സെന്റ് മേരിസില്‍ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ആഘോഷിച്ചു. ജൂലൈ 1 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആഘോഷമായി നടത്തിയ തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും റവ.ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ പുന്നത്തറ പഴയ പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ചിക്കാഗോയില്‍ വസിക്കുന്ന പുന്നത്തറ ഇടവകങ്ങളുടെ സഹകരണത്തിലും നേതൃത്വത്തിലും മാണ് നടത്തപ്പെട്ടത്. വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാലിന്റെ നാമഹേതുദിനം ഇടവകയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും, പാരിഷ് കൗണ്‍സില്‍ മെമ്പേഴ്‌സും,എല്ലാ തോമസ് നാമധാരികളും ഒത്തൊരുമിച്ച് കേക്കുമുറിച്ച് ആചരിച്ചു.

തദവസരത്തില്‍ എക്‌സിക്യൂട്ടീവ് യുവജന പ്രതിനിധി അംഗം ടോണി കിഴക്കേക്കുറ്റ് തോമസ് അച്ഛന് നാമഹേതു തിരുനാള്‍ ആശംസിച്ച് സംസാരിച്ചു . ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ഒരുമാസത്തോളം അനുദിനം മുടങ്ങാതെ പള്ളിയില്‍ വന്ന് വിശുദ്ധകുര്‍ബാനയില്‍ സജീവമായി സംബന്ധിക്കുന്നതിന് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തിരുനാള്‍ ആചരണ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് ചര്‍ച്ച എക്‌സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത തിരുനാള്‍ ആഘോഷങ്ങളുടെ സമാപനത്തില്‍ പുന്നത്തറ ഇടവകാഗംങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post