യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പേട്രന്‍ സെന്റ് തോമസ് അപ്പസ്‌തോലന്റെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 7,8 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു. ജൂലൈ 1-ന് ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ പെരുന്നാള്‍കൊടി ഉയര്‍ത്തി.

ജൂലൈ 7-ന് പെരുന്നാളിന്റെ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് ഇടവക ഊഷ്മളമായ സ്വീകരണം നല്‍കി. സന്ധ്യാനമസ്കാരവും തുടര്‍ന്നു തിരുമേനിയുടെ ആത്മീയ പ്രഭാഷണവും ഉണ്ടായിരുന്നു. “അവനോടുകൂടി മരിക്കേണ്ടതിനു നാമും പോകാം’ എന്നു പറഞ്ഞ സെന്റ് തോമസിന്റെ വിശ്വാസധൈര്യം നമ്മില്‍ ഓരോരുത്തരിലും ഉണ്ടാകണമെന്നു തിരുമേനി ഉത്‌ബോധിപ്പിച്ചു.

പെരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ എട്ടാംതീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന നടന്നു. അതിനുശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദേവാലയത്തിനു ചുറ്റും വര്‍ണ്ണശബളമായ റാസയും ഉണ്ടായിരുന്നു. റവ.ഡോ. കെ.കെ. കുര്യാക്കോസ് പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. റാസയ്ക്കുശേഷം ഏവര്‍ക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഇടവക നല്‍കുകയുണ്ടായി.

പെരുന്നാള്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ഈപ്പന്‍ വര്‍ഗീസ്, പള്ളി സെക്രട്ടറി ജോണ്‍ ഐസക്, ട്രഷറര്‍ കുര്യാക്കോസ് വര്‍ഗീസ് എന്നിവര്‍ക്ക് ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post