ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു 10 ന് തിരശീല ഉയരും; സെന്റ് അൽഫോൻസാ ഒരുങ്ങി

കൊപ്പേൽ (ടെക്‌സാസ്) : ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് – ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് (ഐപിഎസ്എഫ് – 2018) കായിക മാമാങ്കത്തിനു ആതിഥേയരായ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക ഒരുങ്ങി. ഒരുക്കങ്ങൾ പൂർത്തിയായതായി ഇവന്റ് ചെയർമാൻ ഫാ. ജോൺസ്റ്റി തച്ചാറ, ഇവന്റ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ ശങ്കൂരിക്കൽ എന്നിവർ അറിയിച്ചു.

ആഗസ്ത് 10 , 11 , 12 (വെള്ളി, ശനി, ഞായർ ) തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. ഉദ്ഘാടന ദിവസം വെളിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ രജിസ്ട്രഷനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ദിനത്തെ ഗെയിംസുകളും ഉദ്ഘാടന പരിപാടികളും കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S. Heartz Rd, Coppell, TX) നടക്കും. ശനി, ഞായർ ദിവസങ്ങളിലുള്ള മത്സരങ്ങളും ഞായറാഴ്ചത്തെ സമാപന ചടങ്ങുകൾക്കും ഫ്രിസ്കോയിലുള്ള ഫീൽഡ് ഹൌസ് യുഎസ്എ ഇൻഡോർ സ്പോർട്സ് കോമ്പ്ലെകസാണ് (6155 Sports Village Rd, Frisco, TX 75033) വേദിയാവുക. മത്സരങ്ങൾക്കുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി സംഘാടക സമിതി അറിയിച്ചു.

സതേൺ റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മക്കും സാക്ഷ്യം വഹിക്കുന്ന ഈ കായിക മേളയിൽ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക്കൊപ്പം, ഗാര്‍ലാൻറ് സെന്റ് തോമസ് ഫൊറോന , ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേർലാൻഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി, സാന്‍അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ എന്നീ ഇടവകകളും പങ്കുചേരും.

റീജണിലെ ഇടവകകങ്ങളിൽ നിന്നു പ്രാഥമിക റൗണ്ടിൽ പങ്കെടുത്തു വിജയികളായവരാണ് പാരീഷ് ഫെസ്റ്റിലെ അവസാന റൗണ്ടിൽ നടക്കുന്ന ഈ കലാശപോരാട്ടത്തിൽ മാറ്റുരക്കാനെത്തുന്നത്. വിവിധ ഇടവകളിൽ നിന്നുള്ള സ്പോർട്സ് കോർഡിനേറ്ററുമാരും, ആതിഥേയരായ സെന്റ് അൽഫോൻസാ ഇടവകയിലെ നൂറോളം പേരടങ്ങുന്ന സബ് കമ്മറ്റി അംഗങ്ങളും ഫെസ്റ്റിന് ചുക്കാൻ പിടിക്കുന്നു.

വനിതകൾക്കും പുരുഷന്മാർക്കുമായി സീനിയേർഴ്സ് , അഡൾറ്റ് , യൂത്ത്‌ , ഹൈസ്‌കൂൾ, മിഡിൽ സ്‌കൂൾ , ഇലമെന്ററി എന്നീ ആറ് കാറ്റഗറികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് , സോക്കർ, ബാസ്കറ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി ഉൾപ്പെടെയുള്ള വിവിധ മത്സര ഇനങ്ങൾ നടക്കുമ്പോൾ ആവേശം തീപാറുമെന്നുറപ്പ്. ക്രിക്കറ്റ് ടൂർണമെന്റ് നേരത്തെ പൂർത്തിയായിരുന്നു. മൂന്ന് ദിവസങ്ങളിലും നാടൻ വിഭങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണമേളയും വേദിയിൽ ഒരുങ്ങും.

വെബ്സൈറ്റ്: https://www.ipsfcoppell2018.net/

മാർട്ടിൻ വിലങ്ങോലിൽ

Share This Post