വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ കൂടി ഉതകുന്നതാവണം സംഘടനകൾ – C K. ജോർജ്ജ് , ഫ്ലോറിഡ

നീണ്ട 45 വർഷത്തെ പ്രവാസ ജീവിതത്തിൽ വിവിധ മലയാളി സംഘടനകളിൽ പ്രവൃത്തിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പ്രാദേശിക സംഘടനയിലും അത് വഴി ദേശിയ സംഘടനകളിലും ഒരേ പോലെ പ്രവർത്തിച്ചു. 1982 ഫൊക്കാന കമ്മിറ്റി മെമ്പർ അതിന് ശേഷം ട്രസ്റ്റീ ബോർഡ് മെമ്പർ ആയി. ഫോമ രൂപീകൃതമായ ശേഷം ജുഡീഷ്യൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഫോമ ദേശിയ കോൺവെൻഷനോട് അനുബന്ധിച്ചു നടക്കുവാൻ പോകുന്ന എലെക്ഷന്റെ ആരവങ്ങൾ ആണ് ഇപ്പോൾ എവിടെയും. പണ്ടത്തേതിനെ അപേക്ഷിച്ചു ഇപ്പോൾ തിരഞ്ഞെടുപ്പുകളിൽ വാശിയേറിയിട്ടുണ്ട്. പരസ്‌പര ബഹുമാനത്തോടെ എലെക്ഷനെ നേരിടുന്ന പഴയ രീതി എവിടെയോ കൈമോശം വന്നു എന്ന് തോന്നുന്നു. ഈ അടുത്ത് എലെക്ഷനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ചില വാർത്തകൾ ഈ സമൂഹത്തിനെ തന്നെ അലോസരപ്പെടുത്തുന്നവയാണ്. മലയാളികളുടെ നന്മ എവിടെയാണ് നഷ്ടപ്പെട്ടത് എന്ന ചിന്ത ആണ് ഈ കുറുപ്പ് എഴുതിപ്പിക്ക്കുന്നത്.

ദേശിയ പ്രസ്ഥാനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും ജീവിക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറാവണം. അപ്പനും, അമ്മയും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെ കൺവെൻഷന് കൊണ്ട് വരുവാനുള്ള വഴികൾ കണ്ടെത്തണം. കുട്ടികളെ നോക്കാൻ ആളില്ല എന്ന് പറഞ്ഞു കൺവെൻഷനിൽ പങ്കെടുക്കാൻ പറ്റാത്ത കുടുംബങ്ങളെ എനിക്കറിയാം. ഇപ്പോഴത്തെ നിരക്കിൽ 4 പേര് അടങ്ങുന്ന കുടുംബങ്ങളെ കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ സാധിക്കണം. പല സമുദായ സംഘടനകളും അങ്ങനെ ചെയ്യുന്നതായി കാണാം. പിന്നെ എന്ത് കൊണ്ട് ഫോമ പോലെ അമേരിക്കയിൽ മുഴുവൻ വേരോട്ടമുള്ള സംഘടനകൾ ചെയ്യാൻ സാധിക്കുന്നില്ല? അങ്ങനെ ചെയ്യാൻ സാധിക്കുന്ന പട്ടണങ്ങളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എല്ലാ പട്ടണങ്ങളിലും കൺവെൻഷൻ നടത്തുവാൻ സാധിക്കണം. ചെലവ് ചുരുക്കി കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുകയാണ് വേണ്ടത്.

അമേരിക്കയിലെ സംഘടന പ്രവർത്തനം എന്ന് പറയുന്നത് ഒരു സാമൂഹിക പ്രവർത്തനം കൂടി ആണെന്ന് ഈ ഉള്ളവൻ വിശ്വസിക്കുന്നു. സമയം, പണം, കുടുംബം, കുട്ടികളെ എല്ലാം നഷ്ടപ്പെടുത്തുന്ന സാമൂഹിക പ്രവർത്തനം. കുടുംബവും ജോലിയിൽ കഴിഞ്ഞു വേണം സ്ത്രീകൾക്ക് സംഘടനകളിൽ പ്രവർത്തിക്കുവാൻ. അങ്ങനെ മുമ്പോട്ട് വരുന്ന സ്ത്രീകളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. അതാണ് സ്ത്രീ ശാക്തീകരണം. രണ്ടാം തലമുറയിൽ നിന്നും, അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികളെ സംഘടനാ പ്രവർത്തനത്തിന് കിട്ടുക തന്നെ പ്രയാസം. അങ്ങനെ വരുന്നവരെ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പരിചയം പോലും ഇല്ലാതിരുന്ന ഒരു വ്യക്തിക്ക് ഒരു ജീവിതം നല്കുവാൻ, ആ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി സ്വന്തം ശരീര ഭാഗം ദാനം ചെയ്യുവാൻ മടി കാണിക്കാതിരുന്ന കൊച്ചു മിടുക്കിയെ പരിചയപ്പെടുവാൻ സാധിച്ചു, രേഖ നായർ. രേഖയെ പോലെ ഉള്ളവർ ഫോമയിൽ വരുന്നത് ഈ സംഘടനയുടെ ഭാഗ്യമായി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവരാണ് ഫോമയുടെ ഭാവി വാക്ദാനങ്ങൾ !

ഏത് യുദ്ധത്തിനും ഉണ്ട് ഒരു ധർമ്മം. വിജയത്തിന് വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ സംഘടന ഭാരവാഹികൾ തയ്യാറാവരുത്. “യഥോ ധർമ്മ .. തദോ ജയ: ” എന്ന വാക്യം എല്ലാവരും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. എതിർ പാനൽ മത്സരാത്ഥികൾക്കെതിരെ ഉള്ള അപവാദ പ്രചാരണം ആണ് ഇപ്പോൾ കണ്ട് വരുന്നത്. സ്ത്രീകളെ പോലും ഈ കൂട്ടർ വിടില്ല എന്നത് ദോഷകരമായ ഒരു പ്രവണത ആണ്. സ്ഥാനാർത്ഥികളുടെ വീട്ടിൽ ഇരിക്കുന്നവരെ കുറിച്ച് പറയുന്നവരും ധാരാളം.

വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ കൂടി ഉതകുന്നതാവണം സംഘടനകൾ. അല്ലാതെ പരസ്പരം കണ്ടാൽ ചിരിക്കാൻ പോലും വിമുഖത തോന്നുന്ന ആളുകൾ പങ്കെടുക്കുന്ന കൺവെൻഷന് അധികം ആരും വരും കാലങ്ങളിൽ ഉണ്ടാവില്ല. മനുഷ്യരിലെ നന്മ അറിയണം, ആസുരിക ഭാവം സംഘടനയിലേക്ക് കൊണ്ട് വരാതെ ഇരിക്കണം. മത്സരങ്ങൾ ആരോഗ്യപരമായിരിക്കണം. തോൽക്കുന്നവർ പൂർണ്ണ മനസ്സോടെ അത് അംഗീകരിക്കണം. വിജയിക്കുന്നവരുടെ കൂടി നിന്ന് പ്രവർത്തിക്കാൻ തയ്യാറാവണം. അല്ലാതെ സംഘടന തിരഞ്ഞെടുപ്പുകൾ തമ്മിൽ തല്ലിന്റ്റെ വേദികൾ ആക്കരുത്. വളരും തോറും പിളർത്താൻ ശ്രമിക്കരുത്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ മാറ്റി നിർത്തി കഴിവുള്ളവരെ അംഗീകരിക്കണം. ഏവരെയും ചിക്കാഗോയിൽ കാണാം എന്ന പ്രതീക്ഷയിൽ ഏവർക്കും ആശംസകൾ നേരുന്നു.. നന്ദി !

Share This Post