ഡാളസില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഇമിഗ്രേഷന്‍ റാലി

ഡാളസ്: യു.എസ് പ്രധാന സിറ്റികളില്‍ ട്രംപിന്റെ ഇമിഗ്രേഷന്‍ “സീറോ ടോളറന്‍സ്’ പോളിസിക്കെതിരേ സംഘടിപ്പിച്ച പ്രകടനങ്ങളുടെ ഭാഗമായി ഇന്ന് (ജൂണ്‍ 30-ന്) ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രതിക്ഷേധ പ്രകടനത്തിനു ഡാളസ് ഡൗണ്‍ സാക്ഷ്യംവഹിച്ചു.

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കളില്‍ നിന്നു വേര്‍പെടുത്തിയ കുട്ടികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് സിറ്റി ഹാള്‍ പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്.

സ്റ്റെമന്‍സ് ഫ്രീവേയിലുള്ള യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ബില്‍ഡിംഗിനു മുമ്പില്‍ എത്തിയതോടെ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഹൈവേ സര്‍വീസ് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസും പ്രകടനക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. പ്രകടനക്കാരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും പോലീസിന്റെ ഉത്തരവ് ലംഘിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്യേണ്ടിവന്നെന്നു പോലീസ് അറിയിച്ചു.

പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയും, ട്രംപിനെതിരേ മുദ്രാവാക്യം മുഴക്കിയും, കുട്ടികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നീങ്ങിയപ്പോള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞവരും ഇവര്‍ക്ക് പിന്തുണയുമായി പ്രകടനത്തില്‍ പങ്കെടുത്തു. പ്രകടനക്കാരെ അഭിസംബോധന ചെയ്ത് ഡമോക്രാറ്റിക് പ്രതിനിധി വിക്‌ടോറിയ, ഡാളസ് കൗണ്ടി ജഡ്ജ് ക്ലെ ജെന്‍തിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.പി. ചെറിയാന്‍

Share This Post