കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചിക്കാഗോയില്‍

ചിക്കാഗോ: നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. തടസം നില്‍ക്കുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. നിക്ഷേപം ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള തൊഴിലാളികളെ കോരിത്തരിപ്പിക്കുന്ന ഹേ മാര്‍ക്കറ്റ് സ്‌ക്വയറും, സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച സ്ഥലവും സന്ദര്‍ശിച്ചത് അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വിവേകാനന്ദന്റെ പ്രസംഗം നടന്നപ്പോള്‍ ഉണ്ടായിരുന്ന തുറസായസ്ഥലം ഇപ്പോള്‍ ഹാളായി. മ്യൂസിയവുമുണ്ട്. ‘സഹോദരീ സഹോദന്മാരേ..’ എന്ന അഭിസംബോധനയിലൂടെ വലിയ ചര്‍ച്ചയ്ക്കാണ് സ്വാമി വിവേകാനന്ദന്‍ വഴിവെച്ചത്. മതങ്ങളുടെ സാരാംശമെല്ലാം ഒന്നാണെന്നും എല്ലാവരും സൗഹാര്‍ദ്ദത്തോടെ കഴിയണമെന്നുമാണ് സ്വാമി വിവേകാനന്ദന്‍ പഠിപ്പിച്ചത്.

നമ്മുടെ നാട് ഇന്ന് ലോകമെങ്ങും പ്രസിദ്ധമാണ്. കേരളം ഒരിക്കലും സമ്പന്നമായ സ്‌റ്റേറ്റായിരുന്നില്ല. എന്നാല്‍ ജീവിത നിലവാരത്തിന്റെ കാര്യത്തിലും, ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ കാര്യത്തിലും വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കാന്‍ നമുക്കാകുന്നു. സാമ്പത്തികമായി വലിയ ശേഷിയില്ലാതെ ഈ നേട്ടം എങ്ങനെ കരസ്ഥമാക്കി എന്നത് അന്താരാഷ്ട്ര തലത്തില്‍ പഠനത്തിനു വിഷയമാക്കുന്നു. കേരള മോഡല്‍ എന്ന പേരും വീണു.

അതേസമയം കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നാം പിന്നിലായിപ്പോകുമെന്ന തിരിച്ചറിവ് നമുക്കുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റത്തിനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടത്തുന്നത്.

ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ കേരളം എങ്ങനെ ഒറ്റപ്പെട്ടായ തുരുത്തായി മാറി? അതിന്റെ ആദ്യകാരണം ഭൂപരിഷ്‌കരണമാണ്. അതു വലിയ നേട്ടം കൊണ്ടുവന്നു. പിന്നീട് വലിയ മാറ്റം ഉണ്ടായത് പ്രവാസി സമൂഹത്തിന്റെ ശക്തിപ്പെടലില്‍ നിന്നാണ്.

കേരളത്തിന്റെ പ്രശ്‌നങ്ങളിലൊക്കെ ഇടപെടുന്നവരാണ് പ്രവാസികള്‍. നല്ലതുപോലെ അധ്വാനിച്ചു നേടുന്ന സമ്പാദ്യം നാട്ടില്‍ എത്തിക്കാനും പ്രവാസികള്‍ തത്പരരാണ്. ഇതിന്റെ ഫലമായി സംസ്ഥാനം വലിയ പുരോഗതി നേടി. സാമ്പത്തിക തകര്‍ച്ച അതിജീവിക്കാന്‍ സ്‌റ്റേറ്റിനായത് പ്രവാസികളുടെ സഹായം കൊണ്ടാണ്.

രാജ്യത്തിനും സംസ്ഥാനത്തിനും വിദേശനാണ്യവും നേട്ടവും ഉണ്ടാക്കുന്ന സമൂഹമാണെങ്കിലും അതിനനുസരിച്ചുള്ള പരിഗണനയൊന്നും അവര്‍ക്ക് ലഭിച്ചിട്ടില്ല. ഒരര്‍ത്ഥത്തില്‍ കൃതഘ്‌നതയാണ് ലഭിക്കുന്നത്. രാജ്യം ഒരു പ്രത്യുപകാരവും ചെയ്യുന്നില്ല. അതിനു നല്ല തെളിവാണ് വിശേഷാവസരങ്ങളില്‍ എയര്‍ ഇന്ത്യ വിമാനക്കൂലി വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നത്. അതു നിങ്ങളെ അധികം ബാധിക്കുന്നില്ലായിരിക്കാം.

ഇതിനെതിരേ പ്രതിക്ഷേധവും പ്രക്ഷേഭവും നടന്നു. കേരള നിയമസഭയും എം.പിമാരും ഇടപെട്ടു. പക്ഷെ കൂടുതല്‍ വാശിയോടെ കൂടുതല്‍ പണം ഈടാക്കുന്നതു തുടരുന്നു.

പ്രവാസികളില്‍ ബഹുഭൂരിപക്ഷവും വലിയ സമ്പന്നരല്ല. തിരിച്ചുപോയാല്‍ രണ്ടോ മൂന്നോ മാസം കഴിയുമ്പോഴേയ്ക്കും പഴയ അവസ്ഥയിലെത്തുന്നു. ജോലിയും അതിലെ വരുമാനവും കൊണ്ട് ജീവിക്കുന്നവരാണ് മഹാഭൂരിപക്ഷം. വലിയ മിച്ചമൊന്നും വയ്ക്കാന്‍ അവര്‍ക്കാവില്ല. തിരിച്ച് അവര്‍ നാട്ടിലേക്കു വരുമ്പോള്‍ സംരക്ഷിക്കാന്‍ പദ്ധതികളൊന്നുമില്ല. അവരില്‍ നിന്നു സമാഹരിച്ച വലിയ തുക കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ട്. അവര്‍ക്കായി എന്തെങ്കിലും പദ്ധതി തുടങ്ങാനോ സഹായിക്കാനോ കേന്ദ്രം ഒരുക്കമല്ല. സ്‌റ്റേറ്റിനകട്ടെ പരിമിതികളുണ്ട്. സാമ്പത്തികശേഷി ഇല്ല എന്നതു തന്നെ പ്രധാനം. എങ്കിലും പരിമിതികളില്‍ നിന്നു പരമാവധി സഹായമെത്തിക്കാന്‍ ശ്രമിക്കുന്നു. പലവിധ ആനുകൂല്യങ്ങള്‍ ഫലപ്രദമായി നല്‍കുന്നു.

പ്രവാസി സംരംഭങ്ങള്‍ക്ക് നാട്ടില്‍ വിജയിക്കാനുള്ള അവസ്ഥയും ഉണ്ടാകേണ്ടതുണ്ട്. നാടിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ പ്രവാസികള്‍ക്ക് ഒരു വേദിയുണ്ടായിരുന്നില്ല. ആ കുറവ് നികത്താനാണ് ലോക കേരള സഭയ്ക്ക് രൂപംകൊടുത്തത്. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല കേരളം. എല്ലാവരേയും ഒരുമിച്ചു കൂട്ടുക എളുപ്പമല്ലാത്തതിനാല്‍ പ്രാതിനിധ്യ സ്വഭാവത്തിലാണ് കേരള സഭയ്ക്ക് രൂപംകൊടുത്തത്.

കേരളത്തിന്റെ ഉന്നമനത്തിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ഡോ. കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു. അങ്ങനെ പുതിയ ആശയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നു.

കേരളത്തിന്റെ വികസനത്തില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന് ശതകോടീശ്വരര്‍ പ്രവാസി മലായളികളിലുണ്ട്. അവര്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ താത്പര്യം കാട്ടണം. നിക്ഷേപം സുരക്ഷിതമെന്ന ഉറപ്പ് അവര്‍ക്ക് ലഭിക്കണം. അതില്‍ നിന്ന് കൃത്യമായ വരുമാനം ലഭിക്കണം. ഇതിനൊക്കെയുള്ള ശ്രമങ്ങള്‍ നടക്കുന്നു.

ഒരു നവലോകം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. വികസനം വ്യവസായത്തിലൂടെ മാത്രമല്ല. സമഗ്ര വികസനമാണ് ഉണ്ടാകേണ്ടത്. അത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായിരിക്കണം. പരിസര മാലിന്യം നീക്കുക. വെള്ളം ശുദ്ധമായിരിക്കുക, ഭക്ഷ്യയോഗ്യമായ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയൊക്കെ ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസ രംഗത്തെ മാറ്റം ലക്ഷ്യമിട്ട് വിദ്യാഭ്യാസ യജ്ഞം ആരംഭിച്ചു. ആരോഗ്യരംഗത്ത് ആര്‍ദ്രം പദ്ധതിയും. 45 മീറ്റര്‍ വീതിയുള്ള റോഡ് ഉണ്ടാവുന്നു. തീരദേശമലയോര പാതകള്‍ക്കായി പതിനായിരം കോടി വകയിരുത്തി. വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയാകുമ്പോള്‍ വീടുകളിലേക്കും കടകളിലേക്കും നേരിട്ട് പാചകവാതകം എത്തും.

വികസനകാര്യത്തില്‍ പ്രവാസികള്‍ക്ക് പങ്കുവഹിക്കാന്‍ കഴിയുന്ന മറ്റൊരു പരിപാടിയാണ് പ്രവാസി ചിട്ടി. അതിനു ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. സാധാരണ ചിട്ടിപോലെ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആ പണം നാടിന്റെ വികസനത്തിനും ഉപകരിക്കും.

ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ആര്‍.വി.പി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു

കുന്നത്തുനാട് എം.എല്‍.എ. വി.പി സജീന്ദ്രനുംപ്രസംഗിച്ചു.

ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതിനു പുറമെ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വടംവലി മല്‍സരത്തിന്റെ ഫണ്ട് സമാഹരണ കിക്ക് ഓഫും ചിക്കാഗോ ക്‌നാനായ ചര്‍ച്ചിന്റെ 400ം ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ബുള്ളറ്റിന്റെ കോപ്പി വികാരി ഫാ. വിന്‍സ് ചെത്തലില്‍ ഏറ്റു വാങ്ങി.

സന്തോഷ് നായര്‍ ആയിരുന്നു എംസി. ജസി റിന്‍സി സ്വാഗതം പറഞ്ഞു. ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. ഫാ. വിന്‍സ് ചെത്തലില്‍, സിറിയക്ക് കൂവക്കാട്ടില്‍, പോള്‍ പറമ്പി, പീറ്റര്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സതീശന്‍ നായര്‍, രഞ്ജന്‍ ഏബ്രഹാം, ബിജി എടാട്ട്, ബിനു പൂത്തറയില്‍, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിംകുറ്റി, പ്രസന്നന്‍ പിള്ള തുടങ്ങിയവര്‍ ആസംസകള്‍ നേറ്ന്നു. ടോമി അമ്പേനാട്ട് നന്ദി പറഞ്ഞു.

ശിവന്‍ മുഹമ്മ

Share This Post