ചിക്കാഗോയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി; കേരളാ അസോസിയേഷന്‍ പങ്കെടുത്തു

ചിക്കാഗോ: ഇന്ത്യാ കമ്യൂണിറ്റി ഔട്ട് റീച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ പങ്കെടുത്തു. നൈപ്പര്‍ വില്ലിലെ കനോച്ച് പാര്‍ക്കില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് വന്‍ ജനാവലിയാണ് പരേഡില്‍ പങ്കെടുത്തത്.

അതാത് സംസ്ഥാനങ്ങളുടെ തനതായ കലാപരിപാടികളും, ഫ്‌ളോട്ടുകളും വര്‍ണാഭമായ ഘോഷയാത്രയില്‍ കേരളത്തിന്റെ പഞ്ചവാദ്യവും, മലയാളത്തനിമയോടുകൂടിയ വേഷവിധാനവും കൂടിയായപ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലും ത്രിവര്‍ണ്ണപതാകയേന്തിയ ആയിരക്കണക്കിന് ദേശസ്‌നേഹികള്‍ അണിനിരന്നപ്പോള്‍ നേപ്പര്‍വില്ലിലെ കനോച്ച് പാര്‍ക്ക് ഡല്‍ഹി ചെങ്കോട്ടയെ അനുസ്മരിപ്പിക്കുന്ന പ്രൗഢഗംഭീരമായ രാജവീഥിയായി മാറിക്കഴിഞ്ഞു.

കടുത്ത മഴയില്‍ കേരളക്കരയാകെ നാശം വിതച്ച ദുരന്തത്തിന് കേരളാ അസോസിയേഷന്‍ യൂത്ത് ഫോറം ഫ്‌ളഡ് റിലീഫിനുവേണ്ടി ഫണ്ട് റൈസിംഗ് സംഘടിപ്പിച്ചു.

വിസ്താ ഹെല്‍ത്ത് ക്ലിനിക്കിനുവേണ്ടി ഡോ. മറീനാ ഗ്ലാഡ്‌സണ്‍ ആണു കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ സ്വാതന്ത്ര്യദിന പരിപാടിയുടെ സ്‌പോണ്‍സര്‍. രാജു വര്‍ഗീസ്, പ്രമോദ് സഖറിയ, പോള്‍ കിടങ്ങന്‍ എന്നിവരായിരുന്നു കോ- സ്‌പോണ്‍സര്‍മാര്‍.
പബ്ലിസിറ്റി ചെയര്‍മാന്‍ വിശാഖ് ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post