ലോകോത്തര നിലവാരം പുലര്‍ത്തുന്ന മലയാള ഭാഷ: ഡോ: ഡൊണാള്‍ഡ് ഡേവിസ്

ഹൂസ്റ്റണ്‍: മലയാള ഭാഷ പഠിക്കുന്ന ഒരു വിദ്ധ്യാര്‍ത്ഥിക്ക് ലോകോത്തര നിലവാരം പുലര്‍ത്താന്‍ കഴിയും എന്ന് ഡോ: ഡൊണാള്‍ഡ് ഡേവിസ് അഭിപ്രായപ്പെട്ടു. മലയാള ഭാഷാ പഠനത്തിലൂടെ പുതിയതും സുന്ദരവും ആയ ലോകം തന്നെയാണ് ലഭിക്കുന്നത്. അത്രമാത്രം ഈടുറ്റ ലേഖനങ്ങളും,കവിതകളും ഗ്രന്ഥങ്ങളും മലയാള ഭാഷയ്ക്ക് അവകാശപ്പെടുവാന്‍ ഉണ്ട്.

ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന മലയാളം സ്കൂളിന്റെ പത്താമത് വാര്‍ഷികം ഉത്ഘാടന പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ഡോ: ഡൊണാള്‍ഡ് ഡേവിസ് മലയാള ഭാഷ പഠിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ന് ചോദിക്കുന്നവരാണ് മലയാളികളില്‍ അധികം പേരും. അത് ശരിയല്ല. ധാരാളം പ്രഗല്‍ഭന്‍മാര്‍ മലയാളം അറിയാവുന്നവര്‍ ആയിരുന്നു. അവര്‍ ലോകത്തിനു നല്‍കിയ സംഭാവന ചെറുതല്ല . ഹൊവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംസ്കൃതം പഠിച്ച ഡോ. ഡേവിസ് മലയാള ഭാഷയില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഇദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസസ്, ഓസ്റ്റിനിലെ സംസ്കൃത അദ്ധ്യാപകനാണ്.

സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ റവ.ഫാ. നെ എസക്ക് ബി. പ്രകാശ്, ബിന്‍സി ജേക്കബ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

കൂടുതല്‍ സാമൂഹിക സംഘടനകള്‍, ആരാധനാലയങ്ങള്‍ ഒക്കെ മുന്‍കൈ എടുത്ത് മലയാള ഭാഷയുടെ ആവശ്യകതയും അതിനു വേണ്ട പ്രചാരണം നടത്തണം എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ശ്രീമതി സൂസന്‍ വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിക്കുകയുണ്ടായി . സ്കൂള്‍ കുട്ടികളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പൊതുസമ്മേളനത്തില്‍ സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജെസി സാബു കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുക ഉണ്ടായി. തുടര്‍ച്ചയായി പത്തുവര്‍ഷം സേവനം അനുഷ്ഠിച്ചതിന് സൂസന്‍ വര്‍ഗ്ഗീസ്, ജെസി സാബു എന്നിവരെ യോഗം പ്രത്യേകം അനുമോദിക്കുകയുണ്ടായി.

നാല്‍പ്പത്തി എട്ടോളം വോളന്റിയേഴ്‌സ് രണ്ടായിരത്തില്‍പരം മണിക്കൂറുകള്‍ ചിലവഴിച്ച് 300ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ പ0നത്തിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത വോളണ്ടിയേഴ്‌സ് നേയും യോഗം മുക്തകണ്ഠം പ്രശംസിച്ചു.

മലയാള ഭാഷ വൈദഗ്ദ്ധ്യം പുലര്‍ത്തുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ തദവസരത്തില്‍ നടത്തുകയുണ്ടായി.

വിവിധ ക്ലാസുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കും കലാമല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള മെഡലുകള്‍ വിതരണം ചെയ്തു. ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഏറിയായിലെ നാല്പത്തി എട്ടു സ്കൂളുകളില്‍ നിന്നായി ഹൈസ്കൂള്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമന്റോയും മുഖ്യാതിഥി നല്‍കുകയുണ്ടായി. ജനറല്‍ കണ്‍വീനര്‍ ഷെര്‍വിന്‍ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ആഷ്‌ലി സാബു കൃതജ്ഞതയും അറിയിച്ചു. കേരളീയ പശ്ചാത്തലത്തില്‍ ഒരുക്കിയ വേദിയും, സദസും, പരിപാടികളും, ലഘുഭക്ഷണവും പങ്കെടുത്തവരില്‍ ഗൃഹാതുരത്വം ഉളവാക്കി.

ജോയിച്ചന്‍ പുതുക്കുളം

Share This Post