ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ചരിത്രവഴിയില്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: ചരിത്രം സൃഷ്ടിച്ച കോണ്‍ഫറന്‍സ് എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് ഭദ്രാസന ചരിത്രത്തിന്‍റെ ഏടുകളില്‍ വിശ്വാസികളുടെ പങ്കാളിത്തത്താലും ചിട്ടയായ പരിപാടികളാലും വിശ്വാസാചരണങ്ങളില്‍ നിന്നും മാറാതെയുള്ള മാനസികോല്ലാസ ക്രമീകരണങ്ങളാലും നിരവധി കമ്മിറ്റികളുടെ അക്ഷീണപ്രയത്നത്താലും 2018 ഫാമിലി കോണ്‍ഫറന്‍സ് ചരിത്രത്താളുകളില്‍ കയറിയെന്നു സമാപന സമ്മേളനത്തിലാണ് മാര്‍ നിക്കോളോവോസ് അഭിപ്രായപ്പെട്ടത്.

ഇതപര്യന്തമുള്ള തന്‍റെ ജീവിതയാത്രയില്‍ ഇതുപോലെയൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായ റവ.ഡോ. ജേക്കബ് കുര്യന്‍. ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ല. ഒ.വി. വിജയന്‍റെ ഗുരുസാഗരം എന്ന കൃതി പരാമര്‍ശിച്ച് സെമിനാരിയില്‍ തന്‍റെ ശിഷ്യനായിരുന്ന റവ.ഡോ. വറുഗീസ് എം. ഡാനിയേലിനെ നോക്കി ശിഷ്യ നീ ആകുന്നു ഗുരു എന്നു പറഞ്ഞത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ നമ്രശിരസ്കനായി ഏറ്റെടുത്തത്. വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്.
ജൂലൈ 21 ശനിയാഴ്ച നമസ്ക്കാരത്തോടു കൂടി തുടങ്ങി വി. കുര്‍ബ്ബാനയ്ക്കു ശേഷം, ചതുര്‍ദിന കോണ്‍ഫറന്‍സിന്‍റെ വീഡിയോ പ്രസന്‍റേഷന്‍ നടന്നു. ഫോട്ടോഗ്രാഫിയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്ന ബിനു സാമുവല്‍ ഇത് കോര്‍ഡിനേറ്റ് ചെയ്തു.

തുടര്‍ന്ന് സമാപന സമ്മേളനം. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, റവ.ഡോ. ജേക്കബ് കുര്യന്‍, ഫാ. ജേക്ക് കുര്യന്‍, ഫാ. സുജിത്ത് തോമസ്, ഫാ. വിജയ് തോമസ്, റവ.ഡോ. വറുഗീസ് എം. ഡാനിയല്‍, അമല്‍ പുന്നൂസ്, ജോര്‍ജ് തുമ്പയില്‍, മാത്യു വറുഗീസ്, എബി കുര്യാക്കോസ്, ഡോ. റോബിന്‍ മാത്യു, ജയ്സണ്‍ തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. തോമസ് മാത്യു, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, റവ.ഡോ. ജേക്കബ് കുര്യന്‍, ഫാ. ജേക്ക് കുര്യന്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെ വിലയിരുത്തുകയും അവരുടെ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ ആദ്യമായി പങ്കെടുത്ത ജെനി മാര്‍ക്കോസ് (ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ്), ക്രിസ്റ്റ ജോര്‍ജ് (സഫേണ്‍ സെന്‍റ് മേരീസ്) എന്നിവരും അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

ഡോളര്‍ അടങ്ങിയ കവര്‍ തിരികെയേല്‍പ്പിച്ച് ഏവരുടെയും പ്രശംസക്ക് പാത്രീഭൂതരായ കലഹാരി ജീവനക്കാരി കാമിലിന്‍റെ സൂപ്പര്‍വൈസര്‍ മാത്യു റോവിലിനും പൂച്ചെണ്ടും കാഷും പാരിതോഷികവും മാര്‍ നിക്കോളോവോസ് നല്‍കി.

പിന്നീട്, റാഫിള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്സ് വിജയികളായ എബ്രഹാം പോത്തന്‍, സാജു ജേക്കബ്, പോള്‍ മാവേലി എന്നിവര്‍ക്ക് സമ്മാനം സ്പോണ്‍സര്‍ ചെയ്ത ജോര്‍ജ് പി. തോമസും സൂസന്‍ തോമസും നല്‍കി.
രണ്ടാം സമ്മാനമായ 40 ഗ്രാം സ്വര്‍ണ്ണം ബ്ലസന്‍റ് തോമസിന്, സ്പോണ്‍സര്‍മാരായ തോമസ് കോശി, വത്സാ കോശി എന്നിവര്‍ നല്‍കി. രണ്ടാമത്തെ 40 ഗ്രാം സ്വര്‍ണ്ണം വിജയിയായ ബിനു ജോണ്‍ സന്നിഹിതനായിരുന്നില്ല. (ആ സമ്മാനം പിറ്റേന്ന് കണക്ടിക്കട്ട് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ സഖറിയ മാര്‍ നിക്കോളോവോസ് നല്‍കി)

ഒന്നാം സമ്മാനം മെഴ്സിഡസ് ബെന്‍സിന്‍റെ ഡോക്യുമെന്‍റുകള്‍ യോഹന്നാന്‍ സ്കറിയാക്ക് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നല്‍കി. ഫാമിലി കോണ്‍ഫറന്‍സിന്‍റെ സ്നേഹസമ്മാനമായ ഒന്നരലക്ഷം ഡോളര്‍ ഹോളിട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് നല്‍കുന്നു എന്ന പ്രഖ്യാപനം തികഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്.

കോര്‍ഡിനേറ്റര്‍ റവ.ഡോ.വറുഗീസ് എം. ഡാനിയല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനവഴികളിലേക്ക് ഊളിയിട്ട് സംസാരിച്ചു. 2019-ലെ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ആയി ഫാ. സണ്ണി ജോസഫിനെയും (സെന്‍റ് മേരീസ് ലിന്‍ഡന്‍), ജനറല്‍ സെക്രട്ടറിയായി ജോബി ജോണിനെയും (സെന്‍റ് സ്റ്റീഫന്‍സ് മിഡ്ലാന്‍ഡ് പാര്‍ക്ക്) നിയമിച്ചതായി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രത്തിലിടം നേടിയ എല്ലാവരെയും കമ്മിറ്റിക്കാരെയും പ്രത്യേകിച്ച് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വറുഗീസ് എന്നിവരെ പ്രത്യേകം അനുമോദിച്ചു. അവരുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഫറന്‍സിന്‍റെ വിജയമന്ത്രം എന്നും മാര്‍ നിക്കോളോവോസ് സൂചിപ്പിച്ചു.

ട്രഷറര്‍ മാത്യു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു. ആശീര്‍വാദത്തോടെയും കൈമുത്തലോടെയും കോണ്‍ഫറന്‍സിന് സമാപനമായി. എല്ലാവരും ബ്രഞ്ച് കഴിച്ച് അന്യോന്യം ആശ്ലേഷിച്ച് ഇനിയും അടുത്തവര്‍ഷം കാണാമെന്ന ഉറപ്പോടെയാണ് പിരിഞ്ഞു പോയത്.

രാജന്‍ വാഴപ്പള്ളില്‍

Share This Post