ബര്‍ഗന്‍ഫീല്‍ഡ് എട്ടുനോമ്പാചരണവും വചനശുശ്രൂഷയും

ന്യൂജേഴ്‌സി: അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധ ദൈവമാതാവിന്റെ നിത്യചൈതന്യത്താല്‍ പ്രശോഭിതമായിരിക്കുന്ന ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും, കാലം ചെയ്ത ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവയുടെ ഇരുപത്തിരണ്ടാമത് ഓര്‍മ്മയും സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച മുതല്‍ എട്ടാം തീയതി ശനിയാഴ്ച വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. അഭിവന്ദ്യ പിതാക്കന്മാരായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (മലങ്കര അതിഭദ്രാസനാധിപന്‍), ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരുടെ മഹനീയ കാര്‍മികത്വവും നേതൃത്വവും വ്രതാനുഷ്ഠാന ദിനങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. അനുഗ്രഹീത വചനശുശ്രൂഷകനും ധ്യാനഗുരുവുമായ വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസവും ക്രമീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നാംതീയതി ശനിയാഴ്ച രാവിലെ 8.45-ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു 9.30-നു അമേരിക്കയിലെ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മലങ്കരയുടെ പ്രകാശഗോപുരമായ പുണ്യശ്ശോകനായ ശേഷം ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ 22-മത് ദുക്‌റാനയോടനുബന്ധിച്ച് പ്രത്യേക അനുസ്മരണ ശുശ്രൂഷകള്‍ നടത്തപ്പെടും. 11 മണിക്ക് വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാനം, ഉച്ചനമസ്കാരം, വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് ഗാനശുശ്രൂഷ, 7.30 മുതല്‍ വന്ദ്യ കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന വചന ശുശ്രൂഷ എന്നിവയാണ് പ്രഥമ ദിന പരിപാടികള്‍. രണ്ടാം തീയതി ഞായറാഴ്ചയും, മൂന്നാം തീയതി തിങ്കളാഴ്ചയും രാവിലെ 8.45-ന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് യഥാക്രമം വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ.ഡോ. ജെറി ജേക്കബ് എം.ഡി (മലങ്കര അതിഭദ്രാസന സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കും. സെപ്റ്റംബര്‍ നാലാം തീയതി ചൊവ്വാഴ്ച മുതല്‍ ഏഴാംതീയതി വെള്ളിയാഴ്ച വരെ രാവിലെ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 7.30-നു വിശുദ്ധ കുര്‍ബാനയും ആണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ഫാ. ബിജോ മാത്യു (ചൊവ്വാഴ്ച), റവ.ഫാ. സിബി ഏബ്രഹാം (ബുധന്‍), റവ.ഫാ. ജേക്കബ് ജോസ് (വ്യാഴം), റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (വെള്ളി) എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഒന്നാം തീയതി മുതല്‍ ഏഴാം തീയതി വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 11 മണിക്ക് ധ്യാനം, വൈകുന്നേരം 7.30-നു വചനശുശ്രൂഷ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വന്ദ്യ പൗലോസ് പാറോക്കര കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടാം തീയതി രാവിലെ 8.45-ന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കും അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയുള്‍പ്പെട്ട ക്‌നാനായ അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ആഘോഷമായ റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. സെപ്റ്റംബര്‍ ഒമ്പതാം തീയതി ഞായറാഴ്ച വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ആത്മശരീര മനസ്സുകളുടെ നവീകരണത്തിനായി കതൃസന്നിധിയില്‍ വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥം സ്വീകരിച്ച് ധ്യാനനിമഗ്നരായി താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. മത-സാമുദായിക വ്യത്യാസം കൂടാതെ അനേകര്‍ക്ക് അനുഗ്രഹങ്ങളുടെ ഉറവിടമായി പരിലസിക്കുന്ന വിശുദ്ധ ദേവാലയത്തിലേക്ക് ഏവരേയും ഭക്ത്യാദരവുകളോടെ സ്വാഗതം ചെയ്യുന്നുവെന്നു ഇടവക വികാരി റവ.ഫാ. പോള്‍ ടി. പറമ്പത്ത്, ഇതര ഭാരവാഹികള്‍ എന്നിവര്‍ അറിയിക്കുന്നു.

വിലാസം: St. Marys Syriac Orthodox Church, 173 North Washington Ave, Berganfeild, NJ 07621.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

ജോസഫ് (തങ്കച്ചന്‍, 59) ഏത്തക്കാട്ട് ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: കണ്ണൂര്‍ തടിക്കടവ് സ്വദേശിയും പരേതനായ ഏത്തക്കാട്ട് ജോസഫിന്റേയും, മറിയത്തിന്റേയും പുത്രന്‍ ജോസഫ് (തങ്കച്ചന്‍, 59 വയസ്) നിര്യാതനായി.

തലയോലപ്പറമ്പ് കളങ്ങോട്ട് സോസിമോളാണ് ഭാര്യ.
ജസ്റ്റിന്‍, ജോഷ്വാ, ആഷ്‌ലി എന്നിവര്‍ മക്കളാണ്.

ചിക്കാഗോയില്‍ തന്നെയുള്ള കുഞ്ഞുമോള്‍, ബിന്ദു എന്നിവര്‍ സഹോദരിമാരും, ജോയിച്ചന്‍ കളത്തില്‍, സോംസണ്‍ ദേവസ്യ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. ജോസുകുട്ടി, ബേബി (പരേതന്‍), പെണ്ണമ്മ, അപ്പച്ചന്‍, തങ്കമ്മ, ജോയിച്ചന്‍, ബെന്നി (ഇന്ത്യ) എന്നിവരും സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷയും പൊതുദര്‍ശനവും ഓഗസ്റ്റ് 25-നു ശനിയാഴ്ച 10 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. തുടര്‍ന്ന് സംസ്കാരം ഡസ്‌പ്ലെയിന്‍സിലുള്ള ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (700, N, River Road, Desplains).
വിവരങ്ങള്‍ക്ക്: ജോയിച്ചന്‍ (773 414 5231), സോംസണ്‍ (630 347 8347).

ജോയിച്ചന്‍ പുതുക്കുളം

നേരിട്ട് സഹായം എത്തിച്ച് മഹിമ

ന്യൂയോര്‍ക്ക്: പ്രളയം തീര്‍ത്ത സങ്കടക്കടല്‍ താണ്ടാന്‍ ശ്രമിക്കുന്ന കേരളത്തിന് ന്യുയോര്‍ക്കില്‍ നിന്ന് നേരിട്ട് സഹായവുമായി മലയാളി ഹിന്ദു മണ്ഡലം (മഹിമ). തിരുവന്തപുരത്തും പന്തളത്തും പ്രവര്‍ത്തിക്കുന്ന സേവാഭാരതി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മഹിമ പ്രസിഡന്റ് രഘു നായര്‍ നേരിട്ടെത്തി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍, മരുന്ന്, ശുചീകരണ സാധനങ്ങള്‍, തുണി തുടങ്ങിയവ കൈമാറി.

തിരുവന്തപുരത്ത് കോട്ടയക്കകം സ്‌കുളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് മഹിമ പ്രസിഡന്റ് രഘു പി നായരില്‍ നിന്ന് സാധനങ്ങള്‍ ഏറ്റു വാങ്ങി. ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, സേവാഭാരതി പ്രവര്‍ത്തകരായ ദേവീദാസ്, ഷാജു ശ്രീകണ്ഠേശ്വരം, ജയകുമാര്‍, ബാലമുരളി, പി സുനില്‍കുമാര്‍, അഡ്വ. ഗീത എന്നിവര്‍ സന്നിഹിതരായിരുന്നു.
മഹിമ നല്‍കിയ സാധനങ്ങള്‍ ഉടന്‍ തന്നെ മാന്നാറിലെ പ്രധാന സംഭരണകേന്ദ്രത്തിലേക്ക് മാറ്റി. സാധനങ്ങള്‍ കയറ്റിയ വാഹനം നാളികേരം ഉടച്ചശേഷം രഘുനായര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

മഹിമയുടെ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ഗടുവാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് രഘു പി നായര്‍ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത കെടുതിയാണ് ഉണ്ടായത്. അതുപോലെ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളും വാര്‍ത്തകള്‍ക്ക് വിവരിക്കാനാവാത്തതാണ്. വളരെ ചിട്ടയോടെ സേവാഭാരതി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബോധ്യപ്പെട്ടതിനാലാണ് അവര്‍ മുഖേന സഹായം എത്തിക്കുന്നതെന്നും രഘു പി നായര്‍ പറഞ്ഞു. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ സുനാമി ഉണ്ടായപ്പോള്‍ സേവാഭാരതി മുഖേന വീടു നിര്‍മ്മിച്ചു നല്‍കാന്‍ ധനസഹായം ചെയ്ത സംഘടനയാണ് മഹിമ. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോഴത്തെ സഹായത്തെ കാണുന്നതെന്ന് പി ശ്രീകുമാര്‍ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി സഹായ വാഗ്ദാനങ്ങള്‍ ഉണ്ട്. വീദേശത്തുനിന്ന നേരിട്ടെത്തി പ്രവര്‍ത്തനങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് പറഞ്ഞു.

സേവാഭാരതി തിരുവന്തപുരത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേവീദാസ് വിവരിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തുനിന്ന സാധനങ്ങള്‍ കയറ്റി അയയ്ക്കുന്ന 32-മത് വാഹനമാണ് രഘുനായര്‍ ഫ്ഷാഗ് ഓഫി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹിമ പദ്ധതി ഇട്ടിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി ജനറല്‍ സെക്രട്ടറി സുരേഷ് ഷണ്‍മുഖം അറിയിച്ചു. ഓണാഘോഷത്തിനു പകരം ദുരിതാശ്വാസ നിധി ശേഖരണവും സെപ്റ്റമ്പര്‍ 9 ന് ക്യൂന്‍സ് ഗ്‌ളന്‍ ഓക്‌സ് സ്‌ക്കൂളില്‍ പ്രാര്‍ത്ഥനാ സത്‌സംഗം നടത്തുമെന്നും സുരേഷ് പറഞ്ഞു.

പി ശ്രീകുമാര്‍

കേരളീയരുടെ പോരാട്ടവീര്യത്തിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം

കൊച്ചി: കേരളജനതയുടെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു, അഭിവാദ്യം അര്‍പ്പിച്ചു. ലോക രാജ്യങ്ങളുള്‍പ്പെടെ ഈ നിര്‍ണായക നിമിഷത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുമ്പോള്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു:

”വെള്ളപ്പൊക്ക ദുരിതത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവര്‍ക്ക് അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

കേന്ദ്രം കേരളത്തിന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കുന്നു. ഇതില്‍ സാമ്പത്തിക സഹായമുണ്ട്, മരുന്ന്, ഭക്ഷണം തുടങ്ങിയവയുള്‍പ്പെടെയുണ്ട്. ദേശീയ പാത അതോറിറ്റിക്കും എന്‍ടിപിസിക്കും മറ്റും അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

എന്‍ഡിആര്‍എഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആര്‍എഎഫ് വിഭാഗങ്ങള്‍ പ്രവര്‍ത്തന സജ്ജരായി സംസ്ഥാനത്തുണ്ട്. വ്യോമസേന, കരസേന, നാവിക സേന, കോസ്റ്റല്‍ ഗാര്‍ഡ് മേല്‍നോട്ടം വഹിക്കുന്നു.”

അടിയന്തരമായി സംസ്ഥാനത്തിനു വേണ്ടുന്ന ഏഴുകാര്യങ്ങള്‍ക്ക് തീരുമാനമെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍നിന്ന് മടങ്ങിയത്.

1. സമയബന്ധിതമായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചു.

2. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജനയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായം എത്രയും വേഗം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശംനല്‍കി.

3. ദേശീയ പാതകള്‍ അറ്റകുറ്റപ്പണി എത്രയും വേഗം ചെയ്യാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.

4. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയവയോട് സംസ്ഥാന സര്‍ക്കാരിന് നല്‍കാവുന്ന പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

5. ഗ്രാമങ്ങളിലെ തകര്‍ന്ന താല്‍ക്കാലിക വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രിയുടെ പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണന കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.

6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി കേരള പുനര്‍ നിര്‍മാണത്തിന് അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു.

7. ഹോര്‍ട്ടി കള്‍ചര്‍ സംയേജിത വികസന പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്ക് നശിച്ചുപോയ വിളകളുടെ പുനഃകൃഷിക്ക് ധന സഹായം നല്‍കും.

ഒക്കലഹോമ സെയിന്റ് ജോര്‍ജ് ദേവാലയത്തില്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ ധ്യാനയോഗം നടത്തുന്നു

ഒക്കലഹോമ: ബെഥനി സെയിന്റ് ജോര്‍ജ് സിറിയക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ പ്രശസ്ത സുവിശേഷ പ്രസംഗകനും വേദശാസ്ത്ര പണ്ഡിതനുമായ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ധ്യാനയോഗം നടത്തപെടുന്നു.

ഓഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെയും, ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5:00 വരെയും, ആഗസ്റ്റ് 26 ഞായാഴ്ച വിശുദ്ധ æര്‍ബാനക്ക് ശേഷം 3 മണി വരേയും ധ്യാനയോഗം തുടരും.

ഈ ധ്യാനയോഗത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിçവാനുമായി സഭാഭേദമെന്യെ എവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി ഭരണ സമിതി അറിയിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

മഴക്കെടുതിയില്‍ എന്‍.എസ്സ് .എസ്സ് കാലിഫോര്‍ണിയയുടെ സഹായ ഹസ്തം

സാന്റാ ക്ലാര, കാലിഫോര്‍ണിയ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നായര്‍ സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആദ്യ ഗഡുവായി മൂന്നര ലക്ഷം രൂപയുടെ അവശ്യ സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പള്ളിപ്പുറം ഗവണ്മെന്റ് എല്‍ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വില്ലേജ് ഓഫീസര്‍ക്ക് കൈമാറി എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ പ്രെസിഡണ്ട് സ്മിത നായര്‍ നിര്‍വഹിച്ചു. വില്ലേജ് ഓഫീസറോടൊപ്പം തിരുവനതപുരം ജില്ല പഞ്ചായത്ത് മെമ്പര്‍ ജലീല്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് , പഞ്ചായത്ത് മെമ്പര്‍മാരായ വിജയ കുമാര്‍, പ്രദീപ് കൃഷ്ണന്‍, രമേശന്‍ എന്നിവരും സാധനങ്ങള്‍ ഏറ്റുവാങ്ങി. റിട്ടയേര്‍ഡ് റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ എസ്സ് എസ്സ് നായര്‍, പള്ളിപ്പുറം രാമചന്ദ്രന്‍, അഡ്വ. ചന്ദ്രചൂഡന്‍ എന്നിവരും സന്നിഹിതരായിരുന്നു. ദുരിതാശ്വാസ കേന്ദ്രത്തിലെ ഇരുന്നൂറോളം വരുന്ന അന്തേവാസികളുമായി അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് സ്മിത നായര്‍ വിശദമായി ചോദിച്ചറിയുകയും അവിടത്തെ ഭാരവാഹികളുടെ ആത്മാര്‍ത്ഥതയെയും കരുതലിനെയും അഭിനന്ദിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ തുടര്‍ന്നും കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു.

ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, കരിച്ചാറ ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവിടെയും കോട്ടയം നഗരത്തിലെ പത്തോളം സ്ഥലത്തെയും ക്യാമ്പുകളും എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ പ്രതിനിധികര്‍ സന്ദര്‍ശനം നടത്തുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുകയും ചെയ്തു. എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ ബോര്‍ഡ് മെമ്പര്‍ മധു മുകുന്ദനാണ് ആലപ്പുഴ ജില്ലയിലെ വിതരണങ്ങള്‍ ഏകോപിപ്പിച്ചത്. കോട്ടയത്ത് നിന്നുള്ള അമേരിക്കന്‍ പ്രവാസികളായ സെക്രട്ടറി ജയ പ്രദീപും ജോയിന്റ് സെക്രട്ടറി അരവിന്ദ് നായരുമാണ് കോട്ടയം ജില്ലയിലെ വിതരണ പദ്ധതികള്‍ തയാക്കിയത്.

എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയ കേരളത്തിലെ ദുരിതാശ്വാസത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത എല്ലാവര്‍ക്കും എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായ രാജേഷ് നായര്‍ നന്ദി അറിയിച്ചു. ദുരിതാശ്വാസ സഹായ വിതരണത്തിന്റെ ആദ്യ ദിനത്തില്‍ത്തന്നെ ഒന്നര ലക്ഷത്തിലധികം വിലയ്ക്കുള്ള അവശ്യ സാധനങ്ങള്‍ പല ക്യാമ്പുകളിലായി വിതരണം ചെയ്യാന്‍ സാധിച്ചതില്‍ അങ്ങേയറ്റം കൃതാര്‍ത്ഥതയുണ്ടെന്നും തുടര്‍ന്നുള്ള ദിനങ്ങളിലും ഇതിലും കൂടുതല്‍ സഹായം എത്തിക്കുമെന്ന് എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ ഭാരവാഹികള്‍ അറിയിച്ചു.

എന്‍എസ്സ് എസ്സ് കാലിഫോര്‍ണിയയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തരാന്‍ താല്പര്യമുള്ളവര്‍ ദയവായി finance@nairs.org എന്ന അക്കൗണ്ടിലേക്ക് paypal വഴി അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഞങ്ങള്‍ ആ തുക മുഴുവനായി സഹായം അത്യാവശ്യമായ ആളുകള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

മലയാളി അസോസിയേഷന്‍ ഓഫ് ലൂയിവില്‍ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം നല്‍കും

ലൂയിവില്‍, കെന്റക്കി: നൂറുകണക്കിന് ആളുകളുടെ ജീവനും, കോടികളുടെ നഷ്ടവും വിതച്ച കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലൂയിവില്‍ (എം.എ.എല്‍.എ.യു) തീരുമാനിച്ചു. നൂറ്റമ്പതോളം അംഗങ്ങള്‍ മാത്രമുള്ള താരതമ്യേന ചെറിയ സംഘടന ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എണ്‍പതുകളുടെ ആദ്യ കാലഘട്ടത്തില്‍ ലൂയിവില്ലിലേക്ക് കുടിയേറിയ മലയാളികള്‍ തുടങ്ങിയ ഈ സംഘടന തൊണ്ണൂറുകളില്‍ വന്ന കംപ്യൂട്ടര്‍ പ്രൊഫണലുകളുടേയും, രണ്ടായിരത്തില്‍ വന്ന മെഡിക്കല്‍ പ്രൊഫണല്‍സിന്റേയും അംഗബലംകൊണ്ട് ശക്തിപ്രാപിക്കുകയായിരുന്നു.

2018-ലെ ഓണാഘോഷ പരിപാടികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് സ്വരൂപിക്കാനായി രാജി രാജന്‍, ഷൈനി ജോസ്, മുരളി ശ്രീധരന്‍, മുരളി തീക്കൂട്ട്, ബിന സജി എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഈ പരിപാടി ഓഗസ്റ്റ് 18-നു ഫാ. ജോണ്‍ പുത്തേഴത്തുപറമ്പില്‍ ലൂയിവില്ലിലെ ഹൈറ്റ് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ഇതിലൂടെ അഞ്ചു ലക്ഷം രൂപ സമാഹരിക്കാന്‍ അസോസിയേഷന് സാധിച്ചു. ഈ ഫണ്ടിലേക്ക് ഇനിയും തുക സമാഹരിക്കാന്‍ ലൂയിവില്ലിലെ മറ്റു സംഘടനകളുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കുവാന്‍ താത്പര്യമുള്ളവര്‍ leadmalon@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

ഡാളസ് ഗുരു ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി

ഡാളസ്; മഹാപ്രളയത്തിന്റെ ദുരിതക്കടലിൽ ആടിയുലയുന്ന കേരളജനതക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ നാരായണ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ ഗുരു ജയന്തി ചടങ്ങുകൾ ഒഴിവാക്കിയതായും ,അതിനു പകരമായി പ്രളയക്കെടുതിൽ ദുരിതമനുഭവിക്കുന്ന മലയാളി സഹോദരങ്ങളുടെ താൽക്കാലിക ആശ്വാസത്തിനായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും ഫണ്ട് ശേഖരണവും , പ്രാർത്ഥന യോഗങ്ങളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു .

ഈ സംരംഭത്തിൽ സഹായസഹകരങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺനമ്പറിലോ ഈമെയിലിലോ ബന്ധപ്പെടണമെന്നതും അഭ്യർത്ഥിച്ചിട്ടുണ്ട് – (317)-64-SNMNT – ഇമെയിൽ – info@snmnt.org

പി പി ചെറിയാൻ

കെ.ജി മര്‍ക്കോസും സംഘവും “ആത്മസംഗീത’വുമായി സെപ്റ്റംബര്‍ 29-ന് ബോസ്റ്റണില്‍

ബോസ്റ്റണ്‍: പ്രശസ്ത ഗായകരായ കെ.ജി. മര്‍ക്കോസ്, ബിനോയ് ചാക്കോ, ജോബ് കുര്യന്‍, അന്ന ബേബി എന്നിവര്‍ അണിനിരക്കുന്ന “ആത്മസംഗീതം 2018′ ഗാനസന്ധ്യ സെപ്റ്റംബര്‍ 29-നു ശനിയാഴ്ച വൈകിട്ട് 5.30-നു വേയ്‌ലാന്റ് ഹൈസ്കൂള്‍ തീയേറ്ററില്‍ വച്ചു നടത്തപ്പെടും.

പരിപാടിക്ക് മാറ്റുകൂട്ടുവാനായി കേരളത്തില്‍ നിന്നുതന്നെയുള്ള യേശുദാസ് ജോര്‍ജ്, എബി ജോസഫ്, പന്തളം ഹരികുമാര്‍, ലിജിന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ഓക്കസ്ട്ര ടീമും എത്തിയിട്ടുണ്ട്.

ബോസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളായ കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസ്, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് (കെ.എ.എന്‍.ഇ), ന്യൂഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (എന്‍.ഇ.എം.എ) എന്നിവയുടെ പൂര്‍ണ്ണ സഹകരണത്തോടെ കംപാഷനേറ്റ് ഹാര്‍ട്‌സ് നെറ്റ് വര്‍ക്ക് (സി.എച്ച്.എന്‍) ആണ് ഈ പരിപാടി ബോസ്റ്റണില്‍ എത്തിക്കുന്നത്.

പരിപാടിയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ വരുമാനവും കേരളത്തില്‍ വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലം ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും, സി.എച്ച്.എന്‍ കേരളത്തിനകത്തും പുറത്തും സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള മറ്റു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമെന്നു സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ജിജി വര്‍ഗീസ് പറഞ്ഞു.

പരിപാടി സ്‌പോണ്‍സര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ജിജി വര്‍ഗീസ് (508 202 5030), റോബിന്‍ ചെറുകര (508 446 4613), ഗ്രേസ് പുല്ലേത്ത് (781 835 5411). വെബ്: www.compassionatehearts.net

ജോയിച്ചന്‍ പുതുക്കുളം

ഒന്‍പതര കോടി രൂപ സമാഹരിച്ചു; ഫണ്ട് ശേഖരണം അവസാനിപ്പിച്ചു

ചിക്കാഗോ: ചെറിയ മോഹവുമായി തുടങ്ങി വലിയ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോന്‍ പൂത്തുറയിലും ഫെയ്‌സ്ബുക്കിലെ ഫണ്ട് സമാഹരണം അവസാനിപ്പിച്ചു.

ഇന്ന് ഉച്ച വരെ 1,353,424 ഡോളര്‍ പിരിഞ്ഞു കിട്ടി. ഒന്‍പതര കോടി രൂപ. അഞ്ചര ദിവസം കൊണ്ട് ഇത്തരമൊരു നേട്ടം കൈവരിച്ച ചരിത്രം കുറഞ്ഞത് മലയാളികള്‍ക്കിടയിലെങ്കിലുമില്ല.

തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. സുതര്യതക്കും വിമര്‍ശനം ഒഴിവാക്കാനും അതായിരിക്കും നല്ലതെന്നു അരുണ്‍ പറഞ്ഞു. തുക വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണു സമാഹരണം അവസാനിപ്പിച്ചത്. ”സത്യത്തില്‍ ആകെയൊരു മാനസിക സമ്മര്‍ദ്ദമായിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത സ്ഥിതി. അതിനു പുറമെ പണം കിട്ടുന്നതും കൊടുക്കുന്നതും ടക്‌സും തുടങ്ങി വേറെയും നൂലമാലകള്‍,” അരുണ്‍ പറഞ്ഞു.

ഫണ്ട് സമഹരണം തുടങ്ങുമ്പോള്‍ പ്രതീക്ഷിച്ചതല്ല ഇതൊന്നും. ഇത്രയും തുക കിട്ടുമെന്നും കരുതിയതല്ല. തുക ലഭിക്കാനായി ഫെയ്‌സ്ബുക്കുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. തുകക്ക ടാക്‌സ് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. നോണ്‍ പ്രോഫിറ്റിന്റെ പേരില്‍ ആദ്യമെ തുടങ്ങിയെങ്കില്‍ ടാക്‌സ് വരില്ലായിരുന്നു. ഇത്രയും വലിയ ദുരന്തത്തിനുള്ള സഹായമെന്ന നിലയില്‍ ടാക്‌സ് ഒഴിവാക്കി നല്കാന്‍ ഫെയ്‌സ്ബുക്കും ശ്രമിക്കുന്നു.

ആറു ദിവസം മുന്‍പ് ഫണ്ട് ശേഖരണം തുടങ്ങുമ്പോള്‍ അരുണും അജോയും ആരും അറിയാത്ത സാധാരണ വ്യക്തികളായിരുന്നു. ആറു ദിവസം കൊണ്ട് ഇരുവര്‍ക്കും ഹീറൊയുടെ പരിവേഷം. അവരെ അറിയാത്തവരില്ലെന്നായി. എന്തായാലും നിനക്കാതെ വന്ന ഖ്യാതിയില്‍ ഇരുവര്‍ക്കും സന്തോഷം. വീട്ടുകാര്‍ക്കും സന്തോഷം.

അതിലും പ്രധാനം ഈ ദുരന്തത്തില്‍ ഇത്രയെങ്കിലും ചെയ്യാനായല്ലൊ എന്ന സംത്രുപ്തി.

ബിസിനസ് രംഗത്തും പ്രവര്‍ത്തിക്കുന എഞ്ചിനിയറായ അരുണിന്റെ പത്‌നിജനി. മൂന്നും ഒന്നും വയസുള്ള രണ്ടു പുത്രന്മാരുണ്ട്.

അവിവാഹിതനണ് അജോ.