ടെക്സാസ് നഴ്സിംഗ് ഹോമിൽ വെടിവെപ്പ് അഞ്ചു മരണം

റോബസ്‌ടൗൺ : കോർപസ് ക്രിസ്റ്റിക്‌ സമീപമുള്ള റെറ്റമ മാന്നാർ മേനാർ നഴ്‌സിംഗ് ഹോമിലുണ്ടായ വെടിവെപ്പിൽ അഞ്ചു പേര് മരിച്ചതായി റോബസ്‌ടൗൺ പോലീസ് അറിയിച്ചു . മരിച്ചവരിൽ അക്രമിയും ഉൾപെടുന്നു .ജൂലൈ 29 വെള്ളിയാഴ്ച രാതിയായിരുന്നു സംഭവം .വിവരം ലഭിച്ചയുടനെ എത്തിച്ചേർന്ന പോലീസ് ആദ്യം മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു . തുടർന്നു നടത്തിയ പരിശോധനയിൽ അടുത്ത് തന്നെ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുക്കുകയായിരുന്നു . 95 പേരാണ് നഴ്സിംഗ് ഹോമിൽ ഉണ്ടായിരുന്നത് . നാല് പുരുഷന്മാരും (അക്രമിയുൾപ്പട) ഒരു സ്ത്രീയുമായിരുന്നു മരിച്ചതെങ്കിലും വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല . വെടിവെപിന് പ്രേരിപ്പിച്ചതെന്താണെന്നു അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു.അക്രമി മരിച്ചവരുമായി ബന്ധപെട്ടവരാകാമെന്നു പോലീസ് പറഞ്ഞു .. നഴ്സിംഗ് ഹോമും പരിസരവും കനത്ത പോലീസ് ബന്തവസ്സിലാണ് .

പി.പി.ചെറിയാൻ

എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി മാത്യു സാമുവേല്‍ സംക്ഷിപ്ത വിവരണം നല്‍കി. ഭദ്രാസനത്തിലെ കാമ്പസ് മിനിസ്ട്രിയെ സജീവമാക്കാന്‍ ആലുംനി ചെയ്ത പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി പ്രത്യേകം പരാമര്‍ശിച്ചു. ‘ഭദ്രാസനത്തിന്‍റെ അടുത്ത പത്തുവര്‍ഷത്തെകുറിച്ചുള്ള വിഷന്‍’ എന്ന വിഷയത്തെകുറിച്ച് സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം ചര്‍ച്ച തുടങ്ങിവച്ചു. ഭദ്രാസനമിനിസ്ട്രികളില്‍ പ്രധാനമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെകുറിച്ച്, അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് ജോ ഏബ്രഹാം വിശദീകരിച്ചു. മുന്‍കാലങ്ങളില്‍ സഭാകാര്യങ്ങളിലും നേതൃകാര്യങ്ങളിലും സജീവമായിരുന്നവരും വിവിധകാരണങ്ങളാല്‍ വിശ്വാസകാര്യങ്ങളില്‍ നിന്ന് സമീപകാലത്തായി വിട്ടുനില്‍ക്കുന്നവരുമായവരെ സജീവമാക്കേണ്ടതുസംബന്ധിച്ച് ആലുംനി മുമ്പെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ഡോ. രാജു വര്‍ഗീസ് ഓര്‍മിപ്പിച്ചു. ഇസ്ലാമിന്‍റെ പ്രചരണമടക്കം കാമ്പസ് മിനിസ്ട്രി നേരിടുന്ന വെല്ലുവിളികളെ അച്ചന്‍ പരാമര്‍ശിച്ചു. കാമ്പസിലെ നിരീശ്വരവാദമുയര്‍ത്തുന്ന വെല്ലുവിളികളും പരാമര്‍ശിക്കപ്പെട്ടു.

എം ജി ഒ സി എസ് എം മുന്‍ ജനറല്‍ സെക്രട്ടറിയും ജാക്സണ്‍ഹൈറ്റ്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയുമായ ഫാ. ജോണ്‍ തോമസ്, താന്‍ കോളജിലായിരുന്ന കാലത്തെ കാമ്പസ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി യുവജനപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞു. കാമ്പസ് കാലത്ത് വിദ്യാര്‍ഥി നേതാവായിരുന്ന സൂസന്‍ വര്‍ഗീസ് (കൊച്ചമ്മ) കാമ്പസ്കാലത്തെ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മിച്ചെടുത്തു. തങ്ങളുടെ ഇടവകകളിലെ കോളജ് വിദ്യാര്‍ഥികളെകുറിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഇടവകവികാരിമാര്‍ക്ക് മെമോ അയച്ചെങ്കിലും ഏതാനും വികാരിമാര്‍ മാത്രമേ ഇതുസംബന്ധിച്ച് പ്രതികരിച്ചുള്ളുവെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

സണ്‍ഡേ സ്കൂളിലെ മുതിര്‍ന്ന കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവച്ച് അവരെ തുടര്‍ന്നും മിനിസ്ട്രിയുമായി ബന്ധപ്പെട്ട് നിര്‍ത്തുക, 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിംഗ് സെഷന്‍ സംഘടിപ്പിക്കുക, കോളജ് വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്ന തോന്നലുളവാകാതിരിക്കാനായി, അവര്‍ക്ക് ആവശ്യമുള്ള ഏത് സാഹചര്യത്തിലും നേരിട്ട് മിനിസ്ട്രിയുമായി ബന്ധപ്പെടാന്‍ സാഹചര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. ഫാ. വിജയ് തോമസിന്‍റെയും ഫാ. സുജിത് തോമസിന്‍റെയും നേതൃത്വത്തില്‍ ചില ഏരിയകള്‍ കേന്ദ്രീകരിച്ച് കാമ്പസുമായി ബന്ധപ്പെട്ട് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മാര്‍ നിക്കോളോവോസ് അനുസ്മരിച്ചു.
ഭദ്രാസനത്തില്‍ സ്വകാര്യ പ്രാര്‍ഥനാഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെകുറിച്ച് എം ജി ഒ സി എസ് എം യൂത്ത്ലീഗ് നേതാവും മുന്‍ ഭദ്രാസനകൗണ്‍സില്‍ മെംബറും ഫൊക്കാനാ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച പാരമ്പര്യമുളള ഫീലിപ്പോസ് ഫിലിപ്പ് ആശങ്ക പങ്കുവച്ചു. വൈകാരികവും സാമൂഹികമായ വിഷയങ്ങളിലും വ്യക്തിപരമായ പ്രശ്നങ്ങളിലും സാമുദായികമായി പിന്തുണ കുറയുന്ന സാഹചര്യമാണ് ഇത്തരം പ്രെയര്‍ഗ്രൂപ്പുകള്‍ മുതലെടുക്കുന്നതെന്ന് മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

വിശ്വാസപരമായി കൂടുതല്‍ ബോശവല്‍കരണം നല്‍കുന്നതിലൂടെയും അംഗങ്ങള്‍ തമ്മില്‍ ഇടവകതലത്തിലും ഭദ്രാസനതലത്തിലും ഊഷ്മളമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയും മാത്രമേ ഇത്തരം സാഹചര്യങ്ങളെ നേരിടാനാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ആല്‍ബനി സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയിലെ എയ്ന്‍സ് ചാക്കോ വിശ്വാസപരമായ ബോധ്യങ്ങള്‍ സംബന്ധിച്ച് ഓണ്‍ലൈന്‍ വീഡിയോകള്‍ പ്രയോജനപ്പെടുത്തുന്നതിനെകുറിച്ച് പരാമര്‍ശിച്ചത് തിരുമേനി അംഗീകരിച്ചെങ്കിലും ഈ രംഗത്തും വെല്ലുവിളികളുണ്ടെന്ന് തിരുമേനി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സംബന്ധിയായി വിവരങ്ങള്‍ ശേഖരിച്ച് സെന്‍റ് മേരീസ് ബ്രോങ്ക്സ് ഇടവകയില്‍ വച്ച് താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ സിറാകുസ് സെന്‍റ് തോമസ് ഇടവകയിലെ ചെറിയാന്‍ പെരുമാള്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഡിജിറ്റല്‍ വിവരശേഖരണസാധ്യതയെ എച്ച് ടി ആര്‍ സി ഡിജിറ്റല്‍ ലൈബ്രറിയില്‍ ഉപയോഗപ്പെടുത്തുന്നതിനെകുറിച്ച് തിരുമേനി പറഞ്ഞു.

സഭാകാര്യങ്ങള്‍ക്കായി ഡിജിറ്റല്‍ ലൈബ്രറി രൂപീകരിക്കുന്നത് ആലുംനിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണന്നത് അന്‍റൂ അവന്യുവിലെ സെന്‍റ് തോമസ് ചര്‍ച്ച് വികാരി ഫാ. എം കെ കുരിയാക്കോസ് ചൂണ്ടിക്കാട്ടി. ഏരിയാ കോഓര്‍ഡിനേറ്റേഴ്സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെ ഓരോ പ്രദേശങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനെകുറിച്ച,് വിദ്യാര്‍ഥിനേതാവെന്ന നിലയിലും സഭാപ്രവര്‍ത്തനങ്ങളിലും തിളങ്ങുന്ന പാരമ്പര്യത്തിനുടമയായ ഷൈനി രാജു പറഞ്ഞു. നിലവില്‍ എം ജി ഒ സി എസ് എം സെക്രട്ടറിയായ ലിസ രാജനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തിരുമേനി ആലുംനി അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. മാത്യു സാമുവല്‍ ചര്‍ച്ച ഉപസംഹരിച്ച് സംസാരിച്ചു. ജോയിന്‍റ് സെക്രട്ടറിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായ സജി പോത്തന്‍ നന്ദി പറഞ്ഞു. മാര്‍ നിക്കോളോവോസിന്‍റെ ആശീര്‍വാദത്തോടെയും ഗ്രൂപ്പ് ഫോട്ടോസെഷനോടെയും മീറ്റിംഗ് സമാപിച്ചു. എബി തരിയന്‍, രാജു ജോയി, ഏബ്രഹാം പോത്തന്‍, അനില്‍ വര്‍ഗീസ് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ജോര്‍ജ് തുമ്പയില്‍

ബ്രദര്‍. ജോസഫ് തച്ചാറ കറോയ പട്ടം സ്വീകരിച്ചു

ചിക്കാഗോ: സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണില്‍പ്പെട്ട ഹുസ്റ്റന്‍ സെന്റ് മേരിസ് ഫോറോന ഇടവകാംഗമായ ബ്രദര്‍ ജോസഫ് തച്ചാറ (അംങ്കിത്ത്) ചിക്കാഗോയിലെ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് അഭി.മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായില്‍ നിന്ന് കറോയ പട്ടം സ്വീകരിച്ചു. ജൂലായ് 26 ന് വ്യാഴാഴ്ച വൈകിട്ട് നടന്ന കറോയ പട്ടം സ്വീകരണ കര്‍മ്മങ്ങളിലും ദിവ്യബലിയിലും അഭി.മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാളും ക്‌നാനായ റീജിയണല്‍ ഡയറക്ടറുമായ മോണ്‍.തോമസ് മുളവനാല്‍, റവ.ഫാ.എബ്രഹാം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

കോട്ടയം അതിരൂപതയ്ക്ക് വേണ്ടി ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ബ്ര. അംങ്കിത്ത്, തച്ചാറ മാത്യുവിന്റെയും ജിന്നുവിന്റെയും പുത്രനാണ് . ചാക്കോച്ചന്‍ ഏകസഹോദരന്‍.

ബ്ര. അംങ്കിത്ത് ഇപ്പോള്‍ ചിക്കാഗോയിലെ മൊണ്ടലൈന്‍ റീജിയണല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം തുടരുന്നു. നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത തിരുകര്‍മ ചടങ്ങുകളുടെ സമാപനത്തില്‍ സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നേതൃത്വം നല്‍കി.

സ്റ്റീഫന്‍ ചൊള്ളബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മരുമകളെ മര്യാദ പഠിപ്പിക്കാന്‍ പറന്നുവന്ന മാതാപിതാക്കള്‍ക്ക് ശിക്ഷയും നാടുകടത്തലും

ഹില്‍സ്ബറൊ (ഫ്‌ളോറിഡാ): ഭാര്യയെ മര്യാദയും അനുസരണവും പഠിപ്പിക്കുന്നതിന് ഇന്ത്യയില്‍ നിന്നും ഭര്‍ത്താവ് കൊണ്ടുവന്ന മാതാപിതാക്കള്‍ മരുമകള മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും 24 മാസം വീതം നല്ല നടപ്പ് ശിക്ഷ കോടതി വിധിച്ചു. ജഡ്ജിയുട വിധി പുറത്തുവന്നയുടനെ കോടതി മുറിയിലുണ്ടായിരുന്ന ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഇമ്മിഗ്രേഷന്‍ ഏജന്റുമാര്‍ മാതാപിതാക്കള കസ്റ്റഡിയിലെടുത്തു ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കോടതി വിധി.

2017 സെപ്റ്റംമ്പറിലാണ് ഇന്ത്യന്‍ അമേരിക്കന്‍ സിസ്റ്റം അനലിസ്റ്റായ സില്‍ക്കിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസ്സില്‍ ഭര്‍ത്താവും, മാതാപിതാക്കളും അറസ്റ്റിലായത്.

ഇന്ത്യയില്‍ നിന്നും എത്തിയ പ്രായം ചെന്ന ജസ്ബീര്‍ കത്തിയെടുത്തു സില്‍ക്കിയെ വധിക്കുമന്ന ഭീഷണിപ്പെടുത്തുകയും. ഭാര്യ ബുപന്ദര്‍ ഇവരെ ആക്രമിക്കുകയും ചെയ്തതായി സില്‍കി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളായ ദേവ്ബീര്‍ കല്‍ബിയും (33) സില്‍ക്കിയും ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പരസ്പരം കണ്ടുമുട്ടി അഞ്ച്വര്‍ഷത്ത ഡേറ്റിംഗിന് ശേഷമാണ് വിവാഹിതരായത്. വിവാഹ ശേഷം ദേവ്ബീര്‍ തന്നെ നിരന്തരമായി പീഠിപ്പിച്ചിരുന്നതായും ഭാര്യ പറഞ്ഞു. 2017 മാര്‍ച്ചില്‍ ദേവ്ബീറിന് റിസട്രെയ്‌നിംഗ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവ് മാതാപിതാക്കളെ ഇന്ത്യയില്‍നിന്നും കൊണ്ടുവന്നത്. ഢാന്‍ എന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു, ഭര്‍ത്താവില്‍ മാറ്റം ഉണ്ടാകുമ എന്ന് ഢാന്‍ പ്രതീക്ഷിക്കുന്നു എന്നാല്‍ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല പീഠനം വര്‍ദ്ധിക്കുകയും ചെയ്തു. ഇലവര്‍ക്കുണ്ടായിരുന്ന കുട്ടിയുടെ കസ്റ്റഡി പൂര്‍ണ്ണമായും ഭാര്യ സില്‍ക്കിയെയാണ് കോടതി അനുവദിച്ചത്.

പി പി ചെറിയാന്‍

അറസ്റ്റ് തീരുമാനിക്കാന്‍ നാണയം ടോസ് ചെയ്ത വനിതാ പൊലീസ് ഓഫിസര്‍മാരുടെ ജോലി തെറിച്ചു

ജോര്‍ജിയ: നനവുള്ള റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച സാറാ വെമ്പിനെ അറസ്റ്റ് ചെയ്യണോ അതോ പിഴ നല്‍കി വിട്ടയ്ക്കണമോ എന്നു തീരുമാനിക്കാന്‍ മൊബൈല്‍ ഫോണിലെ കോയിന്‍ ടോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച ഓഫിസര്‍മാര്‍ക്കെതിരെ നടപടി. പൊതുജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നാരോപിച്ചു രണ്ടു വനിതാ പൊലീസ് ഓഫിസര്‍മാരൊണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

ജൂലൈ 26 വ്യാഴാഴ്ചയാണ് റോസ് വെല്‍ സിറ്റി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫിസര്‍ ജൂലി ബ്രിച്ചുബില്‍ വനിതാ ഓഫീസര്‍മാരായ കോര്‍ട്ട്‌നി ബ്രൗണ്‍, ക്രിസ്റ്റി വില്‍സന്‍ എന്നിവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചത്.

ഹെയര്‍സലൂണ്‍ ജീവനക്കാരിയായിരുന്ന സാറാ അല്‍പം വൈകിയത് മൂലം അമിത വേഗതയിലാണ് വാഹനം ഓടിച്ചത്. വനിതാ ഓഫിസര്‍മാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഇവരുടെ പേരില്‍ നടപടി എടുക്കുന്നതിന് തീരുമാനിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ പിഴ നല്‍കി വിട്ടയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. ഇരുവരും കാറിലിരുന്ന് എന്തു ചെയ്യണമെന്ന് ചര്‍ച്ച ചെയ്തതിനുശേഷമാണ് കോയിന്‍ ടോസ് ചെയ്ത് തീരുമാനമെടുക്കാം എന്നു നിശ്ചയിച്ചത്. അതിനുള്ള ആപ് സെല്‍ഫോണിലുണ്ടായിരുന്നു. ടോസ് സാറായ്ക്ക് പ്രതികൂലമാകുകയും ഇവരെ അറസ്റ്റ് ചെയ്യുകയു ചെയ്തു. ഇവരുടെ ചര്‍ച്ച ബോഡി കാമറയില്‍ പതിഞ്ഞതാണ് ഇരുവര്‍ക്കും വിനയായത്. പ്രത്യേക സാഹചര്യത്തില്‍ സാറായുടെ പേരിലുള്ള ചാര്‍ജ് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

പി പി ചെറിയാന്‍

522 മില്യണ്‍ ലോട്ടറി ടിക്കറ്റ് വിറ്റ ഇന്ത്യന്‍ സ്‌റ്റോര്‍ ഉടമസ്ഥന് 1 മില്യണ്‍ കമ്മീഷന്‍

സാന്‍ഹൊസെ (കാലിഫോര്‍ണിയ): 522 മില്യണ്‍ ഡോളറിന്റെ മെഗാ മില്യണ്‍ ലോട്ടറി ടിക്കറ്റ് വിറ്റ് കാലിഫോര്‍ണയാ സാന്‍ഹൊസെയിലുള്ള ലിക്വര്‍ സ്‌റ്റോര്‍ ഉടമസ്ഥനും, ഇന്ത്യന്‍ വംശജനുമായ സച്ച്‌ദേവിന് കമ്മീഷനായി ഒരു മില്യണ്‍ ഡോളര്‍

ജൂലായ് 24 ന് നടന്ന സ്‌റ്റേറ്റ് മെഗാ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായത് 1,2,4,19,29,20 എന്നീ ആറ് നമ്പറുകള്‍ മാച്ച് ചെയ്ത ടിക്കറ്റിനാണ്.

സാന്‍ഹൊസ ഏര്‍ണി ലിക്വര്‍ സ്‌റ്റോറില്‍ വിറ്റ ടിക്കറ്റിനാണ് 522 മില്യണ്‍ ഡോളറിന്റെ ഭാഗ്യം ലഭിച്ചതെന്ന് ജൂലായ് 25 ന് സ്‌റ്റേറ്റ് ലോട്ടറി അധികൃതരും സ്ഥിരീകരിച്ചു.

ഒരു മില്യണ്‍ ഡോളര്‍ കമ്മീഷന്‍ ലഭിച്ചതറിഞ്ഞ് മെഗാ ലോട്ടറി ടിക്കറ്റ് വിറ്റ സ്‌റ്റോറിലേക്ക് ആളുകളുടെ ഒഴുക്ക് തുടര്‍ന്നത് സ്‌റ്റോര്‍ ഉടമക്ക് ഇരട്ടി ആഹ്ലാദം പകരുന്നതായിരുന്നു. കമ്മീഷന്‍ ലഭിച്ചതിന് പുറമെ മദ്യ വില്‍പനയും വന്‍ തോതില്‍ ഉയര്‍ന്നു. 308.1 മില്യണ്‍ ഡോളറാണ് വിജയിക്ക് ലഭിക്കുക. ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ അഞ്ചാമത്തേതാണ് ജൂലായ് 24 ന് പ്രഖ്യാപിച്ചത്.

ഏറ്റവും വലിയ പവര്‍ ബോള്‍ ലോട്ടറി 2012 ലേതായിരുന്നു 656 മില്യണ്‍.

പി പി ചെറിയാന്‍

സിറ്റി കൗണ്‍സില്‍ യോഗത്തിനിടയില്‍ ഇന്ത്യന്‍ വനിതാ കൗണ്‍സിലര്‍ക്ക് വിവാഹാഭ്യര്‍ത്ഥനയുമായി ദന്ത ഡോക്ടര്‍

ബോസ്റ്റണ്‍: നോര്‍ത്ത് കരലൈന ഡിസ്ട്രിക്റ്റ് അഞ്ചില്‍ നിന്നും സിറ്റി കൗണ്‍സിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡിംബിള്‍ അജ്‌മെറക്ക് വിവാഹാഭ്യര്‍ഥനയുമായി ബോസ്റ്റണില്‍ നിന്നുള്ള ദന്തഡോക്ടര്‍ വൈഭവു ബജാജ്.

ജൂലൈ 23 നു സിറ്റി കൗണ്‍സില്‍ മീറ്റിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെ വൈഭവ് ചേംബറിലേക്ക് പ്രവേശിച്ചു പ്രസംഗ പീഠത്തിനു മുമ്പില്‍ എത്തിയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഹാജരായിരുന്ന സിറ്റി കൗണ്‍സില്‍ അംഗങ്ങളോടുള്ള അഭ്യര്‍ഥന ഐക്യകണ്‌ഠേനെ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഡിംബിളും കൈയുയര്‍ത്തി.

കൗണ്‍സിലിന്റെയും ഡിംബിളിന്റേയും അനുമതി ലഭിച്ചയുടന്‍, കൈയ്യില്‍ കരുതിയിരുന്ന വിവാഹ മോതിരം ഡിംബിളിന്റെ വിരലില്‍ അണിയിച്ചു.ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഡിംബിള്‍ സതേണ്‍ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അക്കൗണ്ടിങ്ങില്‍ ബിരുദം നേടിയത്.

സിറ്റി കൗണ്‍സിലിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അംഗമാണ് ഇവര്‍. പലപ്പോഴും കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ ഗാലറിയില്‍ ഡോക്ടര്‍ വൈഭവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഇവര്‍ തമ്മില്‍ അടുക്കുന്നത്.

പി.പി. ചെറിയാന്‍

ഡാലസ്- ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 3,4 തീയതികളില്‍

ഡാലസ്: ഫിലഡല്‍ഫിയ പെന്റകോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഡാലസ് (ഐപിസി) സുവിശേഷ യോഗങ്ങള്‍ ഓഗസ്റ്റ് മൂന്ന് 3,4 തീയതികളില്‍ ഗാര്‍ലന്റ് ബ്രോഡ് വെ ബിലവിഡിലുള്ള ചര്‍ച്ചില്‍ നടക്കും. സുവിശേഷ യോഗങ്ങളില്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് (വെണ്‍മണി) പ്രസംഗിക്കും.

യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ സാബു സാമുവേല്‍, ജോജി ജോര്‍ജ്, സുനില്‍ ദാസ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 261 6211.

പി.പി. ചെറിയാന്‍

ശിഷ്യാ, നീ ആകുന്നു ഗുരു

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: കോണ്‍ഫറന്‍സ് നാലാം ദിവസം. സമാപനസമ്മേളനം. വേദിയില്‍ നിക്കോളോവോസ് തിരുമേനിയും കോണ്‍ഫറന്‍സ് ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും. കോണ്‍ഫറന്‍സിന്‍റെ വിലയിരുത്തലുകള്‍ നല്‍കാന്‍ മുഖ്യാതിഥിയായ റവ.ഡോ. ജേക്കബ് കുര്യന്‍ പോഡിയത്തില്‍, മൈക്കിനു മുന്നില്‍. ഇതപര്യന്തമുള്ള തന്‍റെ ജീവിതയാത്രയില്‍ ഇതുപോലെയൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു തുടങ്ങിയ ജേക്കബ് കുര്യന്‍ അച്ചന്‍ ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ല, അതിലെ ആത്മീയധന്യതയില്‍ മുങ്ങുകയായിരുന്നു എന്നും പറഞ്ഞു. ഈ നാലു ദിവസങ്ങളും ഒരു പ്രത്യേക അനുഭവമായിരുന്നു. വിശ്വാസത്തിന്‍റെ ഈ വിശുദ്ധദീപ്തി ഇത്ര മനോഹരമായി സൃഷ്ടിച്ചത് സെമിനാരിയില്‍ തന്‍റെ ശിഷ്യനായിരുന്ന റവ.ഡോ വറുഗീസ് എം. ഡാനിയലായിരുന്നുവെന്നത് തന്‍റെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഒ.വി. വിജയന്‍റെ ‘ഗുരുസാഗരം’ എന്ന കൃതി പരാമര്‍ശിച്ച് ‘ശിഷ്യാ, നീ ആകുന്നു ഗുരു’, എന്നു ജേക്കബ് കുര്യന്‍ ഉച്ചന്‍ ഉപമിച്ചത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ കേട്ടത്. തന്‍റെ ഗുരുവിന്‍റെ അഭിനന്ദത്തില്‍ നമ്രശിരസ്കനായി ഏറെ നേരം അദ്ദേഹം വേദിയിലിരുന്നു പോയി. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്. ജേക്കബ് കുര്യന്‍ അച്ചന്‍ മനസ്സില്‍ തട്ടി പറഞ്ഞതു അത്രമേല്‍ ഹൃദ്യമായി സ്വീകരിച്ച ഒരു ശിഷ്യന്‍റെ വൈകാരികപ്രകടനത്തിനു കൂടിയാണ് സദസ്സ് സാക്ഷിയായത്. ഒരു ഗുരു തന്‍റെ ശിഷ്യനെ ഇത്രമേല്‍ പ്രശംസിക്കുന്നതിനും കോണ്‍ഫറന്‍സ് വേദിയായി. കലഹാരി കണ്‍വന്‍ഷന്‍ സെന്‍ററില്‍ നാലു ദിവസങ്ങളായി നടന്ന ഫാമിലി കോണ്‍ഫറന്‍സിന് കിട്ടിയ ഏറ്റവും വലിയ പ്രശംസയായിരുന്നു ‘ശിഷ്യാ, നീ ആകുന്നു ഗുരു’ എന്ന റവ.ഡോ. ജേക്കബ് കുര്യന്‍റെ പരാമര്‍ശം. തന്‍റെ ഗുരുവില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ഒരു ശിഷ്യന്‍ ഏറ്റുവാങ്ങുന്നതും ഒരുപക്ഷേ കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായിരുന്നിരിക്കണം. കോണ്‍ഫറസ് കോര്‍ഡിനേറ്ററായിരുന്നു റവ.ഡോ വറുഗീസ് എം. ഡാനിയല്‍.

ജോര്‍ജ് തുമ്പയില്‍

ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ കറകള്‍ കഴുകികളയുക: റവ. ഡോ. ജേക്കബ് കുര്യന്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: നാം ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ നാം നമ്മുടെ കറകള്‍ കഴുകി കളയണമെന്ന് റവ.ഡോ.ജേക്കബ് കുര്യന്‍ ഉദ്ബോധിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് ഭദ്രാസന കോണ്‍ഫറന്‍സ് മൂന്നാം ദിവസം വൈകുന്നേരം വി.കുമ്പസാരത്തിനു മുന്നോടിയായി ധ്യാനപ്രസംഗം നടത്തുകയായിരുന്നു ജേക്കബ് കുര്യന്‍ അച്ചന്‍.

നാം ഏവരും ഈ പ്രാര്‍ത്ഥന സംഗമത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ വിശുദ്ധ കുര്‍ബ്ബാന അനുഭവത്തിലേക്കുള്ള ഒരുക്കത്തിലാണ്. വിശുദ്ധ ലൂക്കോസിന്‍റെ സുവിശേഷം 10:32 ല്‍ ഇങ്ങനെ പറയുന്നു. അവര്‍ യെറുശലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യേശു മുന്നില്‍ നടന്നു ശിഷ്യന്മാര്‍ വിസ്മയിച്ചു. അനുഗമിക്കുന്നവരോ ഭയപ്പെട്ടു. യെറുശലേമിലേക്ക് യാത്ര ചെയ്യുന്ന ഒരു സമൂഹം. അതായിരുന്നു അന്ന് കര്‍ത്താവിനോടൊപ്പം അവരൊരു തീര്‍ത്ഥയാത്രയിലായിരുന്നു. അവര്‍ക്കായി മുന്‍പായി യേശു നടന്ന ഈ ദിനങ്ങളില്‍ ഈ മണിക്കൂറുകളില്‍ യേശു നമുക്കു മുന്‍പായി നടന്നുവെന്ന് നാം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടാകും. കാരണം, എല്ലാം അവിടുത്തെ കൃപയാലും ക്രമീകരണങ്ങളാലും ഇത്രത്തോളം പൂര്‍ത്തീകരിക്കപ്പെട്ട മനോഹരമായ ക്വയര്‍ ഗാനാലാപം, വിവിധങ്ങളായ സെഷനുകള്‍, അനുഗ്രഹകരമായ പ്രവര്‍ത്തനം, ചര്‍ച്ചകളില്‍ ആത്മാര്‍ത്ഥമായ പങ്കാളിത്തം, ക്രമീകരണങ്ങള്‍ കുറ്റമറ്റതായി തീര്‍ന്ന ഒരനുഭവം, എല്ലാത്തിനുമുപരി പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിന്‍റെ ഒരു തിരിച്ചറിവ്. അതു കൊണ്ട് ന്നു ശിഷ്യന്മാര്‍ക്ക് ഉണ്ടായിരുന്നതു പോലെയുള്ള അനുഭവമായിരിക്കട്ടെ ഇന്ന് ഇതിനു നേതൃത്വം നല്‍കുന്ന സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിക്കും, വൈദികര്‍ക്കും ഉള്ളത്. അവരോടൊപ്പം യാത്ര ചെയ്യുന്ന ദൈവജനത്തിന് സ്നേഹം നിറഞ്ഞ ഭക്തി നിറഞ്ഞ ഒരു ഭയം, ദൈവഭയം അവരുടെ മനസ്സില്‍ ഉണ്ടാകണം.

ദൈവഭയത്തിന് ഒരനുഭവം ഉള്ളിടത്ത് ആരം പറയാതെ മനനം പാലിക്കാനും ആരും നിര്‍ബന്ധിക്കാതെ അന്തരംഗങ്ങളില്‍ ദൈവാത്മാവ് പ്രവര്‍ത്തിച്ച് അനുതാപത്തിന്‍റെ ഫലങ്ങള്‍ ഉണ്ടാകുവാനും ഇടയാകണം. ഞാനും നിങ്ങളും ജീവിതാനുഭവങ്ങളില്‍ ലോകപ്രകാരം ചിലതൊക്കെ നേടിയാലും ആന്തരികമായിട്ട് താളടികള്‍ ആയിട്ട് കിടക്കുന്ന അവസരങ്ങളും അനുഭവങ്ങളും സാഹചര്യങ്ങളുമുണ്ടാകാം. എന്നാല്‍ ഭയപ്പെടേണ്ട, നമ്മുടെ ജീവിതാവസ്ഥയിലേക്ക് ഇറങ്ങി വന്ന് നമ്മെ തൊട്ട് ശുദ്ധീകരിച്ച് നമ്മെ രൂപാന്തരപ്പെടുത്തുന്ന ദൈവം തമ്പുരാന്‍റെ കൃപയില്‍ നമ്മെ ഏല്‍പ്പിക്കാം.
ലോയി സി. ഡഗ്ലസ് എന്നു പറയുന്ന എഴുത്തുകാരനെക്കുറിച്ച് നിങ്ങള്‍ കേട്ടു കാണും. മനോഹരമായ ആത്മീയകൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതില്‍ ഒരു പ്രസിദ്ധമായ കൃതിയാണ്, മേലങ്കി. വേറൊരു കൃതിയാണ് കണ്ണാടി. ഈ കണ്ണാടിയെന്നു പറയുന്ന കഥയ്ക്കുള്ളില്‍ കര്‍ത്താവ് യേശു മിശിഹായും, ചുങ്കകാരനായ സഖായിയും തമ്മിലുള്ള ഇടപെടല്‍, ബന്ധം അതാണ് ചിത്രീകരിച്ചിരിക്കുന്നത്. നമുക്കറിയാം, ചുങ്കക്കാരനായ സഖായിയുടെ കഥ എന്താണെന്ന്. അവനില്‍ ഒരു വലിയ രൂപാന്തരമുണ്ടായി. ആ കഥയില്‍ കര്‍ത്താവിനോടു സഖായി ചോദിക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്നു. സഖായി എന്തു കൊണ്ടാണ് നിനക്ക് ഇത്രമാത്രം മാറ്റം. നിന്‍റെ സ്വത്തില്‍ പകുതി ദരിദ്രന് കൊടുക്കാന്‍ അപഹരിച്ച് എടുത്തുവെന്നുവിചാരിക്കുന്നത് നാലിരട്ടി തിരിച്ചു കൊടുക്കാന്‍ നീ തീരുമാനിച്ചതിന്‍റെ പിന്നില്‍ എന്താണെന്നു പറയാമോയെന്നു കര്‍ത്താവ് തന്നെ ചോദിക്കുന്നു. അവന്‍ ഒരു ഉത്തരമാണ് പറഞ്ഞത്. ഗുരുവേ, നീ ആ അത്തിമരത്തിന്‍റെ ചുവട്ടില്‍ വന്ന് മുകളിലേക്ക് നോക്കി എന്‍റെ പേര് ചൊല്ലി വിളിച്ചപ്പോള്‍ രൂപാന്തരപ്പെട്ടവനായ സഖായിയുടെ ചിത്രം എന്നെ സ്നേഹപൂര്‍വ്വം നോക്കുവാനായി നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. ഇന്നിതാ ഇവിടെ സ്നേഹത്തോടെ, നോക്കുന്ന ഒരു തമ്പുരാന്‍ ഇവിടെയുണ്ട്. അവന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഒന്നേ നമുക്കു കാണാനാകുന്നുള്ളു. നാം എങ്ങനെയായി തീരണമെന്നുള്ള ചിത്രം. എന്‍റെ കുടുംബത്തില്‍, ഔദ്യോഗിക മേഖലയില്‍, എന്‍റെ വ്യക്തി ജീവിതത്തില്‍, എന്‍റെ സഭാജീവിതത്തില്‍ ഞാന്‍ എങ്ങനെ ആയിരിക്കണം. കഷ്ടതയുടെ അനുഭവത്തില്‍ നിന്ന് സഹിഷ്ണുത പഠിക്കണമെന്നും സഹിഷ്ണുതയില്‍ കൂടി സിദ്ധതയിലേക്ക് പ്രവേശിക്കണമെന്നും സിദ്ധതയില്‍ കൂടി പ്രത്യാശയുടെ അനുഭവം ഉണ്ടായിരിക്കണമെന്നും ദൈവവചനം നമ്മെ ഉത്ബോധിപ്പിച്ചുവെങ്കില്‍ അതിനു അനുസൃതമായിരിക്കുന്ന ഒരു ആന്തരിക പരിവര്‍ത്തനം നമ്മില്‍ ഉണ്ടാകണം.

പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തില്‍ നമ്മില്‍ രൂപാന്തരപ്പെടുന്ന ഒരു അവസ്ഥയുണ്ട്. അതിനു പറയുന്ന പേരാണ് ദൈവഭയം. വിശുദ്ധ കുര്‍ബ്ബാനയിലൂടെ കര്‍ത്താവ് നമ്മെ തന്നെ അതിലേക്ക് തരുമ്പോള്‍ നമുക്ക് അങ്ങോട്ട് കൊടുക്കാന്‍ എന്തെങ്കിലും വേണമല്ലോ, അതാണ് നമ്മെ തന്നെ അവനില്‍ അര്‍പ്പിക്കുന്ന അനുഭവം. അതു കൊടുക്കാന്‍ കൊടുക്കേണ്ട രീതിയില്‍ കൊടുക്കാന്‍ നമുക്കു കഴിയണം.

നിങ്ങള്‍ തമ്പുരാന്‍റെ കൈകളില്‍ ഉപയോഗിക്കേണ്ട പാത്രങ്ങളാണ്. സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്‍റെയും കറകള്‍ നിങ്ങളില്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ കൈകളില്‍ നിന്നും വഴുതിപ്പോകും. ആ കറകള്‍ എല്ലാം കഴുകികളഞ്ഞ് നിര്‍മ്മലീകരിക്കാനുള്ള അവസരമാണ് വിശുദ്ധ കുമ്പസാരത്തിലൂടെയുള്ള കുര്‍ബ്ബാനാനുഭവം.

ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ലെന്നും കോണ്‍ഫറസിനെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഒ.വി. വിജയന്‍റെ ‘ഗുരുസാഗരം’ എന്ന കൃതി പരാമര്‍ശിച്ച് സെമിനാരിയില്‍ തന്‍റെ ശിഷ്യനായിരുന്ന റവ.ഡോ. വറുഗീസ് എം. ഡാനിയേലിനെ നോക്കി ‘ശിഷ്യ നീ ആകുന്നു ഗുരു’ എന്നു പറഞ്ഞത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ നമ്രശിരസ്കനായി ഏറ്റെടുത്തത്. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്.

രാജന്‍ വാഴപ്പള്ളില്‍