എം.എം.ജേക്കബ് ഇന്ത്യയെ അറിഞ്ഞ നേതാവ്; ഐഎൻഓസി ടെക്സാസ് ചാപ്റ്റർ

ഹൂസ്റ്റൺ: മികച്ച പാർലമെന്റേറിയനും മുൻ കേന്ദ്ര സഹമന്ത്രിയും 1995 മുതൽ 2007 വരെ മേഘാലയ ഗവർണറുമായിരുന്ന അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ അനുസ്മരിച്ചു.

ജൂലൈ 8 നു ഞായറാഴ്ച വൈകുന്നേരം 5:30 നു സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ
ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു.

ഹൂസ്റ്റണിൽ ഹൃസ്വ സന്ദര്ശനത്തിനു എത്തിച്ചേർന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോർജ് മാമൻ കൊണ്ടൂർ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി.

ജേക്കബ്‌ സാറിന്റെ വാത്സല്യ ശിഷ്യരിലൊരാൾ കൂടിയായ കൊണ്ടൂർ ‘എന്റെ ജീവിതത്തിൽ നികത്താൻ പറ്റാത്ത നഷ്ടം, എന്റെ രാഷ്ട്രീയ ഗുരു എന്ന് പറയുന്നതിൽ അഭിമാനം, ആരുടേയും മുമ്പിൽ അടിയറവു വയ്ക്കാത്ത വ്യക്തിത്വം, രാഷ്ട്രീയജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ഏറെ സ്വാധീനിച്ച എന്റെ ഗുരു, പറഞ്ഞു തന്ന വാക്കുകൾ മാത്രം മതി മുമ്പോട്ടുള്ള ജീവിതത്തിനു…ആ സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപിക്കുന്നു’ എന്ന്
അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥിയായിരിക്കുമ്പോഴേ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കാളിയായിരുന്ന ജേക്കബ് സാർ ആചാര്യവിനോബഭാവേയുടെ ഭൂദാൻ പ്രസ്ഥാനത്തിൽ കൂടെയാണ് പൊതുപ്രവർത്തനരംഗന്തും കോൺഗ്രസിലും സജീവമാകുന്നത്. പിന്നീടിങ്ങോട്ട് എം.എം. ജേക്കബ് സാർ ഇന്ത്യൻ കോൺഗ്രസ് രാഷ്ട്രീയ രംഗത്തെ പ്രമുഖരിൽ ഒരാളായി മാറിയതോടൊപ്പം തന്നെ ഭരണരംഗത്തെ കരുത്തുറ്റ സാന്നിധ്യവുമായി മാറി.

ഫോമാ മുൻ പ്രസിഡണ്ടും പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ പ്രസിഡന്റുമായ ശശിധരൻ നായർ, ഐ.എൻ.ഓ.സി പെൻസിൽവാനിയ ചാപ്റ്റർ സെക്രട്ടറി സന്തോഷ് എബ്രഹാം,പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ലിയു.എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് ജെയിംസ് കൂടൽ, ഫോമാ റീജിയണൽ വൈസ് പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, ബിബി പാറയിൽ, ജോർജ് കൊച്ചുമ്മൻ, സജി ഇലഞ്ഞിക്കൽ, ഡാനിയേൽ ചാക്കോ, സക്കറിയ കോശി, റോയ് തീയാടിക്കൽ, റോയ് വെട്ടുകുഴി, മാമ്മൻ ജോർജ് തുടങ്ങിയവർ ജേക്കബ് സാറിനെ അനുസ്മരിച്ചു സംസാരിച്ചു. ഇന്ത്യയെ തൊട്ടറിഞ്ഞ ആദര്ശധീരനായ നേതാവായിരുന്നു എം.എം. ജേക്കബ് എന്ന് പ്രസംഗകർ പറഞ്ഞു.

അദ്ദേഹത്തോടുള്ള ആദര സൂചകമായി ഒരു മിനിറ്റു മൗനം ആചരിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി

Share This Post