കേന്ദ്ര / കേരള സർക്കാരുകൾ പ്രവാസികളെ കൊള്ളയടിക്കുന്നു – പ്രവാസി കോൺഗ്രസ്സ്

കാസറഗോഡ് : പ്രവാസികൾ മണലാരണ്യത്തിൽ ചോര നീരാക്കി സമ്പാദിക്കുന്ന പണം മോഹന വാഗ്ദാനങ്ങളും പരസ്യങ്ങളും നൽകി കൃത്യമായ ഉറപ്പോ, മെച്ചമോ ഇല്ലാത്ത പദ്ധതികൾ പെരുപ്പിച്ച് കാണിക്കുന്നത് കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് പ്രവാസി കോൺഗ്രസ്സ്.

പ്രവാസികളുടെ പണം ചെലവഴിപ്പിക്കാനുള്ള പദ്ധതികളല്ലാതെ സാധാരണ പ്രവാസികൾക്ക് ഉപകാരമാവുന്ന ഒരു പദ്ധതി പോലും എൽ ഡി എഫ് സർക്കാർ ഭരണത്തിലേറിയതിനു ശേഷം നടപ്പിലാക്കാത്തത് ഈ സർക്കാരിന്റെ പ്രവാസിവിരുദ്ധതയുടെ മകുടോദാഹരണമാണെന്നും, ചികിത്സാ സഹായം, മരണാനന്തര സഹായമടക്കം നിലവിലുള്ള പ്രവാസി സംബന്ധമായ ആയിരകണക്കിന് അപേക്ഷകൾ മാസങ്ങളായിട്ടും തീർപ്പാക്കാതെ, പ്രവാസി മുതലാളിമാരെ മാത്രം പ്രീതിപ്പെടുത്തുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്ന വിവേചനപരവും, വഞ്ചനാപരവുമായ നിലപാട് തുടരാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അതിശക്തമായ ജനകീയ സമരത്തിന് പ്രവാസി കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നും പ്രവാസി കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.

വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആറു മാസത്തെ ശമ്പളം കേരള സർക്കാർ നൽകുമെന്ന് രണ്ട് വർഷം മുമ്പ് ദുബായിൽ വെച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും പത്മരാജൻ പറഞ്ഞു.

ക്ഷേമനിധി പെൻഷൻ തുക അയ്യായിരം രൂപയാക്കി വർദ്ധിപ്പിച്ചെന്ന വ്യാജ പ്രചാരണം നിർത്തി പെൻഷൻ തുക അടിയന്തിരമായി അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, പ്രവാസി ക്ഷേമ നിധിയിൽ അംഗമാവുന്നവരെയെല്ലാം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, നിർത്തി വെച്ച സ്വയം തൊഴിൽ വായ്പാ പദ്ധതി പലിശതോത് കുറച്ച് പുനരാരംഭിക്കണമെന്നും, താത്ക്കാലിക നിയമനങ്ങൾക്ക് തിരിച്ചു വന്ന പ്രവാസികൾക്ക് മുൻഗണന നൽകണമെന്നും ജില്ലാ നേതൃത്വ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഘടകകക്ഷിയുമായുള്ള പോര് അവസാനിപ്പിച്ച് നാഥനില്ലാത്ത കാസറഗോഡ് ജില്ലയ്ക്ക് കളക്ടറെ നിയമിക്കാൻ കരുണയുണ്ടാകണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ നാം ഹനീഫ, ജമീല അഹമ്മദ്, സിജോ ചാമക്കാല, എം പി എം ഷാഫി, കണ്ണൻ കരുവാക്കോട്, നിധീഷ് കാഞ്ഞങ്ങാട് സൗത്ത്, സി.എച്ച് രാഘവൻ, പ്രമോദ് പെരിയ, ജോർജ് കടുമേനി തുടങ്ങിയവർ സംസാരിച്ചു.

Share This Post