സെന്റ് ലൂയീസില്‍ എന്‍.എസ്.എസ് രൂപീകരിച്ചു

ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനാലാമത് കരയോഗമായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് സെന്റ് ലൂയീസ് രൂപീകൃതമായി. എന്‍.എസ്.എസ്.ഒ.എന്‍.എയുടെ രജിസ്‌ട്രേഷന്‍ ചെയര്‍ അരവിന്ദ് പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. രവീന്ദ്രന്‍ നായര്‍ ഭദ്രദീപം കൊളുത്തി സംഘടനയുടെ ഔപചാരിക ഉദ്ഘാടന നിര്‍വഹിച്ചു.

സെന്റ് ലൂയീസിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ സമുദായാംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടന ശക്തിപ്പെടുത്തുമെന്നു അരവിന്ദ് പിള്ള അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. എന്‍.എസ്.എസ്.ഒ.എന്‍.എ ട്രഷറര്‍ മഹേഷ് കൃഷ്ണന്‍ നായര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഓഗസ്റ്റ് മാസം ഷിക്കാഗോയില്‍ വച്ചു നടക്കുന്ന ദേശീയ നായര്‍ സംഗമത്തില്‍ ഏവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നായര്‍ സംഗമം 2018 ഫിനാന്‍സ് കമ്മിറ്റി ചെയര്‍ സുരേഷ് നായര്‍ സംഗമത്തെക്കുറിച്ച് വിശദമായി സംസാരിച്ചു.

പുതിയ സംഘടനയുടെ ഭാരവാഹികളായി വിമല്‍ നായര്‍ (പ്രസിഡന്റ്), സുധീര്‍ കോയിക്കല്‍ (സെക്രട്ടറി), വിനയ് മേനോന്‍ (ട്രഷറര്‍), ബോര്‍ഡ് അംഗങ്ങളായി ഡോ. രവീന്ദ്രന്‍ നായര്‍, സുബാഷ് റ്റി. ജയദേവ് നായര്‍, വിജു ശങ്കര്‍ എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നായര്‍ സംഗമം 2018-ന്റെ ശുഭാരംഭ ചടങ്ങും നടന്നു. സുധീര്‍ കോയിക്കലില്‍ നിന്നും അരവിന്ദ് പിള്ള ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി.

പ്രസിഡന്റ് വിമല്‍ നായര്‍ സംഗമം 2018-ന് ആശംസകള്‍ നേരുകയും എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. സെക്രട്ടറി സുധീര്‍ കോയിക്കല്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post