സിക്കിള്‍ സെല്‍ അനീമിയ ഗവേഷണ കേന്ദ്രത്തിനു സഹകരണം തേടി മന്ത്രി ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

ഫിലഡല്‍ഫിയ: സിക്കിള്‍ സെല്‍ അനീമിയ, തലസേമിയ തുടങ്ങി രക്തത്തെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ വയനാട്ടിലെ മാനന്തവാടിയില്‍ സ്ഥാപിക്കുന്ന റിസേര്‍ച്ച് സെന്ററിനുബൗദ്ധികവും സാങ്കേതികവുമായ സഹകരണം തേടി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ കിമ്മല്‍ കാന്‍സര്‍ സെന്ററിലെ പോപ്പുലേഷന്‍ സ്റ്റഡീസ് മേധാവി ഡോ. ഗ്രേസ് ലു യാവോയുമായി ചര്‍ച്ച നടത്തി.

പ്രൊഫ. യാവോയെ മന്ത്രി ഡിസംബര്‍ ജനുവരി മാസങ്ങളില്‍ കേരളം സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. പ്രാഥമിക ചര്‍ച്ചാണിതെന്നും ഭാവിയില്‍ എന്തൊക്കെ രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു ഇരുകൂട്ടരും തീരുമാനിക്കുമെന്നും മന്ത്രിയും പ്രൊഫ. യാവോയും പറഞ്ഞു.

രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന വിദഗ്ധര്‍ യൂണിവേഴ്‌സിറ്റിയിലുണ്ടെന്ന് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഡോ. എം.വി പിള്ള പറഞ്ഞു. സ്‌റ്റെം സെല്‍, ബോണ്‍ മാരോ എന്നിവ മാറ്റിവെച്ച് സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയവ ഇല്ലാതാക്കാന്‍ കഴിയും. ഇതു സംബന്ധിച്ച മികച്ച വിദഗ്ധര്‍ യൂണിവേഴ്‌സിറ്റിയിലുണ്ട്.

നിപ്പാ വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വന്തം സുരക്ഷ പോലും അവഗണിച്ച് രംഗത്തിറങ്ങിയ മന്ത്രി ശൈലജ ടീച്ചറുടെ മനുഷ്യസ്‌നേഹത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും തെളിവുകൂടിയായി ഈ സംരംഭം

ആദിവാസികള്‍ക്കിടയിലാണ് ഈ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പാരമ്പര്യമായി ഇതു പകരുന്നു. ഈ രോഗങ്ങളാകട്ടെ കടുത്ത വേദനയും ഉളവാക്കുന്നു. ഇത്തരം വേദന അനുഭവിക്കുന്ന പാവങ്ങള്‍ക്ക് സഹായമെത്തിക്കുക എന്ന ദൗത്യമാണ് മാനന്തവാടിയില്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു പിന്നില്‍. ഇതിനായി 75 ഏക്കര്‍ സ്ഥലം വിട്ടുനല്‍കും. രക്തസംബന്ധമായ ഗവേഷണത്തിനു പുറമെ മറ്റു രോഗങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിനും സൗകര്യമൊരുക്കും.

ഇന്ത്യയില്‍ എഴുനൂറില്‍പ്പരം ആദിവാസി വിഭാഗങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. അതില്‍ 150ല്‍പ്പരം വിഭാഗങ്ങള്‍ പൗരാണിക ജീവിതം നയിക്കുന്നവരാണ്. രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായ ചികിത്സ ഇല്ല. എന്നാല്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു ഭേദപ്പെടുത്താനാകും. സിക്കിള്‍ സെല്‍ രോഗം 10 15 ശതമാനം ആദിവാസികളിലും ഉണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുര്‍വേദം തുടങ്ങിയ പാരമ്പര്യ ചികിത്സകളേയും സമന്വയിപ്പിച്ച് ഇവയെ നേരിടാനാകും. യൂണിവേഴ്‌സിറ്റിയും സെന്ററുമായി സഹകരിച്ച് അറിവ് പങ്കുവെയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കേരളത്തില്‍ ഓരോ വര്‍ഷവും 50,000 പേര്‍ക്ക് വീതം കാന്‍സര്‍ ഉണ്ടാകുന്നതായി മന്ത്രി പറഞ്ഞു. അതുപോലെ ഡയബെറ്റിസും കൂടുന്നു. ജീവിതശൈലിയിലെ മാറ്റമാണ് രോഗങ്ങള്‍ കൊണ്ടുവരുന്നതെന്ന് സംശയിക്കുന്നു.

അതേ സമയം ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുമുണ്ട്. ശിശു മരണവും പ്രസവത്തോടനുബന്ധിച്ചുള്ള മരണവും കുറഞ്ഞു.ഇവ വികസിതപാശ്ചാത്യരാജ്യങ്ങളിലേതിനു സമാനമായി കൊണ്ടുവരാന്‍ നമുക്കായി. കേരളീയരുടെ ആയുസ് ആകട്ടെ 76 വയസായി ഉയര്‍ന്നു. അമേരിക്കയില്‍ അതു 78.

ഡയബെറ്റിസിനെതിരേ ‘മിഠായി’ എന്നൊരു പ്രൊജക്ട് ഉണ്ടാക്കി. 10,000 പേര്‍ മാസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ക്ക് എതിരേ ‘ഹൃദ്യം’ എന്ന പ്രൊജക്ടിലും ധാരാളം പേര്‍ ചേരുന്നു.

ഡയാലിസിസ് കേന്ദ്രങ്ങള്‍, കാത്ത് ലാബ് തുടങ്ങിയവയൊക്കെ കൂടുതല്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.

ഡോ. ജോസ് കാനാട്ട് മന്ത്രിയുടെ സന്ദര്‍ശനത്തെപറ്റി വിശദീകരിച്ചു. വിന്‍സന്റ് ഇമ്മാനുവല്‍, സാജിത കമാല്‍, ജോര്‍ജ് നടവയല്‍, നൊര്‍ക്ക വൈസ് ചെയര്‍ വരദരാജന്‍, അരുണ്‍ കോവാട്ട് തുടങ്ങിയവരും പങ്കെടുത്തു.

ജോര്‍ജ് ജോസഫ്‌

Share This Post