മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഡാളസില്‍

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 Dennis Lane, Farmers Branch, Texas 75234) വെച്ച് നടത്തുന്നു.

“ദാഹിക്കുന്നവന് ഞാന്‍ ജീവനീരുറവില്‍ നിന്ന് സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനുമായിരിക്കും. (വെളിപ്പാട് 21: 6, 7 ) എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പഠന ക്‌ളാസുകളും ധ്യാനങ്ങളൂം പ്രബന്ധങ്ങളും വിവിധ സമയങ്ങളില്‍ അവതരിക്കപ്പെടും. സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോക്ടര്‍ സക്കറിയസ് മാര്‍ അപ്രേം, റെവ. ഫാദര്‍. ഡോക്ടര്‍ തിമോത്തി തോമസ് (ടെനി അച്ചന്‍ ), റെവ. ഫാദര്‍. ജോര്‍ജ് പൗലോസ് (താമ്പാ, ഫ്‌ളോറിഡ) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഡാളസ് മേഖലയിലെ എല്ലാ ഇടവകകളുടെയും മര്‍ത്ത മറിയം സമാജ അംഗങ്ങള്‍ സംയുക്തമായി നടത്തുന്ന ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും. ക്രൈസ്തവ പാരമ്പര്യത്തില്‍ അടിസ്ഥാനമായുള്ള കലാപരിപാടികളും അവതരിക്കപ്പെടും. 28 വെള്ളിയാഴ്ച രാവിലെ വര്‍ണ്ണശബളമായ ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന സമ്മേളനത്തിന് ഡാളസ് മേഖലയിലെ എല്ലാ ഇടവകകളും സംയുക്തമായി ആതിഥ്യം വഹിക്കുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി പത്തോളം കമ്മറ്റികള്‍ ഡാളസിലെ വൈദികരുടെയും സമാജം അംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും മുന്നൂറ്റന്പത് പ്രതിനിധികള്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രതിനിധികളുടെ രെജിസ്‌ട്രേഷന്‍ എല്ലാ ഇടവകകളിലും ആരംഭിച്ചതായും സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായും ഡാളസ് റീജിയന്‍ സെക്രട്ടറിയും കോണ്‍ഫ്രന്‍സ് കണ്‍വീനറുമായ മെറി മാത്യു അറിയിച്ചു. വിശുദ്ധ വേദപുസ്തകവും, പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും പഠിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനാ പൂര്‍ണമായ സഹകരണം കമ്മറ്റി അംഗങ്ങള്‍ ആവശ്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാദര്‍. രാജു ഡാനിയേല്‍ 2144766584, മെറി മാത്യു 9727502765, സൂസന്‍ തമ്പാന്‍ 4695835931, ശാന്തമ്മ മാത്യു 7147731418.

ജോയിച്ചന്‍ പുതുക്കുളം

Share This Post