മഴക്കെടുതിയില്‍ എന്‍.എസ്സ് .എസ്സ് കാലിഫോര്‍ണിയയുടെ സഹായ ഹസ്തം

സാന്റാ ക്ലാര, കാലിഫോര്‍ണിയ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നായര്‍ സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആദ്യ ഗഡുവായി മൂന്നര ലക്ഷം രൂപയുടെ അവശ്യ സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പള്ളിപ്പുറം ഗവണ്മെന്റ് എല്‍ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വില്ലേജ് ഓഫീസര്‍ക്ക് കൈമാറി എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ പ്രെസിഡണ്ട് സ്മിത നായര്‍ നിര്‍വഹിച്ചു. വില്ലേജ് ഓഫീസറോടൊപ്പം തിരുവനതപുരം ജില്ല പഞ്ചായത്ത് മെമ്പര്‍ ജലീല്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് , പഞ്ചായത്ത് മെമ്പര്‍മാരായ വിജയ കുമാര്‍, പ്രദീപ് കൃഷ്ണന്‍, രമേശന്‍ എന്നിവരും സാധനങ്ങള്‍ ഏറ്റുവാങ്ങി. റിട്ടയേര്‍ഡ് റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ എസ്സ് എസ്സ് നായര്‍, പള്ളിപ്പുറം രാമചന്ദ്രന്‍, അഡ്വ. ചന്ദ്രചൂഡന്‍ എന്നിവരും സന്നിഹിതരായിരുന്നു. ദുരിതാശ്വാസ കേന്ദ്രത്തിലെ ഇരുന്നൂറോളം വരുന്ന അന്തേവാസികളുമായി അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് സ്മിത നായര്‍ വിശദമായി ചോദിച്ചറിയുകയും അവിടത്തെ ഭാരവാഹികളുടെ ആത്മാര്‍ത്ഥതയെയും കരുതലിനെയും അഭിനന്ദിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ തുടര്‍ന്നും കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു.

ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, കരിച്ചാറ ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവിടെയും കോട്ടയം നഗരത്തിലെ പത്തോളം സ്ഥലത്തെയും ക്യാമ്പുകളും എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ പ്രതിനിധികര്‍ സന്ദര്‍ശനം നടത്തുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുകയും ചെയ്തു. എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ ബോര്‍ഡ് മെമ്പര്‍ മധു മുകുന്ദനാണ് ആലപ്പുഴ ജില്ലയിലെ വിതരണങ്ങള്‍ ഏകോപിപ്പിച്ചത്. കോട്ടയത്ത് നിന്നുള്ള അമേരിക്കന്‍ പ്രവാസികളായ സെക്രട്ടറി ജയ പ്രദീപും ജോയിന്റ് സെക്രട്ടറി അരവിന്ദ് നായരുമാണ് കോട്ടയം ജില്ലയിലെ വിതരണ പദ്ധതികള്‍ തയാക്കിയത്.

എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയ കേരളത്തിലെ ദുരിതാശ്വാസത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത എല്ലാവര്‍ക്കും എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായ രാജേഷ് നായര്‍ നന്ദി അറിയിച്ചു. ദുരിതാശ്വാസ സഹായ വിതരണത്തിന്റെ ആദ്യ ദിനത്തില്‍ത്തന്നെ ഒന്നര ലക്ഷത്തിലധികം വിലയ്ക്കുള്ള അവശ്യ സാധനങ്ങള്‍ പല ക്യാമ്പുകളിലായി വിതരണം ചെയ്യാന്‍ സാധിച്ചതില്‍ അങ്ങേയറ്റം കൃതാര്‍ത്ഥതയുണ്ടെന്നും തുടര്‍ന്നുള്ള ദിനങ്ങളിലും ഇതിലും കൂടുതല്‍ സഹായം എത്തിക്കുമെന്ന് എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ ഭാരവാഹികള്‍ അറിയിച്ചു.

എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തരാന്‍ താല്പര്യമുള്ളവര്‍ ദയവായി finance@nairs.org എന്ന അക്കൗണ്ടിലേക്ക് paypal വഴി അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഞങ്ങള്‍ ആ തുക മുഴുവനായി സഹായം അത്യാവശ്യമായ ആളുകള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

Share This Post