ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു

റ്റാമ്പാ: മൂന്നു ദശാബ്ദത്തിലധികമായി സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ ഫ്‌ളോറിഡയില്‍ നിന്നും ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു.

കോളജ് പഠനകാലത്ത് കോളജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ജോണ്‍ കല്ലോലിക്കല്‍ ഉദ്യോഗാര്‍ത്ഥം ഡല്‍ഹിയിലേക്ക് കുടിയേറി. അവിടെ ജോലി ചെയ്തിരുന്ന 15 വര്‍ഷം വിവിധ മലയാളി സാമൂഹിക- സാംസ്കാരിക സംഘടനകളുമായി ഇടപഴകുവാന്‍ സാധിച്ചു.

നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ (എം.എ.ടി) സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോണ്‍ കഴിഞ്ഞവര്‍ഷം മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ നടത്തിയ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഓണസദ്യയുടെ ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായിരുന്നു.

താന്‍ ആര്‍.വി.പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാന ഫ്‌ളോറിഡ റീജിയനെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നും നാളിതുവരെ പരിപാലിച്ചുവരുന്ന പൊതുരംഗത്തെ മാന്യതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും ജോണ്‍ ഉറപ്പുനല്‍കുന്നു.

പിന്നിട്ട പാതയിലെ പ്രവര്‍ത്തനക്ഷമതയും സത്യസന്ധതയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും, വാക്കിനേക്കാള്‍ പ്രവര്‍ത്തിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുന്നതിനു എത്ര കഠിനമായ പ്രയത്‌നം നടത്താനും താന്‍ തയാറാണെന്നും ജോണ്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം സംഘടനയോട് നൂറുശതമാനം കൂറ് പുലര്‍ത്തുകയും എല്ലാവരേയും സമഭാവനോയോടെ കാണുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു ജോണ്‍ വാക്കുതരുന്നു.

എല്ലാ പ്രതിനിധികളും വോട്ട് നല്‍കി വിജയിപ്പിക്കണമെന്നു ജോണ്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

Share This Post