കേരള ജനതയ്‌ക്കൊപ്പം ബാള്‍ട്ടിമൂര്‍ കൈരളിയും

ബാള്‍ട്ടിമൂര്‍: ഓഗസ്റ്റ് 18-ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടി, കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണ സമ്മേളനമായി നടത്തുവാന്‍ ബാള്‍ട്ടിമൂറിലെ കൈരളി എന്ന മലയാളി സംഘടന തീരുമാനിച്ചു.

ഇരുപത്തിഅയ്യായിരം ഡോളര്‍ (17 ലക്ഷം രൂപ) സമാഹരിച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കുവാനാണ് ശ്രമിക്കുന്നത്. 300 കുടുംബാംഗങ്ങള്‍ മാത്രമുള്ള ഈ സംഘടനയ്ക്ക് ഇത്രയും തുക സ്വരൂപിക്കാനായാല്‍ അത് പ്രശംസനീയമായ ഒരു സഹായമായിരിക്കും.

ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള കുറെ ചിലവുകള്‍ വെട്ടിച്ചുരുക്കുകയും അത്യാവശ്യമില്ലാത്ത ആഘോഷങ്ങളും ആഢംബരങ്ങളും ഒഴിവാക്കുകയും ചെയ്യുകവഴി നല്ല ഒരു തുക മിച്ചമെടുക്കുവാന്‍ സാധിക്കും. അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവനകളിലൂടെ ഗണ്യമായ ഒരു തുകയും സമാഹരിക്കാന്‍ ശ്രമിക്കുകയാണ്.

ഓണാഘോഷ പരിപാടികള്‍ ലളിതമാക്കിയിട്ടുണ്ടെങ്കിലും എല്ലാ അംഗങ്ങളും 18-ന് ഹോവാര്‍ഡ് ഹൈസ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കണമെന്നും പരമാവധി സംഭാവന നല്‍കി നമ്മുടെ കൊച്ചുകേരളത്തിന്റെ മനോഹര ജീവിതം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post