സോമര്‍സെറ്റ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ജൂലൈ 1 മുതല്‍ 8 വരേ നടന്ന മദ്ധ്യസ്ഥ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ജൂലൈ എട്ടിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍റെ നേതൃത്വത്തില്‍ രൂപ പ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷപൂര്‍ണ്ണമായ ദിവ്യ ബലിക്ക് ബഹുമാനപ്പെട്ട ഫാ. സിബി സെബാസ്റ്റ്യന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍, റവ.ഫാ.തോമസ് സുനില്‍ എനേക്കാട്ട്, ഫാ.എഡ്വിന്‍ ജോണ്‍, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ.ഫിലിപ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി.

ദിവ്യബലി മധ്യേ വാഷിങ്ടണ്‍ ഡിവൈന്‍ മേഴ്‌സി ഹീലിംഗ് സെന്റര്‍ വൈസ്.ചാന്‍സലര്‍ റവ.ഫാ.തോമസ് സുനില്‍ എനേക്കാട്ട് വചന ശുസ്രൂഷ നല്‍കി. ജീവിതത്തിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയിലും തലമുറകളായി വിശുദ്ധ തോമാശ്ലീഹായിലൂടെ പകര്‍ന്ന് ലഭിച്ച വിശ്വാസ ചൈതന്യം എങ്ങനെ കാത്തു സൂക്ഷിക്കാന്‍ കഴിയുമെന്ന് തങ്ങളുടെ ഏക മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ജീവിതാനുഭവസാക്ഷ്യത്തിലൂടെ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ഏതു ദുരന്തത്തിലും ദൈവ സാന്നിധ്യം കാണാന്‍ കഴിയുന്നതാണ് വിശ്വാസത്തിന്റെ അത്ഭുതം എന്നുകൂടി തന്റെ വചന സന്ദേശത്തില്‍ ഇടവകാംഗങ്ങളെ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിയെ തുടര്‍ന്ന് സി.സി.ഡി പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ബഹുമാനപ്പെട്ട വികാരി. ഫാ. ലിഗോറി നിര്‍വഹിച്ചു. തുടര്‍ന്ന് അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ ജോസഫ് ഫാതേഴ്‌സ് ടീം അംഗങ്ങളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു. മലയാളികളുടെ സാംസ്കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം) ആഘോഷ ചടങ്ങുകള്‍ക്ക് കൂടുതല്‍ മിഴിവേകി.

ഈവര്‍ഷത്തെ തിരുനാള്‍ പത്ത് കുടുംബങ്ങള്‍ ഒന്നിച്ചാണ് ഏറ്റെടുത്ത് നടത്തിയത്. ജോര്‍ജ് സെബാസ്റ്റ്യന്‍ ആന്‍ഡ് ബിന്ദു തെക്കേടം, ജെയിംസ് ആന്‍ഡ് സരിത മാത്യു, ജോണ്‍ ആന്‍ഡ് ദീപ ഇലഞ്ഞിക്കല്‍, ജോജി ആന്‍ഡ് റോസ്‌ലിന്‍ മാത്യു, ജോസ് ജോര്‍ജ് ആന്‍ഡ് ജിജി വടക്കുംമൂല, ലെസ്ലി ആന്‍ഡ് സ്മിത മാളിയേക്കല്‍, റോബിന്‍ ആന്‍ഡ് ദീപ ജോര്‍ജ്, റോണി മാത്യു ആന്‍ഡ് മമത പള്ളിവാതുക്കല്‍,റോയ് ആന്‍ഡ് ജോളി താടിക്കാരന്‍,സതീഷ് ആന്‍ഡ് ഹെതര്‍ എന്നിവരായിരുന്നു പ്രസുദേന്ധിമാര്‍.

പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപനാശീര്‍വാദവും, തുടന്ന് അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ജോസഫ് ആന്‍ഡ് എല്‍സമ്മ ചാമക്കാലായില്‍,ജോനാഥന്‍ പെരുമ്പായില്‍, കുര്യന്‍ ആന്‍ഡ് ആനി നെല്ലിക്കുന്നേല്‍ എന്നിവരെ വാഴിക്കുകയും ചെയ്തു.

തിരുനാളനോടനുബന്ധിച്ച് ദേവാലയാങ്കണത്തില്‍ ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മപ്പെടുത്തി.

തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും, തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ റോബിന്‍ ജോര്‍ജ്, ജിജീഷ് തോട്ടത്തില്‍, ജോനഥന്‍ പെരുമ്പായില്‍ എന്നിവര്‍ നേതൃത്വം നല്‍കുകകയും ചെയ്തു.

തിരുനാള്‍ ആഘോഷങ്ങളിലും, തിരുകര്‍മ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍, ട്രസ്ടിമാര്‍ എന്നിവര്‍ നന്ദി അറിയിച്ചു.

വെബ്: www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post