ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് സമാപിച്ചു. കോപ്പേൽ സെന്റ് അൽഫോൻസാ ചാമ്പ്യന്മാർ

ടെക്‌സാസ് : ഡാലസിൽ നടന്ന ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് (IPSF 2018) ,സ്‌പോൺസേർഡ് ബൈ ഡാലസ് മച്ചാൻസ് ബിസിനസ് ഗ്രൂപ്പ് കായികമേളക്ക് തിരശീല വീണപ്പോൾ 170 പോയിന്റ്‌ നേടിയ കൊപ്പേൽ സെന്റ്. അൽഫോൻസാ ഡിവിഷൻ എ യിൽ, മൂന്നാം തവണയും ഓവറോൾ ചാമ്പ്യരായി. ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ 115 പോയിന്റ് നേടി രണ്ടാമതെത്തി. ആവേശകരമായ നിരവധി കായിക മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട ഫെസ്റ്റ് സമാപിച്ചത്.

ഡിവിഷൻ ബി യിൽ, സാൻ അന്റോണിയോ സെന്റ് തോമസ് പാരീഷ് (37 .5 പോയിന്റ്) , ഓസ്റ്റിൻ സെന്റ് അൽഫോൻസാ (30 പോയിന്റ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. യുവജനങ്ങളുടെ വൻപ്രാതിനിധ്യം ഇത്തവണത്തെ ഫെസ്റ്റിനെ ശ്രദ്ദേയമാക്കി.

കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10 ,11 ,12 തീയതികളിലായിരുന്നു ടെക്‌സാസ് – ഒക്ലഹോമ റീജണിലെ എട്ടു സീറോ മലബാർ ഇടവകകൾ സംഗമിച്ച വൻ കായികമേള നടന്നത്.

ആഗസ്റ്റ് 10 വെള്ളി വൈകുന്നേരം കൊപ്പേൽ സെന്റ് അൽഫോൻസാ ഹാളിൽ നടന്ന ചടങ്ങിൽ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് തിരിതെളിച്ചു ഐപിഎസ്എഫ് 2018 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഫ്രിസ്കോയിലുള്ള ഫീൽഡ് ഹൌസ് യുഎസ്എ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് , കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയം എന്നിവടങ്ങളിലെ 14 വേദികളിലായി 500 ൽ പരം മത്സരങ്ങൾ മൂന്ന് ദിവസം കൊണ്ട് പൂർത്തീകരിച്ചപ്പോൾ രൂപതയിലെ തന്നെ വലിയ കായിക വേദിക്കാണ് സാക്ഷ്യം വഹിച്ചത്.

സോക്കർ മുതൽ ബാസ്കറ്റ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി , ക്രിക്കറ്റ് വരെയുള്ള കായിക ഇനങ്ങളിൾ രണ്ടായിത്തില്പരം മത്സരാർഥികൾ സീനിയേർഴ്സ് , അഡൾറ്റ് , യൂത്ത്‌ , ഹൈസ്‌കൂൾ, മിഡിൽ സ്‌കൂൾ , ഇലമെന്ററി എന്നീ വിഭാഗങ്ങളിലായി മത്സരിച്ചു. മിക്ക മത്സരങ്ങളിലും ആവേശം വാനോളമുയർന്നു. ഗ്യാലറികളിൽ നീണ്ടുയർന്ന നിലക്കാത്ത കരഘോഷവും വാദ്യമേളവും വേദികളെ ഉത്സവാന്തരീക്ഷമാക്കി.

ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് വൻ വിജയമാക്കിയ കൊപ്പേൽ സെന്റ് അല്ഫോൻസായെ പിതാവ് പ്രത്യകം അഭിനന്ദിച്ചു. റീജണിലെ യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തെ മാർ ജോയ് ആലപ്പാട്ട് പ്രത്യകം പ്രകീർത്തിച്ചു.

കൊപ്പേൽ സെന്റ് അൽഫോൻസാ വികാരി ഫാ ജോൺസ്റ്റി തച്ചാറ(ഫെസ്റ്റ് ചെയർമാൻ), ഫാ അലക്സ് വിരുതുകുളങ്ങര, ഫാ ജോഷി എളമ്പാശേരിൽ , ഫാ. വിൽസൺ ആന്റണി , ഫാ രാജീവ് വലിയവീട്ടിൽ, ഫാ. സിബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫിദാനം നിർവഹിച്ചു.

ഫെസ്റ്റ് വൻ വിജയമാക്കിയ ഇവന്റ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ ശങ്കൂരിക്കൽ, ഇടവക സ്പോർട്സ് കോർഡിനേറ്ററുമാരായ സിബി സെബാസ്റ്റ്യൻ കെന്റ് ചേന്നാട് , വിവിധ സബ് കമ്മറ്റികളിലായി സേവനമനുഷ്ഠിച്ച നൂറോളം സബ് കമ്മറ്റി അംഗങ്ങൾ, എന്നിവരുടെ സേവനത്തെയും ഫാ ജോൺസ്റ്റി തച്ചാറ പ്രത്യകം പ്രശംസിച്ചു. പോൾ സെബാസ്റ്റ്യൻ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി. വിവിധ ഇടവകളിൽ നിന്നെത്തി ഫെസ്റ്റ് മനോഹരമാക്കിയ കായികാർഥികൾക്കും കോഓർഡിനേറ്റർമാർക്കും ആദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ് (പ്രോഗ്രാം മാനേജർ) സെക്രട്ടറി ജെജു ജോസഫ് , എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ ഫണ്ട് റെയിസിംഗ് റാഫിളിന്റെ ഡ്രോയിങ്ങും ചടങ്ങിൽ നടന്നു. റോസ് ജൂവലേഴ്‌സ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം ജിൽസൺ മാത്യു നേടി.

ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ 2021 സ്പോർട്സ് ഫെസ്റ്റിനു ആഥിത്യമരുളും. കൊപ്പേൽ സെന്റ് അൽഫോൻസാ വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കോ ഓർഡിനേറ്റർ പോൾ സെബാസ്റ്റ്യൻ , സിബി സെബാസ്റ്റ്യൻ , കെന്റ് ചേന്നാട് എന്നിവരിൽ നിന്നും ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാക്കു വേണ്ടി ഫാ രാജീവ് വലിയവീട്ടിൽ IPSF ദീപശിഖ ഏറ്റു വാങ്ങി.

ഡാലസ് മച്ചാൻസ് ബിസിനസ് ഗ്രൂപ്പ് പരിപാടിയുടെ മെഗാ സ്പോൺസറും, സിഗ്മാ ടൂർസ് ആൻഡ് ട്രാവൽസ് ഇവന്റ് സ്പോൺസറും, ജോയ് ആലുക്കാസ് ഗ്രാന്റ് സ്പോൺസറും ആയിരുന്നു.

Share This Post