായരില്‍ നിന്ന് സാധനങ്ങള്‍ ഏറ്റു വാങ്ങി. ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, സേവാഭാരതി പ്രവര്‍ത്തകരായ ദേവീദാസ്, ഷാജു ശ്രീകണ്ഠേശ്വരം, ജയകുമാര്‍, ബാലമുരളി, പി സുനില്‍കുമാര്‍, അഡ്വ. ഗീത എന്നിവര്‍ സന്നിഹിതരായിരുന്നു.
മഹിമ നല്‍കിയ സാധനങ്ങള്‍ ഉടന്‍ തന്നെ മാന്നാറിലെ പ്രധാന സംഭരണകേന്ദ്രത്തിലേക്ക് മാറ്റി. സാധനങ്ങള്‍ കയറ്റിയ വാഹനം നാളികേരം ഉടച്ചശേഷം രഘുനായര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

മഹിമയുടെ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ഗടുവാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് രഘു പി നായര്‍ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത കെടുതിയാണ് ഉണ്ടായത്. അതുപോലെ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളും വാര്‍ത്തകള്‍ക്ക് വിവരിക്കാനാവാത്തതാണ്. വളരെ ചിട്ടയോടെ സേവാഭാരതി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബോധ്യപ്പെട്ടതിനാലാണ് അവര്‍ മുഖേന സഹായം എത്തിക്കുന്നതെന്നും രഘു പി നായര്‍ പറഞ്ഞു. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ സുനാമി ഉണ്ടായപ്പോള്‍ സേവാഭാരതി മുഖേന വീടു നിര്‍മ്മിച്ചു നല്‍കാന്‍ ധനസഹായം ചെയ്ത സംഘടനയാണ് മഹിമ. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോഴത്തെ സഹായത്തെ കാണുന്നതെന്ന് പി ശ്രീകുമാര്‍ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി സഹായ വാഗ്ദാനങ്ങള്‍ ഉണ്ട്. വീദേശത്തുനിന്ന നേരിട്ടെത്തി പ്രവര്‍ത്തനങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് പറഞ്ഞു.

സേവാഭാരതി തിരുവന്തപുരത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേവീദാസ് വിവരിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തുനിന്ന സാധനങ്ങള്‍ കയറ്റി അയയ്ക്കുന്ന 32-മത് വാഹനമാണ് രഘുനായര്‍ ഫ്ഷാഗ് ഓഫി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹിമ പദ്ധതി ഇട്ടിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി ജനറല്‍ സെക്രട്ടറി സുരേഷ് ഷണ്‍മുഖം അറിയിച്ചു. ഓണാഘോഷത്തിനു പകരം ദുരിതാശ്വാസ നിധി ശേഖരണവും സെപ്റ്റമ്പര്‍ 9 ന് ക്യൂന്‍സ് ഗ്‌ളന്‍ ഓക്‌സ് സ്‌ക്കൂളില്‍ പ്രാര്‍ത്ഥനാ സത്‌സംഗം നടത്തുമെന്നും സുരേഷ് പറഞ്ഞു.

പി ശ്രീകുമാര്‍

Share This Post