ഫീനിക്‌സ് തിരുകുടുംബ ദേവാലയത്തിലെ സമ്മര്‍ ക്യാമ്പ് സമാപിച്ചു

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ജൂലൈ 13,14,15 തീയതികളില്‍ സമ്മര്‍ ക്യാമ്പ് നടത്തപ്പെട്ടു. സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് നയിച്ചത് ചിക്കാഗോയില്‍ നിന്നുള്ള ഡി.എസ്.ടി സിസ്റ്റേഴ്‌സ്, സിസ്റ്റര്‍ നിര്‍മ്മല, സി. അല്‍ഫോന്‍സ്, സി. വിനയ, സി. ക്രിസ്റ്റി എന്നിവരായിരുന്നു.

പരിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പഠന ക്ലാസുകളും ചോദ്യോത്തരവേളകള്‍ക്കുമൊപ്പം പാട്ട്, ഡാന്‍സ്, സ്കിറ്റ്, ടാബ്ലോ, വിവിധതരം ഗെയിമുകള്‍ എന്നിവയും ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു. 1 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പിന് ഹൈസ്കൂള്‍ കുട്ടികളുടെ സഹകരണവും പിന്തുണയും ഏറെ സഹായകരമായി.

പരിശുദ്ധ കുര്‍ബാനയുടെ വിവിധതലങ്ങളും ആചാരക്രമങ്ങളും അവയുടെ അര്‍ത്ഥയും ലളിതമായ രീതിയില്‍ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ സമ്മര്‍ ക്യാമ്പ് വിജയിച്ചു. യേശുവിലുള്ള വിശ്വാസവും സ്‌നേഹവും ക്രൈസ്തവ ആരാധനയുടെ കേന്ദ്രബിന്ദുവായ വിശുദ്ധ കുര്‍ബാനയിലെ സജീവ പങ്കാളിത്തത്തിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യം നേടിയതുവഴി ഈ ക്യാമ്പ് തികച്ചും ഉപയോഗപ്രദവും വിജയകരവുമായിരുന്നെന്ന് പ്രിന്‍സിപ്പല്‍ റിന്‍സണ്‍ ജോണ്‍ തന്റെ നന്ദി പ്രകാശനത്തില്‍ പരാമര്‍ശിച്ചു.

കുട്ടികള്‍ക്ക് ഉല്ലാസത്തോടൊപ്പം വിജ്ഞാനവും വിവേകവും പകരുന്ന ഇത്തരം ക്യാമ്പുകള്‍ അനുമോദനാര്‍ഹമാണെന്ന് ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍ അഭിപ്രായപ്പെട്ടു. ഇടവകയിലെ കൊച്ചു കുട്ടികള്‍ക്കായി സമയവും കഴിവും വിനിയോഗിക്കാന്‍ മതാധ്യാപകരും ഡി.എസ്.ടി സിസ്റ്റേഴ്‌സും ഹൈസ്കൂള്‍ കുട്ടികളും പാരീഷ് കൗണ്‍സിലും നടത്തിയ കൂട്ടായ ഉദ്യമത്തെ അച്ചന്‍ അഭിനന്ദിച്ചു. ക്യാമ്പില്‍ നിന്നും ലഭിച്ച നല്ല പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുവാനും മാതൃകാപരമായ ക്രൈസ്തവ ജീവിതം നയിക്കുവാനും, ഓരോ ദിവ്യബലിയിലും സജീവസാന്നിധ്യമായ യേശുക്രിസ്തുവിനെ ഏവര്‍ക്കും ഹൃദയത്തില്‍ അനുഭവവേദ്യമാകട്ടെ എന്നും ജെയിംസച്ചന്‍ ആശംസിച്ചു. സുഷാ സെബി (പി.ആര്‍.ഒ, ഹോളിഫാമിലി സീറോ മലബാര്‍ ചര്‍ച്ച്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post