യു.ഡി.എഫിന്റെ വിജയത്തിന് പ്രവാസികളുടെ സഹായം അനിവാര്യം: വി.പി. സജീന്ദ്രന്‍ എം.എല്‍.എ

ചിക്കാഗോ: കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന് ജൂലൈ 15-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു സ്വീകരണം നല്‍കി.

യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും, കേരളത്തിന്റെ വികസനത്തിനും പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്നു വി.പി. സജീന്ദ്രന്‍ എം.എല്‍.എ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരെന്ന് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം ആവശ്യമാണെന്നു മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും തകര്‍ക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി ടി.കെ. രാജീവ് പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ കാണിക്കുന്ന കോണ്‍ഗ്രസ് വികാരം അഭിനന്ദനാര്‍ഹമാണെന്നു കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടിനോ തോമസ് സൂചിപ്പിച്ചു.

ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മരിച്ചുപോയ മുന്‍ ഗവര്‍ണ്ണറും, മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സന്തോഷ് നായര്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പോള്‍ പറമ്പി, സതീശന്‍ നായര്‍, തോമസ് മാത്യു, ജോര്‍ജ് പണിക്കര്‍, അനിയന്‍ കോന്നോത്ത് എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു യോഗത്തില്‍ എം.സിയായിരുന്നു. സെക്രട്ടറി ജസി റിന്‍സിയുടെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post