ഗോപിയോ സുവനീര്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രകാശനം ചെയ്തു

ഷിക്കാഗോ: ഇന്ത്യക്കാരുടെ ആഗോള സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) മുപ്പത്തൊമ്പതാമത് വാര്‍ഷിക സുവനീര്‍ ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ ഗോപിയോ ഗ്ലോബല്‍ പ്രസിഡന്റ് സണ്ണി കുളത്താക്കലിന് കോപ്പി നല്‍കിക്കൊണ്ട് കേന്ദ്ര ഐ.ടി- ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രകാശനം ചെയ്തു.

ഗോപിയോ എന്ന അമ്പതില്‍പ്പരം രാജ്യങ്ങളിലായി ചാപ്റ്ററുകളുള്ള ഗ്ലോബല്‍ സംഘടനയെ നയിക്കുന്നത് ബഹ്‌റിനില്‍ നിന്നുള്ള വ്യവസായിയായ സണ്ണി കുളത്താക്കലാണ്. ബഹ്‌റിനില്‍ നടന്ന ഗ്ലോബല്‍ സമ്മേളനം ബഹ്‌റിന്‍ രാജകുമാരന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ദു അജീ ഉദ്ഘാടനം ചെയ്തു. ഗോപിയോ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തി. അയ്യായിരത്തില്‍ അധികം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ഡോ. സാം പിട്രോഡ, ശശി തരൂര്‍ എം.പി, ബഹ്‌റിന്‍ വൈദ്യുതി വകുപ്പ് മന്ത്രി ഡോ. അബ്ദുള്‍ ബിന്‍ അലി മിര്‍സാ, ബഹ്‌റിന്‍ ടൂറിസം സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിന്‍ അല്‍ ഖലീഫാ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഗോപിയോ ഇന്ത്യന്‍ ടൂറിസം വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഗോപിയോ ഗ്ലോബല്‍ പ്രസിഡന്റ് സണ്ണി കുളത്താക്കല്‍ ഇന്ത്യയുടെ ടൂറിസം വികസനത്തിനായി വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചേര്‍ന്ന് റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുല്‍ ഡി.ബി ബാട്ടിയും സമ്മേളനത്തില്‍ സംബന്ധിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post