ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നിലവില്‍ വന്നു; ആദ്യ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടത്തി

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ഒ.സി, ഒ.ഐ.സി.സി തുടങ്ങിയ വിവിധ സംഘടനകളെ സംയോജിപ്പിച്ച് എ.ഐ.സി.സിയുടെ കുടക്കീഴില്‍ ഡോ. സാം പിട്രോഡ ചെയര്‍മാനായി “ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്’ എന്ന സംഘടനയ്ക്കു രൂപംകൊടുത്തു. ഐ.ഒ.സിയുടെ പ്രഥമ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ വച്ചു എ.ഐ.സി.സി നേതാക്കളുടെ നേതൃത്വത്തില്‍ നടത്തി.

ഡോ. സാം പിട്രോഡ അധ്യക്ഷനായ യോഗത്തില്‍ സംഘടനയുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വിദേശ ഇന്ത്യക്കാര്‍ നല്‍കിയ അതുല്യ സേവനം സാമ്രാജ്യത്വ ശക്തികളെ പോലും കീഴടക്കുവാന്‍ ശക്തിപ്രാപിക്കുകയുണ്ടായി. ഇന്ന് ആധുനിക ഇന്ത്യ അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധികള്‍ക്ക് തടയിടുവാനും സ്വതന്ത്രഭാരതത്തെ സ്വാതന്ത്ര്യത്തിന്റെ പന്ഥാവിലൂടെ തന്നെ നയിക്കുവാനും 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. വര്‍ഗ്ഗീയ വിഷം കുത്തിവെച്ചും, സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചും വ്യവസായ രംഗത്തും, തൊഴില്‍ അവസരങ്ങളിലും, കാര്‍ഷിക രംഗത്തും, സയന്‍സ്, ടെക്‌നോളജി തുടങ്ങിയ സമസ്ത മേഖലകളിലും പരാജയം കൈവരിച്ച ഇന്നത്തെ ഭരണകര്‍ത്താക്കള്‍ ഭാരത ജനതയെ വഞ്ചിരിക്കുകയാണ്. ഇത്തരുണത്തില്‍ രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തി ഭാരത ജനത ഒന്നടങ്കം പ്രതികരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സ്വാതന്ത്ര്യകാലം മുതല്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ആര്‍.എസ്.എസ് തത്വങ്ങള്‍ വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റ് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങി എല്ലാ മേഖലകളിലും ആഘാതമേല്‍പ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്കും, നീതിന്യായ വ്യവസ്ഥകള്‍ക്കും ഭീതിപരത്തുന്ന കടന്നുകയറ്റങ്ങള്‍ വിവിധ മേഖലകളില്‍ നിന്നും ഭരണപക്ഷം ഉയര്‍ത്തി വിടുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍, പാര്‍ലമെന്റ് ഉള്‍പ്പടെ ദുരുപയോഗം ചെയ്യപ്പെടുന്നു. സാമ്പത്തിക രംഗം താറുമാറായിരിക്കുന്നു. ജീവനും സ്വത്തും ഉള്‍പ്പടെ ഭരണഘടന നല്‍കുന്ന മൗലീകാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നു. മതസ്പര്‍ദ്ദ, ദളിത് പീഢനം, ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും പീഡിപ്പിക്കുക, പാര്‍ശ്വവത്കരിക്കുക, സാമ്പത്തിക ശ്രോതസുകള്‍ ദുര്‍വിനിയോഗം ചെയ്യുക, ചെറുകിട വ്യവസായങ്ങള്‍ പൂട്ടിക്കുക, തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാതിരിക്കുക തുടങ്ങി ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാരുള്‍പ്പടെ ഓരോ ഇന്ത്യക്കാരനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, അംബേദ്കര്‍, ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നല്‍കിയ സംഭാവനകള്‍ പോലെ നവഭാരതത്തിന്റെ ചോര്‍ന്നുപോയ ഉന്മേഷം പുനരുജ്ജീവിപ്പിക്കാന്‍ ഓരോ വിദേശ ഇന്ത്യക്കാരനും കര്‍മ്മോന്മുഖരാകേണ്ടിയിരിക്കുന്നു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 150 നേതാക്കളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഡോ. സാം പിട്രോഡ അധ്യക്ഷത വഹിച്ചുകൊണ്ട് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യയെ ഒന്നായി കാണാന്‍ കഴിയാത്ത ജാതി, വര്‍ഗ്ഗ, ഭാഷാ വ്യത്യാസങ്ങളോടെ കാണുന്ന ഒരു ഭരണ സംവിധാനത്തില്‍ ദളിതരും, സ്ത്രീകളും, ന്യൂനപക്ഷങ്ങളും നീതി ലഭിക്കാതെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വ്യവസ്ഥിതിക്ക് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സര്‍വ്വ ജാതി-മത-ഭാഷാ സംസ്കാരങ്ങള്‍ക്ക് അതീതമായി സമഭാവനയോടെ എല്ലാ ജനവിഭാഗങ്ങളേയും കാണുന്ന, തുല്യ നീതിക്കായി എന്നെന്നും നിലനിന്നിട്ടുള്ള, സമത്വത്തിലും മതേതരത്വത്തിലും അടിയുറച്ച് ജനാധിപത്യ തത്വങ്ങളെ ഊട്ടി ഉറപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണമേറ്റെടുക്കേണ്ട ആവശ്യകത അനിവാര്യമാണെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു.

2019-ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്ന സുപ്രധാന ഒന്നായിരിക്കുമെന്നും വിദേശ ഇന്ത്യക്കാരുടെ മാതൃരാജ്യവുമായുള്ള ബന്ധം തന്നെ തകരാറിലാക്കുന്ന നിയമവ്യവസ്ഥകള്‍, ഭരണഘടനാ പരിഷ്കാരം, സാമ്പത്തിക നിയന്ത്രണം തുടങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥയ്ക്ക് വിരാമമിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്നും അതുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാന്‍ ആഗോളതലത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒരു വന്‍ സംഘടനയായി വളരണമെന്നും, എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും മാതൃരാജ്യത്തിനും വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനുള്ള ഒരു വേദിയായി ഇതിനെ മാറ്റണമെന്നും ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അഭ്യര്‍ത്ഥിച്ചു.

മുന്‍ ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ഡോ. മല്‍ഹോത്ര, പ്രസിഡന്റുമാരായ മൊഹീന്ദര്‍ സിംഗ്, ശുദ്ധ് പ്രകാശ് സിംഗ്, സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ്, ഡോ. നായിക്, രാജേന്ദിര്‍, എ.ഐ.സി.സി ജനറല്‍ സക്രട്ടറിമൈരായ ഹീമാഷു വ്യാസ്, മധുയാസ്കി എം.പി, മിസ് താവിഷി, കേരളാ ചാപ്റ്റര്‍ ഭാരവാഹികളായ തോമസ് ടി. ഉമ്മന്‍, വര്‍ഗീസ് കളത്തില്‍, ജയചന്ദ്രന്‍, തോമസ് മാത്യു പടന്നമാക്കല്‍, സന്തോഷ് നായര്‍, പോള്‍ പറമ്പി, സണ്ണി കരിമ്പന്നൂര്‍, ജോസ് ചാരുംമൂട്, ജോസ് പടവില്‍, ജോര്‍ജ് പണിക്കര്‍, വിശാഖ്, വിവിധ സംസ്ഥാന ചാപ്റ്ററുകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു.

മെമ്പര്‍ഷിപ്പ്, യുവജനവിഭാഗം, വനിതാ വിഭാഗം, ഐ.ടി, സോഷ്യല്‍മീഡിയ, കാമ്പയിന്‍ ഫൗണ്ടേഷന്‍, ഫിനാന്‍സ്, ഫണ്ട് റൈസിംഗ്, എന്‍.ആര്‍.ഐ വോട്ടിംഗിലെ പങ്കാളിത്തം തുടങ്ങി വിവിധ മേഖലാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതികള്‍ക്ക് രൂപം നല്‍കി. ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകള്‍ക്കുള്ള ചാപ്റ്ററുകള്‍ അമേരിക്കയിലെ ഓരോ സ്റ്റേറ്റിലും രൂപീകരിക്കുവാനും, പ്രാരംഭ നേതൃത്വം നല്‍കുവാനുള്ള കമ്മിറ്റികളും രൂപീകരിച്ചു.

2019-ലെ തെരഞ്ഞെടുപ്പ് ഓരോ ഭാരതീയന്റേയും ഭാവി തീരുമാനിക്കാനുള്ള ഒരു ജീവന്മരണ പോരാട്ടമായിരിക്കുമെന്നും, ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഇതു ബാധിക്കുമെന്നും യോഗം വിലയിരുത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എ.ഐ.സി.സി, പി.സി.സി., ഡി.സി.സി തുടങ്ങിയ നേതൃത്വങ്ങളുമായി സംയോജിച്ച് ഐ.ഒ.സി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും, തെരഞ്ഞെടുപ്പില്‍ വിവിധ തലങ്ങളില്‍ വേണ്ട സഹായ സഹകരണം നല്‍കുവാനും യോഗം തീരുമാനിച്ചു.

സംഘടനയ്ക്ക് ധനസാമ്പാദന മാര്‍ഗ്ഗങ്ങളും ന്യൂയോര്‍ക്കില്‍ ഒരു കോണ്‍ഗ്രസ് ഭവന്‍ നിര്‍മ്മിക്കാനും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഹര്‍ബചന്‍ സിംഗ് നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത്: തോമസ് മാത്യു പടന്നമാക്കല്‍

ജോയിച്ചന്‍ പുതുക്കുളം

Share This Post