‘നന്മ’യുടെ വെള്ളപൊക്ക ദുരിതാശ്വാസം: ആദ്യഗഡു 23 ന് മലപ്പുറത്ത് വെച്ച്

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി കൂട്ടായ്മകള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളും നേരിട്ടുള്ള പ്രചാരണങ്ങളിലൂടെയുമായി നാടിനു കൈത്താങ്ങായി മാറുന്നു. ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘നന്മ’ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള ഏകോപിക്കാന്‍ പ്രത്യേക ആക്ഷന്‍ ഫോറങ്ങള്‍ രൂപീകരിക്കുകയും ലോഞ്ച്ഗുഡ് എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴി ഒരു ലക്ഷത്തിലധികം ഡോളര്‍ (ഒരു കോടിയോളം രൂപ) സമാഹരിക്കുകയും ചെയ്തു .

ഇതില്‍ ആദ്യ ഘടു ഈ വരുന്ന 23 ന് വ്യാഴാഴ്ച മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ‘നന്മ’ ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 4.45ന് മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍ നന്മയുടെ സഹായം ഏറ്റു വാങ്ങും. ജനപ്രതിനിധികളും, സാമൂഹ്യ രാഷ്ട്രീയ നായകരും ചടങ്ങില്‍ പങ്കെടുക്കും.

ദുരിത ബാധിതരെ സഹായിക്കാന്‍ വേണ്ടി ഫ്‌ളോറിഡയിലുള്ള ഡോ .മൊയ്ദീന്‍ മൂപ്പന്‍ എഴുപതിനായിരം ഡോളറാണ് (50 ലക്ഷം രൂപ)നല്കാമെന്നേറ്റത്. അമേരിക്കയില്‍ നന്മയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ https://www.launchgood.com/Kerala എന്ന സൈറ്റ് വഴി ബന്ധപ്പെടണം. വിവിധ സ്‌റ്റേറ്റുകളിലെയും സിറ്റികളിലെയും മലയാളി കൂട്ടായ്മകള്‍ ഓണം ഈദ് പരിപാടികള്‍ മാറ്റിവെച്ചും , വെട്ടിച്ചുരുക്കിയും ഇത്തവണ നാടിനു വേണ്ടി ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓണം ഈദ് ആഘോഷങ്ങള്‍ നാടിന്‍റെ ദുരിതക്കണ്ണീരൊപ്പാന്‍ ദുരിതാശ്വാസആഘോഷങ്ങളാക്കി മാറ്റുക വഴി അമേരിക്കന്‍ മലയാളികള്‍ പ്രവാസ ലോകത്തിനു അഭിമാനമായി മാറുകയാണ് ..

ഈ സന്ദര്‍ഭത്തില്‍ ‘നന്മ’ സംഘടിപ്പിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഈ എളിയ ഉപഹാര സമര്‍പ്പണ പരിപാടിയില്‍ സംബന്ധിക്കാന്‍ താങ്കളെ സാദരം ക്ഷണിക്കുന്നു.

യു.എ.നസീര്‍
പ്രസിഡണ്ട്, നന്മ

Share This Post