ഫൊക്കാന കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍; അതിഥി സംഘടന പമ്പ സുസജ്ജം

ഫിലഡല്‍ഫിയ: ജൂലൈ 5 മുതല്‍ 8 വരെ ഫിലഡല്‍ഫിയ സബര്‍ബിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന് അതിഥ്യം അരുളാന്‍ പമ്പ മലയാളി അസോസിയേഷന്‍ സുസജ്ജമാണെന്ന് പമ്പ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.

ജൂലൈ 5 മുതല്‍ ഫിലഡല്‍ഫിയയില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്റെ ചുമതലയുള്ള മോഡി ജേക്കബിന്റെ നേതൃത്വത്തില്‍ സുമോദ് നെല്ലിക്കാല, മാത്യു കൊക്കൂറ, കെ.പി. ആന്‍ഡ്രൂസ് എന്നിവര്‍ പമ്പ ഓഫീസില്‍ കൂടി രജിസ്‌ട്രേഷന്‍ പാക്കറ്റുകള്‍ റെഡിയാക്കി. താമസ സ്ഥലത്തെ മുറികളുടെ ചുമതലയുള്ള ബോബി ജേക്കബ്, അലക്‌സ് തോമസ് എന്നിവര്‍ അതിഥികള്‍ക്കായുള്ള ഹോട്ടല്‍ മുറികള്‍ ക്രമീകരിക്കുന്നു. ഫിലാഡല്‍ഫിയയിലെ എയര്‍പോര്‍ട്ടില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ ഫിലിപ്പോസ് ചെറിയാന്റെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടീം സജ്ജമാണ്.

കണ്‍വന്‍ഷനില്‍ അരങ്ങേറുന്ന വിവിധ പരിപാടികളും കള്‍ച്ചറല്‍ പ്രോഗ്രാമും ഏകോപിപ്പിക്കുന്ന ജോര്‍ജ് ഓലിക്കലിന്റേയും, ദേവസ്യ പാലാട്ടിയുടേയും നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷന്‍ സെന്ററിലെ ഹോട്ടല്‍ മുറികള്‍ മുഴുവന്‍ തീര്‍ന്നതിനാല്‍ ഫിലഡല്‍ഫിയയില്‍ നിന്നെത്തുന്നവര്‍ ഡെയ്‌ലി രജിസ്‌ട്രേഷനില്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ മോഡി ജേക്കബ് അഭ്യര്‍ത്ഥിച്ചു.

കണ്‍വന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്ററും, പമ്പയുടെ ഭാരവാഹിയുമായ സുധ കര്‍ത്തായുടേയും, അലക്‌സ് തോമസിന്റേയും നേതൃത്വത്തില്‍ ഫിലഡല്‍ഫിയയിലെ പ്രാദേശിക സംഘടനകളിലുള്ളവരെ സമ്മേളനത്തിന് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഗ്രാമസംഗമം, നഗരസംഗമം പരിപാടിയില്‍ ഫിലഡല്‍ഫിയയില്‍ നിന്നുള്ള നിരവധി പ്രാദേശിക സംഘടനാംഗങ്ങള്‍ പങ്കെടുക്കുമെന്നു കോര്‍ഡിനേറ്റര്‍ അലക്‌സ് തോമസ് പറഞ്ഞു. പമ്പയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ഫൊക്കാനയ്ക്ക് എല്ലാ ആശംസകളും പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ നേര്‍ന്നു.

ജോയിച്ചന്‍ പുതുക്കുളം

Share This Post