ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കി

ചിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്വല സ്വീകരണം നല്‍കി. കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ സഹകരണം ഉണ്ടാവണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഗവണ്‍മെന്റ് വന്നതിനുശേഷമുള്ള കാലയളവില്‍ എല്ലാ മേഖലകളിലും പുരോഗതി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇനിയും നമ്മുടെ നാട് കൂടുതല്‍ വികസിക്കേണ്ടിയിരിക്കുന്നു. അതിനു പ്രവാസി മലയാളികള്‍ കൂടി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മതങ്ങളും ഒന്നാണെന്നു ലോക ജനതയെ പഠിപ്പിച്ച സ്വാമി വിവേകാനന്ദന്‍ കാലുകുത്തിയ സ്ഥലത്ത് വരുവാനും അവിടെ മലയാളികള്‍ വളരെ സൗഹൃദത്തോടെ കഴിയുന്നത് കാണുന്നതിലും വളരെയേറെ സന്തോഷമുണ്ട്. നമ്മുടെ സംസ്ഥാനത്തും മതേതരത്വം നിലനിര്‍ത്തുവാന്‍ കര്‍ശന നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി മെയ്ദിനത്തില്‍ ജീവത്യാഗം ചെയ്തവരെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷമാണ് മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സ്വാമി വിവേകാനന്ദന്‍ സന്ദര്‍ശിച്ച സ്ഥലവും സന്ദര്‍ശിക്കുകയുണ്ടായി.

ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ തിങ്ങി നിറഞ്ഞ മലയാളികള്‍ അത്യുജ്വല സ്വീകരണമാണ് നല്‍കിയത്. സമ്മേളനത്തില്‍ ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു.

ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കേരള മുഖ്യമന്ത്രി ഫൊക്കാനയുടെ സ്വീകരണം ഏറ്റുവാങ്ങുന്നതും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതും. എന്നും രാഷ്ട്രീയത്തില്‍ ഉറച്ച നിലപാടുകളും, വ്യക്തമായ കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന അനിഷേധ്യനായ നേതാവാണ് പിണറായി വിജയെന്നും ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഡോ. അനിരുദ്ധന്‍ ആമുഖ പ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ തുടര്‍ന്നു പ്രസംഗിച്ചു.

റവ. ഫാ. ബിന്‍സ് ചേത്തലില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ നാനൂറാമത് ബുള്ളറ്റിന്റെ കോപ്പി മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് സിറിയക് കൂവക്കാട്ടില്‍, ജോണ്‍ പാട്ടപതി, പീറ്റര്‍ കുളങ്ങര, പ്രവീണ്‍ തോമസ്, രഞ്ജന്‍ ഏബ്രഹാം, ബിജി എടാട്ട്, ശിവന്‍ മുഹമ്മ, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജസ്സി റിന്‍സി സ്വാഗതവും, ടോമി അമ്പേനാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. സന്തോഷ് നായര്‍ എം.സിയായി സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. പ്രവീണ്‍ തോമസ്, ഷിബു മുളയാനികുന്നേല്‍, റിന്‍സി കുര്യന്‍, സതീശന്‍ നായര്‍ ജയ്ബു കുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post