ബര്‍ഗന്‍ഫീല്‍ഡ് എട്ടുനോമ്പാചരണവും വചനശുശ്രൂഷയും

ന്യൂജേഴ്‌സി: അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധ ദൈവമാതാവിന്റെ നിത്യചൈതന്യത്താല്‍ പ്രശോഭിതമായിരിക്കുന്ന ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും, കാലം ചെയ്ത ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവയുടെ ഇരുപത്തിരണ്ടാമത് ഓര്‍മ്മയും സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച മുതല്‍ എട്ടാം തീയതി ശനിയാഴ്ച വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. അഭിവന്ദ്യ പിതാക്കന്മാരായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (മലങ്കര അതിഭദ്രാസനാധിപന്‍), ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരുടെ മഹനീയ കാര്‍മികത്വവും നേതൃത്വവും വ്രതാനുഷ്ഠാന ദിനങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. അനുഗ്രഹീത വചനശുശ്രൂഷകനും ധ്യാനഗുരുവുമായ വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസവും ക്രമീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നാംതീയതി ശനിയാഴ്ച രാവിലെ 8.45-ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു 9.30-നു അമേരിക്കയിലെ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മലങ്കരയുടെ പ്രകാശഗോപുരമായ പുണ്യശ്ശോകനായ ശേഷം ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ 22-മത് ദുക്‌റാനയോടനുബന്ധിച്ച് പ്രത്യേക അനുസ്മരണ ശുശ്രൂഷകള്‍ നടത്തപ്പെടും. 11 മണിക്ക് വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാനം, ഉച്ചനമസ്കാരം, വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ഗാനശുശ്രൂഷ, 7.30 മുതല്‍ വന്ദ്യ കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന വചന ശുശ്രൂഷ എന്നിവയാണ് പ്രഥമ ദിന പരിപാടികള്‍. രണ്ടാം തീയതി ഞായറാഴ്ചയും, മൂന്നാം തീയതി തിങ്കളാഴ്ചയും രാവിലെ 8.45-ന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് യഥാക്രമം വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ.ഡോ. ജെറി ജേക്കബ് എം.ഡി (മലങ്കര അതിഭദ്രാസന സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കും. സെപ്റ്റംബര്‍ നാലാം തീയതി ചൊവ്വാഴ്ച മുതല്‍ ഏഴാംതീയതി വെള്ളിയാഴ്ച വരെ രാവിലെ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 7.30-നു വിശുദ്ധ കുര്‍ബാനയും ആണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ഫാ. ബിജോ മാത്യു (ചൊവ്വാഴ്ച), റവ.ഫാ. സിബി ഏബ്രഹാം (ബുധന്‍), റവ.ഫാ. ജേക്കബ് ജോസ് (വ്യാഴം), റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (വെള്ളി) എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഒന്നാം തീയതി മുതല്‍ ഏഴാം തീയതി വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 11 മണിക്ക് ധ്യാനം, വൈകുന്നേരം 7.30-നു വചനശുശ്രൂഷ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വന്ദ്യ പൗലോസ് പാറോക്കര കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടാം തീയതി രാവിലെ 8.45-ന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കും അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയുള്‍പ്പെട്ട ക്‌നാനായ അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ആഘോഷമായ റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. സെപ്റ്റംബര്‍ ഒമ്പതാം തീയതി ഞായറാഴ്ച വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ആത്മശരീര മനസ്സുകളുടെ നവീകരണത്തിനായി കതൃസന്നിധിയില്‍ വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥം സ്വീകരിച്ച് ധ്യാനനിമഗ്നരായി താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. മത-സാമുദായിക വ്യത്യാസം കൂടാതെ അനേകര്‍ക്ക് അനുഗ്രഹങ്ങളുടെ ഉറവിടമായി പരിലസിക്കുന്ന വിശുദ്ധ ദേവാലയത്തിലേക്ക് ഏവരേയും ഭക്ത്യാദരവുകളോടെ സ്വാഗതം ചെയ്യുന്നുവെന്നു ഇടവക വികാരി റവ.ഫാ. പോള്‍ ടി. പറമ്പത്ത്, ഇതര ഭാരവാഹികള്‍ എന്നിവര്‍ അറിയിക്കുന്നു.

വിലാസം: St. Marys Syriac Orthodox Church, 173 North Washington Ave, Berganfeild, NJ 07621.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Share This Post