സോമന്‍ തോമസ് ന്യൂജേഴ്‌സി കമ്യൂണിറ്റി ഔട്ട്‌റീച്ച് ബോര്‍ഡില്‍

ന്യൂജേഴ്‌സി: രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന നിശബ്ദ സേവന പ്രവര്‍ത്തനത്തിനുടമയായ സോമന്‍ ജോണ്‍ തോമസിനെ പ്ലെയിന്‍ഫീല്‍ഡ് കമ്യൂണിറ്റി ഔട്ട്‌റീച്ച് ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. ഔട്ട്‌റീച്ചിന്റെ ഭാഗമായുള്ള ഗ്രേസ് സൂപ്പ് കിച്ചണില്‍ സോമന്‍ രണ്ടു വര്‍ഷമായി സേവനമനുഷ്ടിക്കുന്നു. 90 ശതമാനം ആഫ്രിക്കന്‍ അമേരിക്കക്കാരും പാവങ്ങളും അടങ്ങിയതാണ് ഈ മേഖല. പ്രതിദിനം 150 ലഞ്ച് വിതരണം ചെയ്യുന്നു.

അന്നദാനം മഹാദാനം എന്ന തത്വത്തോടുള്ള പ്രതിബദ്ധതയാണ് സൂപ്പ് കിച്ചണില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണയായതെന്ന് സോമന്‍ പറഞ്ഞു. ബോര്‍ഡിലേക്കും മറ്റും തന്നെ ഉള്‍പ്പെടുത്തുമെന്നു കരുതിയില്ല. എങ്കിലും അതൊരു അംഗീകാരമായി കരുതുന്നു. ഇന്ത്യക്കാര്‍ ആരും തന്നെ ബോര്‍ഡില്‍ മുന്‍പ് അംഗങ്ങളായി വന്നതായി കണ്ടിട്ടില്ല.

ചര്‍ച്ചിലെ ഗ്ലീനിംഗ് (കാലാ പെറുക്ക്), സോഷ്യല്‍ വര്‍ക്ക് തുടങ്ങിയവ ചെയ്ത് ആരംഭിച്ചതാണ് സേവനരംഗം. അത് മറ്റുള്ളവര്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായി. യു.എന്നില്‍ നിന്ന് റിട്ടയര്‍ ചെയ്തതോടെ പല വിധത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ അവസരം കിട്ടി. മീല്‍സ് ഓണ്‍ വീല്‍സ്, ബ്രിഡ്ജ് വാട്ടര്‍ ടെമ്പിളിലെ സൂപ്പര്‍ കിച്ചണ്‍, വൃദ്ധരെ പോയി കാണുക തുടങ്ങിയവ ദിനചര്യയുടെ ഭാഗമായി.

സര്‍ട്ടിഫൈഡ് ഹോസ്പീസ് വാളണ്ടിയര്‍ എന്ന നിലയില്‍ വിസിറ്റിംഗ് നഴ്‌സസ് അസോസിയേഷനുവേണ്ടി പ്രായമായവരേയുംആസന്ന മരണരായ രോഗികളെയും സന്ദര്‍ശിക്കുന്നു. ആറു മാസത്തിനുള്ളില്‍ മരിക്കുമെന്നു ഉറപ്പുള്ളവരാണ് ഈ രോഗികള്‍. ഇവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് വോളണ്ടിയര്‍മാര്‍.

റെഡ് ക്രോസിന്റെ ബ്ലഡ് ഡൊണേഷന്‍ െ്രെഡവിന്റെ ചുക്കാന്‍ പിടിക്കുന്നു. ബോണ്‍മാരോ കണ്ടെത്താനുള്ള ഡ്രൈവിനും തുണയായി നില്‍ക്കുന്നു.

സോമര്‍സെറ്റ് കൗണ്ടിയില്‍ മീല്‍സ് ഓണ്‍ വീല്‍സ് പ്രോഗ്രാമില്‍ 2009 മുതല്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. അതിനു പ്രത്യേക ബഹുമതി പത്രവും ലഭിച്ചു.

ആശുപത്രികളിലും മറ്റും സേവന പ്രവര്‍ത്തനം നടത്തിയ അമ്മയില്‍ നിന്നാണ് കാരുണ്യ പ്രവര്‍ത്തനത്തിന് തനിക്ക് പ്രചോദനം ലഭിച്ചതെന്നു സോമന്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച ഉപവാസമിരുന്ന് മിച്ചംവയ്ക്കുന്ന ഭക്ഷണം ഭിക്ഷക്കാര്‍ക്ക് കൊടുക്കുക എന്നത് അമ്മയുടെ ശീലമായിരുന്നു. ഭാര്യ ശാന്തയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി നില്‍ക്കുന്നു.

വിദ്യാര്‍ത്ഥിയായി 1973ലാണ് സോമന്‍ അമേരിക്കയിലെത്തുന്നത്. ക്വീന്‍സിലും ബ്രോങ്ക്‌സിലും താമസിക്കുമ്പോള്‍ കേരള സ്‌പൈക്കേഴ്‌സ്വോളിബോള്‍ ക്ലബിന്റെ സ്ഥാപക പ്രസിഡന്റായി. അതുപോലെ ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ സ്ഥാപകാംഗവും. 56 ചീട്ടുകളിയുടെ ആരാധകന്‍. 2012ല്‍ അമേരിക്കന്‍ ഇന്റര്‍നാഷണലില്‍ ചാമ്പ്യനായി.

ഇപ്പോള്‍ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറാണ്. ന്യൂജേഴ്‌സിയിലെ ബാസ്കിംഗ് റിഡ്ജില്‍ താമസിക്കുന്നു.

കൂടുതല്‍ രംഗങ്ങളില്‍ സേവന പ്രവര്‍ത്തനം എന്നതാണു ഭാവിയിലേക്കു ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവര്‍ക്ക് പങ്കാളികളാകാം

Share This Post