സി.എസ്.ഐ കൗണ്‍സില്‍ രജതജൂബിലി നിറവില്‍

വടക്കേ അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ഭരണസമിതിയായ സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ രൂപീകൃതമായിട്ട് 2019-ല്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ ജൂലൈ എട്ടാംതീയതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.

ജൂലൈ 8-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജോസഫ് ജെ. സ്വീന്‍സി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (380 ക്രാന്‍ബറി റോഡ്, ഈസ്റ്റ് ബ്രൗണ്‍സ് വിക്, എന്‍.ജെ 08816) ഒരു സ്‌തോത്ര ശുശ്രൂഷ നടത്തപ്പെടും. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട് സംസ്ഥാനങ്ങളിലുള്ള സി.എസ്.ഐ ഇടവകകള്‍ സംയുക്തമായി ഈ സ്‌തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സി.എസ്.ഐ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി ആരാധനയ്ക്ക് നേതൃത്വം നല്‍കും.

ആരാധനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സി.എസ്.ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. സി.ആര്‍. സദാനന്ദ മുഖ്യ സന്ദേശം നല്‍കും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ഈസ്റ്റ് ബ്രൗണ്‍സ് വിക് മേയര്‍ ഹോണറബിള്‍ ബ്രാഡ് ജെ. കോളന്‍ നിര്‍വഹിക്കും.

ജൂലൈ 8-ന് 10 മണിക്ക് നടക്കുന്ന സ്‌തോത്ര പ്രാര്‍ത്ഥനയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതിന് എല്ലാ സി.എസ്.ഐ സഭാ വിശ്വാസികളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വില്യം ഏബ്രഹാം (കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) 832 288 7859, മാത്യു ജോഷ്വാ (കൗണ്‍സില്‍ സെക്രട്ടറി) 516 761 2406, റവ. ജോബി ജോയി (ജനറല്‍ കണ്‍വീനര്‍) 848 247 8005, ബിജു ഉമ്മന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) 914 523 9501.

ജോയിച്ചന്‍ പുതുക്കുളം

Share This Post