ഫ്‌ളോറിഡാ കടല്‍ത്തീരത്തു നിന്നും ശംഖ് ശേഖരിച്ച ടെക്‌സസ് യുവതിക്ക് തടവും പിഴയും

ഫ്‌ളോറിഡ: ടെക്‌സസില്‍ നിന്നും ഫ്‌ളോറിഡാ സന്ദര്‍ശനത്തിനെത്തിയ ഡയാന ഫിസ്ക്കല്‍ ഗൊണ്‍സാലോസിനു ഫ്‌ലോറിഡാ കടല്‍ തീരത്തു നിന്നും 40 ശംഖ് ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു. 500 ഡോളര്‍ പിഴയടക്കാനും ഫ്‌ലോറിഡാ കോടതി ഉത്തരവിട്ടു. 268 ഡോളര്‍ കോടതി ചെലവും നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ആരോ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മിഷന്‍ അറസ്റ്റ് ചെയ്തു കേസെടുത്തത്.

ജൂലൈ 13 ന് കോടതിയില്‍ ഹാജരായ ഇവര്‍ കുറ്റ സമ്മതം നടത്തുകയും ശിക്ഷ അംഗീകരിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനാണ് ഇവ ശേഖരിച്ചതെന്നു ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. ഒഴിഞ്ഞ ശംഖ് ശേഖരിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും ശംഖ് ശേഖരിക്കുന്നത് നിയമ ലംഘനമാണ്. വളരെ അപൂര്‍വ്വമായ ഇവയ്ക്കുള്ളില്‍ ലിവിങ്ങ് ഓര്‍ഗാനിസം ഉണ്ടെന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്.

പതിനഞ്ചു ദിവസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് 30 മുതലാണ് ആരംഭിക്കുക. കോടതിയില്‍ ഹാജരായ ഒരു ദിവസം ഇവര്‍ക്ക് ഇളച്ചു നല്‍കിയിട്ടുണ്ട്.

പി പി ചെറിയാന്‍

ഡാലസിലെ താപനില അടുത്ത മൂന്നു ദിവസങ്ങളില്‍ 110 ഡിഗ്രി വരെ ഉയരുമെന്നു മുന്നറിയിപ്പ്

ഡാലസ് : നോര്‍ത്ത് ടെക്‌സസിലെ ഡാലസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അടുത്ത മൂന്നു ദിവസം താപനില 110º ഫാരന്‍ഹിറ്റ് വരെ ഉയരുമെന്നു നാഷണല്‍ വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 18 ബുധന്‍ ഡാലസ് വിമാനത്താവളത്തില്‍ 110º ഡിഗ്രിയായിരുന്നു താപനില. വ്യാഴാഴ്ച 107º , വെള്ളി 108º , ശനി 110º വരെ ഉയരുമെന്നതിനാല്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് 46 കൗണ്ടികളിലുള്ളവര്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അലര്‍ജിയും ശ്വാസകോശ രോഗവുമുള്ളവരെ ഇതു കാര്യമായി ബാധിക്കുമെന്നു മെത്തഡിസ്റ്റ് ചാര്‍ട്ടന്‍ മെഡിക്കല്‍ സെന്ററിലെ പള്‍മനോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ മുള്ളര്‍ പറഞ്ഞു. ഇന്‍ഹെയ്!ലര്‍ കൈവശം വച്ചു ശീതികരണ മുറികളില്‍ കഴിയുന്നതാണു നല്ലതെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

വാഹനമുപയോഗിക്കാന്‍ ടയര്‍ പ്രഷറും ബാറ്ററിയും പരിശോധിച്ചു പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണമെന്നും യാത്ര ചെയ്യുന്നവര്‍ വെള്ളക്കുപ്പികള്‍ കൈവശം വയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാസ്തമനത്തിനു ശേഷം മാത്രം പുറത്തിറങ്ങി നടക്കുന്നതാണ് നല്ലതെന്നും തുടര്‍ന്ന് പറയുന്നു,

അതേ സമയം, വൈദ്യുതി ഉപയോഗം ടെക്‌സസില്‍ റിക്കാര്‍ഡ് കടന്നു. വൈകിട്ട് 4 മുതല്‍ 5 വരെ ശരാശരി 72,192 മെഗാവാട്ടാണ് ഉപയോഗിക്കുന്നതെന്ന് ടെക്‌സസ് ഇലക്ട്രിക് റിലയബിലിറ്റി കൗണ്‍സില്‍ അറിയിപ്പില്‍ പറയുന്നു.

പി. പി. ചെറിയാന്‍

ഇന്ത്യന്‍ യുവ പൈലറ്റ് നിഷ സെഗ്വാള്‍ ഫ്‌ളോറിഡ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: ജൂലൈ 17-ന് ഫ്‌ളോറിഡയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് കൊല്ലപ്പെട്ട നാലു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവ പൈലറ്റ് നിഷ സെഗ്വാളും (19) ഉള്‍പ്പെടുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്ന് (ജൂലൈ 18) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ജോര്‍ജ് സാഞ്ചസ് (22), റാള്‍ഫ് നൈറ്റ് (72), കാര്‍ലോസ് ആല്‍ഫ്രഡോ (22) എന്നിവരാണ് മറ്റു മൂന്നുപേര്‍. ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്കൂളിന്റെ വകയായിരുന്നു അപകടത്തില്‍പ്പെട്ട ഇരു വിമാനങ്ങളും.

മോശം കാലാസ്ഥയായിരുന്നു അപകടകാരണമെന്നു പറയപ്പെടുന്നു. പ്രതികൂല കാലാവസ്ഥ മൂലം നിര്‍ത്തിവെച്ചിരുന്ന അന്വേഷണം ജൂലൈ 18-ന് പുനരാരംഭിച്ചതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.

ഡല്‍ഹി അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നം പ്രൈവറ്റ് ഫ്‌ളൈറ്റ് ലൈസന്‍സ് നേടിയിരുന്ന നിഷ 2017-ലാണ് അമേരിക്കയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്കൂളില്‍ പരിശീലനം ആരംഭിച്ചത്.

2007 -17 കാലഘട്ടത്തില്‍ ഇതേ ഫ്‌ളൈറ്റ് സ്കൂളിലെ രണ്ടു ഡസനിലധികം വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നു മയാമി ഡേഡ് കൗണ്ടി മേയര്‍ കാര്‍ലോസ് ജാമിനസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു.

പി.പി. ചെറിയാന്‍

ഇന്ത്യന്‍ അമേരിക്കന്‍ യുവതി ജസ് റാണി നാസാ മിഷന്‍ കണ്‍ട്രോള്‍ ഡയറക്ടര്‍

ഹൂസ്റ്റണ്‍: നാസാ മിഷന്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഏയ്‌റെ സ്‌പേയ്‌സ് എന്‍ജിനീയര്‍ ജസ്‌റാണി ഇടം നേടി.പുതിയതായി നിയമിക്കപ്പെട്ട ആറുപേരില്‍ ഏക ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറാണ് പൂജ.ഓസ്റ്റന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നും 2007 ല്‍ എയ്‌റൊ സ്‌പേയ്‌സ് എന്‍ജിനീയറിംഗില്‍ ബിരുദം നേടി.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ യുണൈറ്റഡ് സ്‌പേയ്‌സ അലയന്‍സില്‍ പരിശീലനം നേടിയിരുന്നു.

സ്‌പേയ്‌സ് സ്റ്റേഷന്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ടീമംഗമെന്ന നിലയില്‍ ലൈഫ് സപ്പോര്‍ട്ട്, കാപ്‌സ്യൂള്‍ കമ്മ്യൂണിക്കേറ്റര്‍, ബഹിരാകാശ സഞ്ചാരികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ നിരവധി ചുമതലകളാണ് പൂജയില്‍ നിക്ഷിപ്തമായിരിക്കുന്നത്.

2003 ല്‍ ബഹിരാകാശ യാത്രയില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടയില്‍ സ്‌പേയ്‌സ് ഷട്ടില്‍ കൊളംബിയ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ കല്പനാ ചൗള കൊല്ലപ്പെട്ടിരുന്നു. കല്പനാ ചൗളക്കുശേഷം നാസായില്‍ ഉയര്‍ന്ന സ്ഥാനത്തു നിയമനം ലഭിക്കുന്ന ആദ്യ സ്‌പേയ്‌സ് എന്‍ജിനീയറാണ് പൂജാ ജസ്‌റാണി.

പി.പി. ചെറിയാന്‍

ഹഷ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ് വില്ല (ടെക്‌സസ്) : സാന്‍ അന്റോണിയൊ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമ ഇന്ത്യന്‍ അമേരിക്കന്‍ ഹഷ്മുഖ് പട്ടേലിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ക്രിസ്റ്റഫര്‍ യങ്ങിന്റെ (37) വധശിക്ഷ ജൂലൈ 17 ചൊവ്വാഴ്ച വൈകിട്ട് ടെക്‌സസ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. മോഷണ ശ്രമത്തിനിടയിലായിരുന്നു വെടിവയ്പ്.ജയില്‍ ജീവിതത്തിനിടയില്‍ പ്രതിക്കുണ്ടായ മാനസാന്തരവും മറ്റു സഹതടവുകാര്‍ക്ക് നല്‍കിയിരുന്ന സേവനവും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി കൊടുക്കണമെന്ന് കൊല്ലപ്പെട്ട പട്ടേലിന്റെ മകന്‍ നേരിട്ട് ടെക്‌സസ് ഗവര്‍ണരോട് ആവശ്യപ്പെട്ടിരുന്നു.

2004 ല്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ യുവാവായിരുന്ന ക്രിസ്റ്റഫര്‍ക്ക് അനന്തര ഫലങ്ങളെ കുറിച്ചുള്ള അജ്ഞത പരിഗണിക്കണമെന്നാവശ്യവും തള്ളിയിരുന്നു.വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അവസാന നിമിഷം സമര്‍പ്പിക്കപ്പെട്ട അപേക്ഷയും തള്ളി നിമിഷങ്ങള്‍ക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു. മാരകമായ വിഷ മിശ്രിതം ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ജൂലൈ 13 ന് ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സും വധശിക്ഷക്ക് അനുമതി നല്‍കിയിരുന്നു. അമേരിക്കയിലെ ഈ വര്‍ഷത്തെ 13ാമത്തേതും ടെക്‌സസിലെ എട്ടാമത്തേതുമായ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.

1976 ല്‍ യുഎസ് സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതു മുതല്‍ 553 പേരെ ടെക്‌സസില്‍ മാത്രം വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.വിഷ മിശ്രിതം കുത്തിവച്ചു നടത്തുന്ന വധശിക്ഷ ക്രൂരവും ഭയാനകവുമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ടെക്‌സസ് സംസ്ഥാനത്ത് വധശിക്ഷ നിര്‍ബാധം തുടരുകയാണ്.

പി.പി. ചെറിയാന്‍

ബോബി സി. പറമ്പിലും, തോമസ് നടുനിലവും ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭ്ദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ കൊടി ഉയരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കോണ്‍ഫറന്‍സില്‍ കൈത്താങ്ങളുമായി രണ്ടു പുതിയ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടുവന്ന് കോണ്‍ഫറന്‍സില്‍ ശക്തി പകര്‍ന്നുവെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ് അറിയിച്ചു.

ബോബി സി. പറമ്പിലും, തോമസ് നെടുനിലവും എല്‍മണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളാണ്. രണ്ടുപേരും പത്തുടിക്കറ്റുകള്‍ വീതം വാങ്ങിയാണ് ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുത്തത്. റാഫിളിന്റെ നറുക്കെടുപ്പ് ജൂലൈ 20ന് നടക്കും.

കോണ്‍ഫറന്‍സ് ഹാളിന് പുറത്ത് പ്രവര്‍ത്തിയ്ക്കുന്ന റാഫിള്‍ ബൂത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും സന്ദര്‍ശിയ്ക്കണമെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിക്കുന്നു.

രാജന്‍ വാഴപ്പള്ളില്‍

കോണ്‍ഫറന്‍സ് ദിനങ്ങള്‍ സുഗമമാക്കേണ്ടത് ഇങ്ങനെ

ന്യൂയോര്‍ക്ക്: ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമര്‍ 5:3) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നതാണ് കോണ്‍ഫറന്‍സിലെ ചിന്താവിഷയം. കാലിക പ്രാധാന്യമുള്ള കോണ്‍ഫറന്‍സ് തീം മുറുകെ പിടിച്ചു പ്രാവര്‍ത്തികമാക്കാന്‍ കോണ്‍ഫറന്‍സിന് കഴിയട്ടെ എന്നു ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.

അധികാരികളോടുള്ള വിധേയത്വവും നിയമാവലികളോടുള്ള ബഹുമാനവും അനുസരണയും പരസ്പര ശാക്തീകരണത്തിന് വഴി തെളിക്കും. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമര്‍പ്പണവും അത്യന്താപേക്ഷിതമാണ്.

കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേര്‍ക്കുന്നു. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ അനുസരിച്ച് എല്ലാവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.സമയ നിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. കോണ്‍ഫറന്‍സില്‍ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.

കോണ്‍ഫറന്‍സില്‍ യോജ്യവും സന്ദര്‍ഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു.രാത്രി 11 മണി മുതല്‍ പ്രഭാത പ്രാര്‍ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്.കലഹാരി കോണ്‍ഫറന്‍സ് സെന്ററില്‍ ലഹരി വസ്തുക്കള്‍ കര്‍ശനമായി വിലക്കിയിരിക്കുന്നതും ഇതു ലംഘിക്കുന്നവരെ കോണ്‍ഫറന്‍സില്‍ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമെ നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കോണ്‍ഫറന്‍സ് സെന്ററില്‍ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫേ സ്റ്റേഷനുകളില്‍ വിളമ്പുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഡൈനിങ് ഏരിയായ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടുള്ളതല്ല.

കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാന്‍ഡും മറ്റുള്ളവര്‍ക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോണ്‍ഫറന്‍സ് സെന്ററിലോ മുറികളിലോ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവരാണ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടര്‍പാര്‍ക്ക് മുതലായ സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഫെസിലിറ്റിക്കോ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.

കോണ്‍ഫറന്‍സ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകള്‍ വരുത്തിയാല്‍ അവര്‍ തന്നെ ഉത്തരവാദികളായിരിക്കും. ഓരോരുത്തരും അവരവരുടെയും അവര്‍ക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സിനും മറ്റ് ബാധ്യതാ ഇന്‍ഷുറന്‍സുകള്‍ക്കും ഉത്തരവാദപ്പെട്ടിരിക്കും.

ഫാമിലി കോണ്‍റന്‍സില്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വെബ് സൈറ്റിലും റജിസ്‌ട്രേഷന്‍ ഫോമിലും കൂടാതെ ഇ- മെയിലുകള്‍, മൊബൈല്‍ ആപ്പ് മുഖേനയും എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിക്കുന്നു. ഈ നിബന്ധനകള്‍ പാലിച്ച് ഉത്തരവാദിത്ത ബോധത്തോടെ സംബന്ധിച്ച് ഈ കോണ്‍ഫറന്‍സ് വിജയമാക്കിത്തീര്‍ക്കണമെന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക് :
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Mathew Varughese (631) 891-8184, babyammal@hotmail.com
Family conference website – www.fyconf.org
Conference Site – https://www.kalahariresorts.com/Pennsylvania

ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു പ്രൗഡോജ്വലമായ തുടക്കം

കലഹാരി (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന 2018 ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു ഉത്സവതിമിര്‍പ്പോടെ തിരശീല ഉയര്‍ന്നു. പെന്‍സില്‍വേനിയ കലഹാരി റിസോര്‍ട്ട് സെന്ററില്‍ വച്ച് ജൂലൈ 18 മുതല്‍ 21 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30-ന് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ പങ്കെടുത്ത വര്‍ണ്ണാഭമാര്‍ന്ന ഘോഷയാത്ര കോണ്‍ഫറന്‍സിനു നിറച്ചാര്‍ത്തു സമ്മാനിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നായി 1040 അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര നയനാന്ദകരമായി. ഏറ്റവും മുന്നില്‍ ഫാമിലി കോണ്‍ഫറന്‍സ് ബാനര്‍. തുടര്‍ന്നു അമേരിക്കയുടെയും ഇന്ത്യയുടെയും കാതോലിക്കേറ്റിന്റെയും പതാക വഹിച്ചു കൊണ്ട് സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ റാസ ഗീതങ്ങള്‍ ആലപിച്ചു കൊണ്ടാണു മുന്നോട്ടു നീങ്ങിയത്. ഫിലഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള ശിങ്കാരിമേളം നയിച്ചിരുന്നത് ഇടവകയില്‍ നിന്നുള്ള സ്ത്രീജനങ്ങളായിരുന്നു.

ഓരോ മേഖലകളും നയിച്ചിരുന്നത് ഏരിയ കോര്‍ഡിനേറ്റര്‍മാരായിരുന്നു. അവരെ തുടര്‍ന്നു ഓരോ മേഖലകളില്‍ നിന്നുമുള്ള ഇടവക ജനങ്ങള്‍ രണ്ടു വരിയായി അണിനിരന്നാണ് മുന്നോട്ടു നീങ്ങിയത്. തുടര്‍ന്നായിരുന്നു ക്വീന്‍സി ല്‍ നിന്നുള്ള ശിങ്കാരിമേളം. ഘോഷയാത്രയുടെ കോര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറയും ജോണ്‍ വറുഗീസും നടത്തിയ ക്രമീകരണങ്ങള്‍ വിലമതിക്കാനാവാത്തതായിരുന്നുവെന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ വറുഗീസ് എം. ഡാനിയല്‍ അറിയിച്ചു. ഘോഷയാത്രയില്‍ പങ്കെടുത്തും കോണ്‍ഫറന്‍സ് വന്‍ വിജയവുമാക്കി തീര്‍ത്ത എല്ലാ വിശ്വാസികളോടുമുള്ള നന്ദി ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

ശേഷം ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കോണ്‍ഫറന്‍സ് നടപടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കഷ്ടതകളെ പൂര്‍ണ്ണ മനസ്സോടെ നേരിടുന്നതാണ് അല്ലാതെ അവയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതല്ല ക്രിസ്തീയ സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗരേഖയെന്നും അതിനുള്ള സഹനശക്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അതിലൂടെ സിദ്ധതയും പ്രത്യാശയും വളരട്ടെയെന്നും തന്റെ അധ്യക്ഷപ്രസംഗത്തില്‍ മാര്‍ നിക്കോളോവോസ് ആശംസിച്ചു. തുടര്‍ന്നു നിലവിളക്കു തെളിച്ചു കൊണ്ട് കോണ്‍ഫറന്‍സ് പരിപാടികള്‍ക്കു തുടക്കമായി.

മുഖ്യാതിഥി റവ.ഡോ.ജേക്കബ് കുര്യന്‍ ചിന്താവിഷയത്തെ സ്പര്‍ശിച്ചു കൊണ്ടു സംസാരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ഉദ്ധരിച്ചു കൊണ്ട് മുന്നിലിരിക്കുന്നതു അമേരിക്കയില്‍ വസിക്കുന്ന മലയാളികളാണെന്ന ബോധ്യം തനിക്കു ഉണ്ടെന്ന് അച്ചന്‍ ഭംഗ്യാന്തരേണ സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയമായ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന വിഷയത്തെ പരിചയപ്പെടുത്തിയാണ് കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കായി റവ. ഡോ. ജേക്കബ് കുര്യന്‍ സംസാരിച്ചത്. യുവജനങ്ങള്‍ക്കായി മുഖ്യപ്രഭാഷണം നടത്തുന്ന ഫാ. ജേക്ക് കുര്യന്‍ കോണ്‍ഫറന്‍സ് ചിന്താവിഷയം പരിചയപ്പെടുത്തി ചെയ്ത പ്രഭാഷണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അമേരിക്കയിലുണ്ടായിട്ടുള്ള വളര്‍ച്ചയെ സ്വാനുഭവത്തെ ഉദ്ധരിച്ചു സാക്ഷ്യപ്പെടുത്തി. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന തനിക്കും മറ്റ് അനവധി ചെറുപ്പക്കാര്‍ക്കൊപ്പം പൗരോഹിത്യം സ്വീകരിക്കുന്നതിന് കിട്ടിയ പ്രചോദനം സഭയുടെ ആത്മീയ വളര്‍ച്ചയായി കാണേണ്ടിയിരിക്കുന്നു എന്നു പ്രസ്താവിച്ചു.

സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ് പി. തോമസ് കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട നിയമാവലിയുടെ പ്രസക്തഭാഗങ്ങള്‍ പ്രതിപാദിച്ചു. എബി കുര്യാക്കോസ് റാഫിളിനെപ്പറ്റിയും, നിതിന്‍ എബ്രഹാം മൊബൈല്‍ ആപ്പിനെപ്പറ്റിയും, ആശാ ജോര്‍ജ് വ്യാഴാഴ്ച നടക്കുന്ന ടാലന്റ് നൈറ്റിനെപ്പറ്റിയും സംസാരിച്ചു. അമേരിക്കന്‍ ദേശീയഗാനം റിന്‍സു ജോര്‍ജ് ആലപിച്ചു. ഗായകസംഘം കാതോലിക്ക മംഗളഗാനം പാടി.

സെമിനാരിയന്‍ അമല്‍ പുന്നൂസ്, ട്രഷറര്‍ മാത്യു വറുഗീസ്, ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കോണ്‍ഫറന്‍സ് പ്രാസംഗികന്‍ ഫാ. വിജയ് തോമസ്, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോ എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. തോമസ് മാത്യു,ഡോ. ഫിലിപ്പ് ജോര്‍ജ്, സജി. എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. ശാസ്ത്രീയ സംഗീത മധുരിമയില്‍ ക്രൈസ്തവദര്‍ശനം ഉയര്‍ത്തിപ്പിടിച്ച ജോജോ വയലിലിന്റെ സുഗന്ധസംഗീതം ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസത്തെ ഭക്തിസാന്ദ്രമാക്കി. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നിറഞ്ഞ സദസ്സിനെ കൈയിലെടുത്തു കൊണ്ടാണ് ജോജോ വയലില്‍ കച്ചേരി അവതരിപ്പിച്ചത്. ശാസ്ത്രീയ ഗാനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു പാടിയ ക്രൈസ്തവ കീര്‍ത്തനങ്ങള്‍ നിറഞ്ഞ കൈയടികളോടെയാണ് സംഗീതപ്രേമികള്‍ എതിരേറ്റത്. കച്ചേരിക്ക് അകമ്പടിയേകിയത് സുഭാഷ്‌കുമാര്‍ (മൃദംഗം), റോണി (തബല), ജോര്‍ജ് (വയലിന്‍), വിജു (കീബോര്‍ഡ്) എന്നിവരാണ്. ശബ്ദ നിയന്ത്രണം നാദം സൗണ്ട്‌സ്. തോമസ് വറുഗീസ് (സജി) എംസിയായിരുന്നു. കോണ്‍ഫറന്‍സിന്റെ ചരിത്രത്താളുകളില്‍ സ്ഥാനം ഉറപ്പിച്ചാണ് ജോജോ കച്ചേരി അവസാനിപ്പിച്ചത്.

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വറുഗീസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ യോഗനടപടികള്‍ നിയന്ത്രിച്ചു.

രാജന്‍ വാഴപ്പള്ളില്‍

ചിക്കാഗോ കരിങ്കുന്നം സംഗമം ഓഗസ്റ്റ് നാലാം തീയതി ശനിയാഴ്ച

ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കരിങ്കുന്നം നിവാസികളുടെ സംഗമം 2018 ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ Lake Ave Woods 2622 Euclid Ave Northbrook IL വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കൂട്ടായ്മയുടെ ഭാഗമായി ജൂലൈ 1 ന് ജോസ് ഓലിയാനിക്കലിന്റെ ഭവനത്തില്‍ വച്ച് ചിക്കാഗോ കരിങ്കുന്നം നിവാസികളുടെ ഒരു സൗഹൃദ കൂട്ടായ്മ നടക്കുകയുണ്ടായി. ആ കൂട്ടായ്മയില്‍ 2018 ആഗസ്റ്റ് 4 ന് നടക്കാന്‍ പോകുന്ന ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ കൂട്ടായ്മയുടെ കണ്‍വീനേഴ്‌സായ സാജന്‍ ഉറുമ്പില്‍, ജോസ് ഓലായനി എന്നിവര്‍ സംയുക്തമായി പറഞ്ഞു.

ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങള്‍ പുതുക്കുന്നതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്ന് വിവാഹം കഴിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്‌സിംഗ് കിക്കോഫ് പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

ചിക്കാഗോ : 2018 സെപ്റ്റംബര്‍ 3-ാം തീയതി നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി ടൂര്‍ണമെന്റിന്റെ ഫണ്ട് റെയ്‌സിംഗ് കിക്കോഫ് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നൂറുകണക്കിനു കായികപ്രേമികളെ സാക്ഷി നിര്‍ത്തി അദ്ധ്വാനവര്‍ഗ്ഗത്തിന്റെ പടത്തലവന്‍, കേരളത്തിന്റെ ജനപ്രിയ നായകന്‍, കേരള മുഖ്യമന്ത്രി സ: പിണറായി വിജയന്‍ ശ്രീ. സൈമണ്‍ ചക്കാലപടവനും ശ്രീ. റോയി മുണ്ടയ്ക്കനും ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തതോടുകൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ മെഗാ ടൂര്‍ണമെന്റ് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്നു.

സോഷ്യല്‍ ക്ലബ്ബിന്റെ പ്രഥമ വടംവലി ടൂര്‍ണമെന്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തപ്പോള്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് ടൂര്‍ണമെന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത് ഭാഗ്യവും ചരിത്രവിജയവുമാണെന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍, സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവര്‍ പറഞ്ഞു.

ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5001 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സാബു പടിഞ്ഞറേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. ഇതു കൂടാതെ ബെസ്റ്റ് കോച്ച്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് സിക്‌സ്ത് എന്നിങ്ങനെയും സമ്മാനങ്ങളുണ്ട്.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം