ഫീനിക്‌സില്‍ സോണിയച്ചന് യാത്രയയപ്പ്

അരിസോണ: സീറോ മലബാര്‍ ദേവാലയത്തില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ദേവാലയത്തിലേക്ക് സ്ഥലംമാറിപ്പോകുന്ന ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയിലിന് (സോണിയച്ചന്‍) ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

പാരീഷ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ ഭക്തസംഘടനകളുടേയും, സണ്‍ഡേ സ്കൂള്‍, യുവജനങ്ങള്‍, പാരീഷ് കൗണ്‍സില്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം എന്നിവയുടേയും സംയുക്ത വളര്‍ച്ചയ്ക്ക് അച്ചന്‍ നല്‍കിയ സമഗ്രസംഭാവനകളെ സമൂഹം നന്ദിയോടെ സ്മരിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇടവകയുടെ ആദ്ധ്യാത്മികവും സാംസ്കാരികവുമായ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച സോണിയച്ചന്‍ ഇടവകയ്ക്ക് നല്ലൊരു മുതല്‍ക്കൂട്ടായിരുന്നു. അച്ചന്റെ നേതൃത്വത്തില്‍ തുടങ്ങിയ മലയാളം അക്കാഡമിയും, കള്‍ച്ചറല്‍ അക്കാഡമിയും അവയില്‍ ചിലതുമാത്രം.

കൃത്യനിഷ്ഠയും സംഘടനാ പാടവവും, ഏവരോടും സ്‌നഹത്തോടും സൗഹൃദത്തോടനുമുള്ള പെരുമാറ്റവും സര്‍വ്വോപരി പ്രാര്‍ത്ഥനാ നിര്‍ഭരവുമായ അച്ചന്റെ ജീവിതശൈലി മാതൃകാപരമായിരുന്നെന്നും, പുതിയ കാല്‍വെയ്പിലും അതു തുടര്‍ന്നുകൊണ്ടുപോകുവാനുള്ള ദൈവാനുഗ്രഹം ലഭ്യമാകട്ടെ എന്നും പാരീഷ് കൗണ്‍സിലിനെ പ്രതിനിധാനം ചെയ്ത് തോമസ് അപ്രേം ആശംസിച്ചു.

യുവജനങ്ങളോടും കുട്ടികളോടും അച്ചന്‍ കാണിച്ചിരുന്ന കരുതലും സ്‌നേഹവും തികച്ചും ശ്ശാഘനീയമായിരുന്നു. സഭയുടെ ഭാവി വാഗ്ദാനങ്ങളായി അവരെ കരുതുകയും ഒത്തൊരുമിപ്പിച്ച് നയിക്കുകയും ചെയ്ത അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമായി തുടരുമെന്ന് യുവജന പ്രതിനിധി ചാക്കോ തോമസ് തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

സോണിയച്ചന് സ്‌നേഹത്തിന്റേയും കൃതജ്ഞതയുടേയും ഒരായിരം ആശംസകളും സ്‌നേഹോപഹാരവും നല്‍കിക്കൊണ്ട് ചടങ്ങ് സമാപിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ സാന്റാഅന്ന ഫൊറോനയില്‍ നിന്നും വരുന്ന ഫാ. ജയിംസ് നിരപ്പേല്‍ ആണ് ഫീനിക്‌സിന്റെ പുതിയ ഇടയന്‍.

ജോയിച്ചന്‍ പുതുക്കുളം

Share This Post