മലയാളി അസോസിയേഷന്‍ ഓഫ് ലൂയിവില്‍ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം നല്‍കും

ലൂയിവില്‍, കെന്റക്കി: നൂറുകണക്കിന് ആളുകളുടെ ജീവനും, കോടികളുടെ നഷ്ടവും വിതച്ച കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലൂയിവില്‍ (എം.എ.എല്‍.എ.യു) തീരുമാനിച്ചു. നൂറ്റമ്പതോളം അംഗങ്ങള്‍ മാത്രമുള്ള താരതമ്യേന ചെറിയ സംഘടന ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എണ്‍പതുകളുടെ ആദ്യ കാലഘട്ടത്തില്‍ ലൂയിവില്ലിലേക്ക് കുടിയേറിയ മലയാളികള്‍ തുടങ്ങിയ ഈ സംഘടന തൊണ്ണൂറുകളില്‍ വന്ന കംപ്യൂട്ടര്‍ പ്രൊഫണലുകളുടേയും, രണ്ടായിരത്തില്‍ വന്ന മെഡിക്കല്‍ പ്രൊഫണല്‍സിന്റേയും അംഗബലംകൊണ്ട് ശക്തിപ്രാപിക്കുകയായിരുന്നു.

2018-ലെ ഓണാഘോഷ പരിപാടികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് സ്വരൂപിക്കാനായി രാജി രാജന്‍, ഷൈനി ജോസ്, മുരളി ശ്രീധരന്‍, മുരളി തീക്കൂട്ട്, ബിന സജി എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഈ പരിപാടി ഓഗസ്റ്റ് 18-നു ഫാ. ജോണ്‍ പുത്തേഴത്തുപറമ്പില്‍ ലൂയിവില്ലിലെ ഹൈറ്റ് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ഇതിലൂടെ അഞ്ചു ലക്ഷം രൂപ സമാഹരിക്കാന്‍ അസോസിയേഷന് സാധിച്ചു. ഈ ഫണ്ടിലേക്ക് ഇനിയും തുക സമാഹരിക്കാന്‍ ലൂയിവില്ലിലെ മറ്റു സംഘടനകളുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കുവാന്‍ താത്പര്യമുള്ളവര്‍ leadmalon@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

Share This Post