പിതാവിന്റെ ഘാതകന്റെ വധശിക്ഷ ഒഴിവാക്കണമെന്നു മകന്‍

സാന്‍ അന്റോണിയൊ : 2004 ല്‍ സാന്‍ അന്റോണിയായിലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ കവര്‍ച്ച നടത്തുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ഹസ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധ ശിക്ഷ ഒഴിവാക്കണമെന്ന് മകന്‍ മിതേഷ് പട്ടേല്‍ ആവശ്യപ്പെട്ടു.

ജൂലൈ 17 ന് നിശ്ചയിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം ടെക്‌സസ് കോര്‍ട്ട് ഓഫ് ക്രിമിനല്‍ അപ്പീല്‍സ് തള്ളിയിരുന്നു.

14 വര്‍ഷം മുമ്പ് 21 വയസ്സുള്ള പ്രതിയുടെ അറിവില്ലായ്മയായിരിക്കും ഇങ്ങനെയൊരു കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും, 14 വര്‍ഷത്തെ ജയില്‍ ജീവിതം പ്രതി ക്രിസ് യങ്ങിന്റെ ജീവിതം ആകെ മാറ്റിമറിച്ചിരിക്കുകയാ ണെന്നും ക്രിസിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ കുട്ടികള്‍ക്ക് പിതാവും മാതാപിതാക്കള്‍ക്ക് ഒരു മകനും നഷ്ടപ്പെടുന്നതിനു മാത്രമേ ഉപകരിക്കൂ എന്നും പട്ടേല്‍ പറഞ്ഞു. മരണത്തെ പ്രതീക്ഷിച്ചു ഡെത്ത് റോയില്‍ കഴിയുന്ന ക്രിസ് കുട്ടികള്‍ക്ക് നല്ലൊരു പിതാവും ഒഴിവു സമയങ്ങളില്‍ നല്ലൊരു പെയിന്ററുമായി മാറി കഴിഞ്ഞിട്ടുണ്ട്.

മിതേഷ് പട്ടേല്‍ തന്നെ മുന്‍കൈയ്യെടുത്ത് 23,000 ഒപ്പുകള്‍ ശേഖരിച്ചു ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടിന്റെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് യാതൊരു അനുകമ്പയും പ്രകടിപ്പിക്കാത്ത ഗവര്‍ണര്‍ ക്രിസിന്റെ വധശിക്ഷ ഒഴിവാക്കുമോ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മിതേഷും ഘാതകന്റെ കുടുംബാംഗങ്ങളും.

പി. പി. ചെറിയാന്‍

Share This Post