കോണ്‍ഫറന്‍സ് ദിനങ്ങള്‍ സുഗമമാക്കേണ്ടത് ഇങ്ങനെ

ന്യൂയോര്‍ക്ക്: ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമര്‍ 5:3) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നതാണ് കോണ്‍ഫറന്‍സിലെ ചിന്താവിഷയം. കാലിക പ്രാധാന്യമുള്ള കോണ്‍ഫറന്‍സ് തീം മുറുകെ പിടിച്ചു പ്രാവര്‍ത്തികമാക്കാന്‍ കോണ്‍ഫറന്‍സിന് കഴിയട്ടെ എന്നു ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.

അധികാരികളോടുള്ള വിധേയത്വവും നിയമാവലികളോടുള്ള ബഹുമാനവും അനുസരണയും പരസ്പര ശാക്തീകരണത്തിന് വഴി തെളിക്കും. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമര്‍പ്പണവും അത്യന്താപേക്ഷിതമാണ്.

കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേര്‍ക്കുന്നു. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ അനുസരിച്ച് എല്ലാവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.സമയ നിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. കോണ്‍ഫറന്‍സില്‍ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.

കോണ്‍ഫറന്‍സില്‍ യോജ്യവും സന്ദര്‍ഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു.രാത്രി 11 മണി മുതല്‍ പ്രഭാത പ്രാര്‍ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്.കലഹാരി കോണ്‍ഫറന്‍സ് സെന്ററില്‍ ലഹരി വസ്തുക്കള്‍ കര്‍ശനമായി വിലക്കിയിരിക്കുന്നതും ഇതു ലംഘിക്കുന്നവരെ കോണ്‍ഫറന്‍സില്‍ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമെ നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കോണ്‍ഫറന്‍സ് സെന്ററില്‍ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫേ സ്റ്റേഷനുകളില്‍ വിളമ്പുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഡൈനിങ് ഏരിയായ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടുള്ളതല്ല.

കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാന്‍ഡും മറ്റുള്ളവര്‍ക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോണ്‍ഫറന്‍സ് സെന്ററിലോ മുറികളിലോ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവരാണ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടര്‍പാര്‍ക്ക് മുതലായ സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഫെസിലിറ്റിക്കോ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.

കോണ്‍ഫറന്‍സ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകള്‍ വരുത്തിയാല്‍ അവര്‍ തന്നെ ഉത്തരവാദികളായിരിക്കും. ഓരോരുത്തരും അവരവരുടെയും അവര്‍ക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സിനും മറ്റ് ബാധ്യതാ ഇന്‍ഷുറന്‍സുകള്‍ക്കും ഉത്തരവാദപ്പെട്ടിരിക്കും.

ഫാമിലി കോണ്‍റന്‍സില്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വെബ് സൈറ്റിലും റജിസ്‌ട്രേഷന്‍ ഫോമിലും കൂടാതെ ഇ- മെയിലുകള്‍, മൊബൈല്‍ ആപ്പ് മുഖേനയും എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിക്കുന്നു. ഈ നിബന്ധനകള്‍ പാലിച്ച് ഉത്തരവാദിത്ത ബോധത്തോടെ സംബന്ധിച്ച് ഈ കോണ്‍ഫറന്‍സ് വിജയമാക്കിത്തീര്‍ക്കണമെന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക് :
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Mathew Varughese (631) 891-8184, babyammal@hotmail.com
Family conference website – www.fyconf.org
Conference Site – https://www.kalahariresorts.com/Pennsylvania

Share This Post