മോര്‍ട്ടന്‍ ഗ്രോവ് സെന്റ്‌മേരിസില്‍ കുട്ടികളുടെ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല സമാപനം

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കഴിഞ്ഞ ഒന്നരമാസമായി ബട്ടര്‍ഫ്‌ലൈ18 എന്ന പേരില്‍ കൊച്ചു കുട്ടികള്‍ക്കായി നടത്തിയിരുന്ന സമ്മര്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപന ദിനമായ ജൂലൈ 27 തീയതി ശനിയാഴ്ച അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പങ്കെടുക്കുകയും. അന്നേ ദിവസം നടത്തപ്പെട്ട വിശുദ്ധ ബലിയില്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു.

വികാരി ജനറാള്‍ ഫാ . തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. തദവസരത്തില്‍ ക്യാമ്പില്‍ സജീവമായി പങ്കെടുത്ത കുട്ടികള്‍ക്ക് അഭിവന്ദ്യ പിതാവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുട്ടികളുടെ അദ്ധ്യാല്‍മികവും ഭൗതികവും ആയ വളര്‍ച്ചയെ ലക്ഷ്യമാക്കി ആവിഷ്കരിച്ച സമ്മര്‍ ക്യാമ്പിന് ക്രിസ്റ്റീന്‍ ടീം അംഗങ്ങളായ ബ്രദര്‍ സന്തോഷ് , പി.വി . മേരിക്കുട്ടി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാഴ്ച നീണ്ടു നിന്ന ഈ ക്യാമ്പില്‍ സിസ്‌റ്റേഴ്‌സിന്റെയും ക്യാമ്പ് വോളന്റിയേഴ്‌സ് ന്റെയും മതബോധന സ്കൂള്‍ അധ്യാപകരുടെയും സാന്നിധ്യത്തോടെയും സഹായത്തോടെയും വിജ്ഞാന പ്രദമായ ക്ലാസുകള്‍ , ഗെയിമുകള്‍ , ഫീല്‍ഡ് ട്രിപ്പുകള്‍ , മലയാളം ക്ലാസുകള്‍, സമുദായ ബോധവത്കരണം, ദിവസേന വി.കുര്‍ബാന , ആരാധന, യോഗ ക്ലാസുകള്‍ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ക്രമീകരിച്ചിരുന്നു.

പള്ളി എക്‌സിക്യൂട്ടീവിന്റെയും യൂത്ത് വോളന്റിയേസിന്റെയും സഹകരണത്തോടെ ബിബി തെക്കനാട്ട് , ഫാ. ബിന്‍സ് ചേത്തലില്‍ , ബ്രദര്‍ അങ്കിത്, ബെഞ്ചമിന്‍ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post