ന്യൂജഴ്‌സിയില്‍ വാഹനാപകടം പിതാവും നാലു പെണ്‍മക്കളും കൊല്ലപ്പെട്ടു

ന്യൂജഴ്‌സി: ഡെലവെയറില്‍ ജൂലൈ അറിനുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ പിതാവും നാലു പെണ്‍മക്കളും ഉള്‍പ്പടെ അഞ്ചു പേര്‍ മരിക്കുകയും, മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ടുപേര്‍ ഇരട്ട സഹോദരിമാരാണ്.

മേരിലാന്റില്‍ സ്വാതന്ത്ര്യദിനാഘോഷ അവധിക്കാലം ചെലവഴിച്ചശേഷം ടീനെക്കിലുള്ള വസതിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന മിനി വാനില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനില്‍ കുടുങ്ങിയ ഇവരുടെ ശരീരം തിരിച്ചറിയാന്‍പോലുമാവാതെ ചിന്നഭിന്നമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ട്രക്ക് ഓടിച്ചിരുന്ന ട്രക്ക് ഡ്രൈവറെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് കാര്യമായ പരിക്കില്ല.

മരിച്ചവരുടെ പേരുവിവരം പോലീസ് പിന്നീട് പുറത്തുവിട്ടു. ഓഡിമാര്‍ക്കിഡ് (61) മക്കളായ കെയ്റ്റ്‌ലില്‍ (20), ഡാന (17), ഇരട്ടകളായ മെലിസ, അലിസന്‍ (14) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാവും മന്‍ഹാട്ടന്‍ ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ നഴ്‌സുമായ മേരി റോസ് (53) ഗുരുതരാവസ്ഥയിലാണ്. ഓഡിമാര്‍ക്കിഡ് മുന്‍ നേവി ഓഫീസറായിരുന്നു.

കുട്ടികളുടെ മാതാവും പിതാവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെങ്കിലും കുട്ടികളില്‍ ചിലര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നു പോലീസ് അറിയിച്ചു. മരിച്ച മൂത്ത പുത്രി നഴ്‌സിംഗ് വിദ്യാര്‍ഥിനിയും, രണ്ടാമത്തെ കുട്ടി ഹൈസ്കൂള്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയും, ഇരട്ട കുട്ടികള്‍ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പി. പി. ചെറിയാന്‍

Share This Post