ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ആരംഭിച്ചു

കൊപ്പേൽ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തി നിർഭരമായ തുടക്കം. ജൂലൈ 29 വരെയാണ് തിരുനാൾ. ജൂലൈ 20 വെള്ളിയാഴ്ച വൈകുന്നേരം ഫാ. ജോൺകുട്ടി പുലിശ്ശേരി (ചിക്കാഗോ രൂപതാ ചാൻസലർ), ഫാ അലക്സ് വിരുതകുളങ്ങര (അസി. വികാരി) , ഫാ ജോൺസൺ വടക്കുംചേരി എന്നിവർ ചേർന്ന് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ദിവസേന രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറു വരെ വി. കുർബാന തുടർന്ന് നൊവേന , ലദീഞ്ഞ് വരെ ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. രൂപതയിൽ നിന്ന് ഈ വർഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിൻ മുണ്ടക്കൽ , ഫാ. രാജീവ് വലിയവീട്ടിൽ ഉൾപ്പെടെ നിരവധി വൈദികർ തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുക്കും.

ജൂലൈ 29 നു ഞായറാഴ വൈകുന്നേരം 4:30 നു നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാനയിൽ റവ. ഫാ. റാഫേൽ അമ്പാടൻ മുഖ്യ കാർമ്മികനായിരിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരി.കുർബാനയുടെ ആശീർവാദവും നേർച്ചയും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

ബിജു നാരായണൻ നയിക്കുന്ന ഗാനമേള ജൂലൈ 28 ശനി രാത്രി എട്ടിനും , ഇടവകാംഗളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക സ്റ്റേജ് ഷോ “റിഥംസ്‌” ജൂലൈ 27 വെള്ളി രാത്രി എട്ടിനും കലാപരിപാടികളുടെ ഭാഗമായി സെന്റ് അൽഫോൻസാ ഹാളിൽ അരങ്ങേറും.

ഫാ. ജോൺസ്റ്റി തച്ചാറ, ഫാ അലക്സ് വിരുതകുളങ്ങര, കൈക്കാരന്മാരായ ഫ്രാങ്കോ ഡേവിസ് , ഡെന്നി ജോസഫ് , ലിയോ ജോസഫ് , പോൾ ആലപ്പാട്ട്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവർ തിരുനാളിനു നേതൃത്വം നൽകുന്നു. ഏവരേയും തിരുനാളിലേക്ക് സ്വാഗതം ചെയ്യുന്നതായി പാരീഷ് നേതൃത്വം അറിയിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Share This Post