ഫാമിലി കോണ്‍ഫറന്‍സ്: റാഫിളിന് ഗ്രാന്‍ഡ് ഫിനാലെ

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: രാജകീയമായിരുന്നു ആ എന്‍ട്രി. വര്‍ണ്ണ മനോഹരമായിരുന്നു റാഫിള്‍ നറുക്കെടുപ്പ്. മെഴ്സിഡസ് ബെന്‍സും, സ്വര്‍ണ്ണവും, ഐഫോണുമായി കമ്മിറ്റി അംഗങ്ങളും മറ്റു ഭാരവാഹികളും ചേര്‍ന്നുള്ള ആ വരവ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിങ്ങിന്‍റെ മാസ്മരികതയും കാതുകളെ കീറി മുറിച്ച് പാഞ്ഞ പശ്ചാത്തലസംഗീതവും ആഹ്ലാദത്തിമിര്‍പ്പിലായ ഭാഗ്യാന്വേഷികളുടെ ആരവവും എല്ലാം ചേര്‍ന്നപ്പോള്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഉത്സവഛായ.

ബെന്‍സ് സ്റ്റേജിന് അടുത്തെത്തി പാര്‍ക്ക് ചെയ്തതോടെ സ്വര്‍ണ്ണവും ഐ ഫോണും അണിഞ്ഞൊരുങ്ങി മോഡലായി എത്തിയ പെണ്‍കുട്ടികള്‍ സ്റ്റേജിലേക്ക് അത്യാഢംബരമായി എത്തിച്ചു. നറുക്കെടുപ്പിനുള്ള വീല്‍ ഡ്രം, നറുക്കെടുപ്പിന്‍റെ ചുമതലയുള്ള സ്വതന്ത്ര ഏജന്‍സിയായ പി.സി ടച്ച് സര്‍വ്വീസ്സസിന്‍റെ ഉടമ ജോണ്‍ തോമസ് സി.പി.എ. സ്റ്റേജിലെത്തിച്ചു.

ആദ്യം ഭദ്രാസനത്തെയും ഭദ്രാസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫാമിലി കോണ്‍ഫറസിനെപ്പറ്റിയും ഭാരവാഹികളെപ്പറ്റിയും റാഫിളിനെപ്പറ്റിയും പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. ഓരോ ഭദ്രാസന വിശ്വാസിയിലും അഭിമാനമുണര്‍ത്തുന്ന ഒരു പ്രസന്‍റേഷന്‍ ആയിരുന്നു അത്. പ്രശസ്ത ഗായകന്‍ ബിനോയ് ചാക്കോ വോയ്സ് ഓവര്‍ നല്‍കി, ദൃശ്യ വിന്യാസം നല്‍കിയത് മീഡിയ ലോജിസ്റ്റിക്കിലെ സുനില്‍ ട്രൈസ്റ്റാറുമായിരുന്നു. ശബ്ദവിന്യാസങ്ങളും ലൈറ്റ് ഇഫക്ടുകളും ചടുലമായി ഓഡിറ്റോറിയത്തിലെത്തിച്ചത് നാദം സൗണ്ട്സിലെ ടെക്നീഷ്യന്മാരാണ്. തോമസ് വര്‍ഗീസ് (സജി) കോര്‍ഡിനേറ്റ് ചെയ്തു.

തുടര്‍ന്നു സുവനീര്‍ റിലീസ്. ആദ്യ പ്രതി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയില്‍ നിന്നും ഏറ്റുവാങ്ങി കൊണ്ട് റവ.ഡോ. ജേക്കബ് കുര്യന്‍ ആണ് പ്രകാശനം ചെയ്തത്. ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ്, പിന്നീട് സ്പോണ്‍സര്‍മാരെ പരിചയപ്പെടുത്തുകയും പ്രശംസഫലകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഓഡിറ്റര്‍ ജോണ്‍ തോമസ് സി.പി.എ. റാഫിള്‍ നിയമങ്ങള്‍ പ്രതിപാദിച്ചു. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. മൂന്നാം സമ്മാനമായ ഐ ഫോണിന്‍റെ നറുക്കെടുപ്പ് ഗായകന്‍ ജോജോ വയലില്‍, ഫാ. ജേക്ക് കുര്യന്‍, കലഹാരി റിസോര്‍ട്സ് ജനറല്‍ മാനേജര്‍ ഡോണ്‍ പ്ലിയോ എന്നിവര്‍ നടത്തി. രണ്ടാം സമ്മാനം 80 ഗ്രാം സ്വര്‍ണ്ണത്തിന്‍റെ രണ്ടു വ്യക്തികള്‍ക്കായുള്ള നറുക്കെടുപ്പ് കോണ്‍ഫറന്‍സിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായ എലിസബത്ത് ചാക്കോ, റവ. ഡോ. ജേക്കബ് കുര്യന്‍ എന്നിവര്‍ നടത്തി.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നിരുന്ന സദസ്യരെ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നയിച്ചുകൊണ്ട് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഒന്നാം സമ്മാനത്തിനായുള്ള കുറി എടുത്തു. ഇതോടെ സദസ്സ് ശബ്ദമുഖരിതമായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ ഈ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തത് എബി കുര്യാക്കോസ് അധ്യക്ഷനായ ഫിനാന്‍സ് സുവനിയര്‍ കമ്മിറ്റി ടീമാണ്. ജോബി ജോണ്‍ അവതാരകനായിരുന്നു. റാഫിള്‍ വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്സ് വിജയികളായ എബ്രഹാം പോത്തന്‍, സാജു ജേക്കബ്, പോള്‍ മാവേലി എന്നിവര്‍ക്ക് സമ്മാനം സ്പോണ്‍സര്‍ ചെയ്ത ജോര്‍ജ് പി. തോമസും സൂസന്‍ തോമസും നല്‍കി. രണ്ടാം സമ്മാനമായ 40 ഗ്രാം സ്വര്‍ണ്ണം ബ്ലസന്‍റ് തോമസിന്, സ്പോണ്‍സര്‍മാരായ തോമസ് കോശി, വത്സാ കോശി എന്നിവര്‍ നല്‍കി. രണ്ടാമത്തെ 40 ഗ്രാം സ്വര്‍ണ്ണം വിജയിയായ ബിനു ജോണ്‍ സന്നിഹിതനായിരുന്നില്ല. (ആ സമ്മാനം പിറ്റേന്ന് കണക്ടിക്കട്ട് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ സഖറിയ മാര്‍ നിക്കോളോവോസ് നല്‍കി) 42 ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരുടെ വകയായ ഒന്നാം സമ്മാനം മെഴ്സിഡസ് ബെന്‍സിന്‍റെ ഡോക്യുമെന്‍റുകള്‍ യോഹന്നാന്‍ സ്കറിയാക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നല്‍കി.

ജോര്‍ജ് തുമ്പയില്‍

Share This Post