മനോജ് ജോണ്‍ (49) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: മൂന്നര പതിറ്റാണ്ടായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ മേഖലകളില്‍ നിറസാന്നിധ്യമായ മനോജ് ജോണ്‍ (49) ന്യൂജേഴ്‌സിയില്‍ നിര്യാതനായി കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ കുടുംബാംഗമാണ്. കോട്ടയം ഒറവയ്ക്കല്‍ ചെന്നിക്കര കുടുംബാംഗമായ ബിനിമോള്‍ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ജെഫി, സച്ചിന്‍, റോഹന്‍ എന്നിവരാമ് മക്കള്‍. എട്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്ന മനോജ് ജോണ്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

സാമൂഹ്യ രംഗത്തും എക്യൂമെനിക്കല്‍ രംഗത്തും പ്രവര്‍ത്തനസജ്ജമായി മുമ്പന്തിയിലുണ്ടായിരുന്ന മനോജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ എക്കാലത്തേയും സജീവ പ്രവര്‍ത്തകനായിരുന്നു. മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, മലങ്കര ദീപം ചീഫ് എഡിറ്റര്‍, സത്യവിശ്വാസ സംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ നിലകളില്‍ സഭയേയും ഭദ്രാസനത്തേയും ആത്മാര്‍ത്ഥമായി സേവിച്ച അദ്ദേഹം ഏതാനും നാളുകളായി അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. രോഗാവസ്ഥയില്‍ തളരാതെ പ്രത്യാശയോടെ ദൈവ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അനേകര്‍ക്ക് മാതൃകയാകാന്‍ കഴിഞ്ഞ മനോജിന്റെ വേര്‍പാട് അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.

കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ പരേതരായ ജോണ്‍ – അക്കമ്മ ദമ്പതികളുടെ ഏക പുത്രനായ മനോജിന്റെ സഹോദരിമാര്‍ മറിയാമ്മ, ശാന്തമ്മ, മോളി (മൂവരും കോട്ടയം), കുഞ്ഞുമോള്‍ (ന്യൂജേഴ്‌സി), ആലീസ് (ന്യൂജേഴ്‌സി), രമ (ന്യൂജേഴ്‌സി), റെഞ്ചി (ടാമ്പ, ഫ്‌ളോറിഡ) എന്നിവരാണ്.

ഫ്രാങ്കോ, എം.സി മത്തായി, ലാലു കുര്യാക്കോസ്, ബാബു വര്‍ഗീസ്, തോമസ് വലിയവീടന്‍സ് എന്നിവര്‍ അമേരിക്കയിലുള്ള സഹോദരീ ഭര്‍ത്താക്കന്മാരാണ്. അനിമോള്‍ ഭാര്യാ സഹോദരിയും, ജോണ്‍ വര്‍ഗീസ് (ഷിബു, ന്യൂജേഴ്‌സി) സഹോദരീഭര്‍ത്താവുമാണ്.

സംസ്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post