ഫാമിലി കോൺഫറൻസ്; ജോജോ വയലിലിന്റെ സംഗീത പരിപാടി 18 ന്

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ഒന്നാം ദിവസമായ ജൂലൈ 18 ന് ബുധനാഴ്ച വൈകുന്നേരം സംഗീതജ്ഞനായ ജോജോ വയലിൽ സുവിശേഷ കീർത്തനങ്ങളുമായി കലഹാരി കൺവൻഷൻ സെന്ററിനെ സംഗീത സാന്ദ്രമാക്കും. ക്രൈസ്തവ കീർത്തനങ്ങളും ലളിത ഗാനങ്ങളും ഒക്കെയായി ഫ്യൂഷൻ രീതിയിലുള്ള സംഗീത പരിപാടിയാണ് നടക്കുക. കീബോർഡ്: വിജു ജേക്കബ് (ഫിലഡൽഫിയ), മൃദംഗം: സുഭാഷ് കുമാർ (ന്യൂയോർക്ക്), വയലിൻ: ജോർജ് ദേവസി (ന്യുജഴ്സി), തബല,ഡ്രംസ്: റോണി കുര്യൻ (ന്യുയോർക്ക്), സൗണ്ട്: നാദം സൗണ്ട്സ്, കോഓർഡിനേഷൻ: തോമസ് വർഗീസ് (സജി).

130 ലധികം ക്രൈസ്തവ കീർത്തനങ്ങൾ കഴിഞ്ഞ 25 വർഷങ്ങളിലായി എഴുതി ചിട്ടപ്പെടുത്തി പാടിക്കൊണ്ടിരിക്കുന്നു. അനേകം ആൽബങ്ങളും ജോജോയുടേതായി വിപണിയിൽ ലഭ്യമാണ്.

സുവിശേഷ കീർത്തനങ്ങളിൽ കൂടി സംഗീത ചികിത്സ ചെയ്യുക എന്നുള്ളതും സുവിശേഷ കീർത്തനങ്ങൾ പഠിപ്പിക്കുന്ന ഒരു സംഗീത ക്ലാസ് ആരംഭിക്കുക എന്നതും ലക്ഷ്യമായി പ്രവർത്തിക്കുന്ന ജോജോയുടെ സ്വദേശം പാലായാണ്. ശ്രുതി ഡയറക്ടറായ ഫാ. എം. പി. ജോർജ് ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞർ തനിക്ക് പ്രചോദനമായതായി ജോജോ പറയുന്നു. ഫാ. എം. വി. ജോർജ് നടത്തുന്ന സംഗീത ചികിത്സാ ക്ലാസിൽ ചേർന്നശേഷം ജോർജ് അച്ചന്റെ കൂടെയും അല്ലാതെയുമായി കേരളത്തിലും വിദേശങ്ങളിലുമായി നാനൂറോളം കച്ചേരികൾ നടത്തി. എം. എസ് ഗോപാല കൃഷ്ണ അയ്യരുടെ യേശുനാഥാ എന്ന കീർത്തനമാണ് നാട്ടുരാഗത്തിൽ ജോജോ കച്ചേരികളുടെ ആരംഭഗാനമായി പാടുന്നത്. ഈ കീർത്തനം ചിട്ടപ്പെടുത്തി കഴിഞ്ഞപ്പോൾ ഗുരുവായ എം. എസ്. ഗോപാലകൃഷ്ണ അയ്യർ പറഞ്ഞ വാചകം ജോജോയും ഹൃദയത്തിലെ മയാത്ത ശ്രുതിയാണ്, ഞാൻ കർത്താവിനെ കണ്ടു ജോജോ.

പിന്നീട് ഷാലോം ടിവിയിൽ നിരവധി പരിപാടികൾ. റോമിലെ സെന്റ് ജോൺസ് ലാറ്ററൻ ചർച്ചിൽ അൽഫോൻസാമ്മയുടെ താങ്ക്സ് ഗിവിങ് മാസ്, ഇസ്രയേലിൽ യേശു ജനിച്ച സ്ഥലത്തുള്ള ദേവാലയം, കൽക്കട്ടയിൽ വിശുദ്ധ മദർ തെരേസയുടെ കബറിടത്തിങ്കൽ എന്നിവിടങ്ങളിൽ കച്ചേരികൾ നടത്തി.

ജോജോയുടെ വെബ് സൈറ്റ് സുഗന്ധ സംഗീതത്തിന് പേര് നിർദ്ദേശിച്ചത് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ്. 2014 ലെ ഫാമിലി കോൺഫറൻസിൽ കച്ചേരി അവതരിപ്പിച്ചതിനുശേഷം തിരുമേനിയെ കാണാൻ അരമനയിൽ ചെന്നസമയം തിരുമേനിയാണ് ഒരു വെബ്സൈറ്റ് തുടങ്ങണമെന്ന ആശയം മുന്നോട്ട് വെച്ചത്. ബിസിനസ് സുഗന്ധവ്യജ്ഞന കച്ചവടം ആണെന്ന് അറിയിച്ചപ്പോൾ നിമിഷാർദ്ധത്തിൽ തിരുമേനി പേര് നിർദ്ദേശിക്കുകയാണുണ്ടായത്. സുന്ധ സംഗീതം. കാരണം തിരുമേനി തന്നെ പറഞ്ഞു. ജോജോ ഇതു രണ്ടു ചെയ്യുന്നുണ്ടല്ലോ എന്ന്.

കോട്ടയത്ത് നടന്ന സുന്നഹദോസിനുശേഷം പാലായിലെ വീട്ടിലും സ്ഥാപനത്തിലും തിരുമേനി വന്ന് ആശീർവദിച്ച കാര്യവും ജോജോ അനുസ്മരിച്ചു.

വിവരങ്ങൾക്ക് : website :www.fyconf.org. ഫാ. ഡോ. വർഗീസ് എം. ഡാനിയൽ : 203 508 2690, ജോർജ് തുമ്പയിൽ : 973 943 6164, മാത്യു വർഗീസ് : 631 891 8184.

രാജൻ യോഹന്നാൻ

Share This Post