കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ പിക്‌നിക്ക് വര്‍ണ്ണാഭമായി

ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നാല്‍പ്പത്തൊന്നാമത് പിക്‌നിക്ക് വുഡ്‌റിജ്‌ലുള്ള സണ്ണിഡെയ്ല്‍ പാര്‍ക്കില്‍ വച്ചു വര്‍ണ്ണാഭമായി നടത്തി. കടുത്ത ചൂടിനെ അവഗണിച്ച് നിരവധി അംഗങ്ങള്‍ പിക്‌നിക്കില്‍ പങ്കെടുത്തു. വിവിധ കായിക മത്സരങ്ങളും ബാര്‍ബിക്യൂവും ഉണ്ടായിരുന്നു. നാടന്‍ ഓംലറ്റും, തട്ടില്‍കുട്ടി ദോശയും, നെത്തോലി മീന്‍ വറുത്തതും അടങ്ങിയ വിഭവസമൃദ്ധമായ കേരളാ തട്ടുകട വിഭവങ്ങളാണ് ഇത്തവണ പിക്‌നിക്കില്‍ മാറ്റുരച്ചതെങ്കില്‍, ആല്‍വിന്‍ പോളിയുടെ ഗിറ്റാറില്‍ നിന്നുയര്‍ന്ന മധുര ധ്വനിക്കൊപ്പം പിക്‌നിക്കില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം നാടന്‍പാട്ടുകള്‍ ഏറ്റുപാടിയത് ഒരു മറക്കാനാവാത്ത അനുഭൂതിയാണ് എത്തിച്ചേര്‍ന്നവര്‍ക്ക് അധികൃതര്‍ സംഭാവന ചെയ്തത്.

അസോസിയേഷന്‍ കള്‍ച്ചറല്‍ ചെയര്‍ ആന്‍ ജോസിന്റെ സംഘടനാ മികവില്‍ യൂത്ത് കോര്‍ഡിനേറ്റേഴ്‌സായ ഫിലിപ്പ് നങ്ങച്ചിവീട്ടില്‍, സാജന്‍ ഫിലിപ്പ്, ജിറ്റോ കുര്യന്‍, ആന്‍വില്‍ പോള്‍, ആന്‍സണ്‍ പോള്‍ എന്നീ യുവജനങ്ങളുടെ കഠിന പ്രയത്‌നവും, പ്രസിഡന്റ് ജോര്‍ജ് പാലമറ്റം, ജനറല്‍ സെക്രട്ടറി റോസ് മേരി കോലഞ്ചേരി എന്നിവരുടെ അകമഴിഞ്ഞ പിന്തുണയുംകൂടിയായപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത ഒരു കുടുംബ സംഗമമായാണ് അനുഭവപ്പെട്ടതെന്ന് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുബാഷ് ജോര്‍ജ് അറിയിച്ചു.

രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ സന്തോഷകരമായ ഒരു കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയ സംഘടനാ ഭാരവാഹികളെ പങ്കെടുത്തവര്‍ അനുമോദച്ചു. കുഞ്ചെറിയയും സീമ സഖറും നയിക്കുന്ന വനിതാ സെല്‍ മെമ്പേഴ്‌സ് കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഡോ. ചെറിയാന്‍, മുന്‍ പ്രസിഡന്റ് ഏലമ്മ ചെറിയാന്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. സംഘടനയുടെ അടുത്ത സംരംഭമായി ജൂലൈ 28-നു നടക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ എല്ലാ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു പ്രസിഡന്റ് ജോര്‍ജ് പാലമറ്റം, സെക്രട്ടറി റോസ്‌മേരി കോലഞ്ചേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വനിതാ സെല്‍ മെമ്പര്‍ നിഷാ മാത്യു പ്രത്യേകം തയാറാക്കിയ ഫാദേഴ്‌സ് ഡേ സ്‌പെഷല്‍ കേക്ക് മുറിച്ച് കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഇത്തവണത്തെ കുടുംബ സംഗമത്തിന് വിരാമം കുറിച്ചു.
പി.ആര്‍.ഒ വിശാഖ് ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post