കാന്‍സര്‍ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപിരിവ് നടത്തിയ യുവതിക്ക് തടവും പിഴയും

ന്യുയോര്‍ക്ക്: മാരകമായ കാന്‍സര്‍ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണ പിരിവ് നടത്തിയ വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള നേപ്പാള്‍ യുവതി ഷിവോണി ഡിയോകരന് (38) രണ്ടു വര്‍ഷം ജയില്‍ ശിക്ഷയും 47741.20 ഡോളര്‍ പിഴയും ന്യൂയോര്‍ക്ക് ഡിസ്ട്രിക്റ്റ് ജഡ്ജി വിധിച്ചു.

കണ്‍പുരികവും തലയും പൂര്‍ണ്ണമായി ഷേവ് ചെയ്ത് കാന്‍സറാണെന്ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് 2014 2016 കാലഘട്ടത്തില്‍ പണം തട്ടിയെടുത്തത്. ദാനധര്‍മ്മം നടത്തുന്നതിനു താല്‍പര്യമുള്ളവരെ ചൂക്ഷണം ചെയ്യുക വഴി, അര്‍ഹരായ രോഗികള്‍ക്കു പോലും സഹായം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഇവര്‍ ഇല്ലാതാക്കി എന്ന് കോടതി അഭിപ്രായപ്പെട്ടു.

38 വയസ്സുള്ള ഇവരുടെ രണ്ടു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പോലും പ്രത്യേക ഫണ്ട് പിരിവ് നടത്തിയിരുന്നതായും കോടതി കണ്ടെത്തി. പതിനെട്ടു മാസമാണ് തനിക്ക് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്നതെന്നും 2015 ല്‍ തന്റെ ഭര്‍ത്താവ് നേപ്പാളിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ കളവ് പറഞ്ഞിരുന്നു.

കള്ളത്തരം പുറത്തായതോടെ കുറ്റം മുഴുവന്‍ ഇവരുടെ ആണ്‍ സുഹൃത്തിന് മേല്‍ ചുമത്താനാണ് ഇവര്‍ ശ്രമിച്ചത്. ഉറക്കത്തില്‍ തന്റെ മുടിയെല്ലാം വെട്ടിയെന്നും തട്ടിപ്പു നടത്താന്‍ പ്രേരിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു. കോടതി വിധി വന്നതോടെ ചെയ്തത് തെറ്റായെന്ന് ഇവര്‍ സമ്മതിച്ചു. എല്ലാവരോടും മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

പി പി ചെറിയാന്‍

Share This Post