വിശപ്പകറ്റാന്‍ അവര്‍ക്ക് ഞങ്ങളുണ്ട്, “മീല്‍സ് ബൈ ഗ്രേസ്’ സംരംഭത്തിന് ഫോമ സൗത്ത് ഇസ്റ്റ് റീജിയന്റെ കൈത്താങ്ങ്

വിശപ്പിന്റെ വിലയറിയാത്തവരാണ് നമ്മള്‍. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ തെരുവില്‍ ഭിക്ഷയാചിക്കുന്നവരോട് മുഖം തിരിച്ചു നടക്കുന്നവര്‍. പല സാഹചര്യങ്ങള്‍ കൊണ്ടും വിശക്കുന്ന വയറുമായി രാത്രികള്‍ കഴിച്ചുകൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും നമുക്കിടയില്‍ തന്നെയുണ്ട്. ഇന്നും അത്തരം സംഭവങ്ങള്‍ നമുക്കിടയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിയാന്‍ മനസ്സുകാണിച്ചവരാണ് അറ്റ്‌ലാന്റയിലെ പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകരായ സ്വെല്ലനും സ്റ്റീഫന്‍ ഡാനിയലും.

” മീല്‍സ് ബൈ ഗ്രേസ്” എന്ന സംരംഭത്തിലൂടെ കുഞ്ഞുങ്ങളും കുടുംബവും വിശപ്പില്‍ നിന്ന് മുക്തി നേടുക എന്ന ആശയം മുന്നോട്ടു വെക്കുകയാണ് സ്വെല്ലനും സ്റ്റീഫന്‍ ഡാനിയലും. ഫോമാ സൗത്ത് ഇസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റയില്‍ നടക്കുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ” മീല്‍സ് ബൈ ഗ്രേസ്” ചാരിറ്റിക്കാണ് നല്‍കുന്നതെന്ന് ഫോമാ സൗത്ത് ഇസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍ അറിയിച്ചു .

ഫോമയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റീജിയണിലുള്ള ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ ,അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വിലെ ,അഗസ്‌റ് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന എന്നീ മലയാളി സംഘടനകള്‍ ഒരേ മനസ്സോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചാണ് ഈ ചാരിറ്റി പദ്ധതിയും വിജയത്തിലെത്തിക്കുന്നത് . ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടി ഫോമാ ഫോമാ സൗത്ത് ഇസ്റ്റ് റീജിയന്‍ തുടക്കം കുറിക്കുന്നത്.

ഓരോ വീട്ടിലും ആഹാരം എത്തിച്ചു കൊണ്ട് ഒരു കുഞ്ഞും പട്ടിണിക്കിരയാവുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് സ്വെല്ലനും സ്റ്റീഫന്‍ ഡാനിയലും ശ്രമിക്കുന്നത്. വിശപ്പിനെ മറന്നു രാത്രികള്‍ പിന്നിടാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നതില്‍ ഈ സംരംഭം വിജയം കൈവരിക്കുമെന്നതില്‍ സംശയമില്ല. ഓരോ കുടുംബത്തെയും ഭക്ഷ്യ ക്ഷാമത്തില്‍ നിന്നും കരകയറ്റിക്കൊണ്ട് സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീല്‍സ് ബൈ ഗ്രേസിന്റെ ഓരോ പ്രവര്‍ത്തനവും. പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കി സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നത് തീര്‍ച്ച!

സമ്പന്നരെന്നും ദരിദ്രരെന്നുമുള്ള പട്ടികപ്പെടുത്തലിന് ദൃതി വെക്കുന്ന സമൂഹമാണ് നമ്മുടേത്.ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കി വലിപ്പം കാണിക്കാന്‍ മത്സരിക്കുന്നവര്‍ക്ക് ദരിദ്രരുടെ വയറു നിറക്കാന്‍ സമയമില്ല. മനുഷ്യനെ മനുഷ്യനാക്കുന്നത് മറ്റൊരുത്തന്റെ വേദന അറിയാനുള്ള മനസു കാണിക്കുമ്പോഴാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് മീല്‍സ് ബൈ ഗ്രേസ് എന്ന സംഘടന. ഭൂമിയിലെ കുഞ്ഞു മാലാഖമാരുടെ വയറു നിറച്ചു അവരെ സംതൃപ്തരാക്കി ഇല്ലായ്മയില്‍ നിന്നും മുക്തി നേടികൊടുക്കാനുള്ള ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കു ചേരാം. ഒപ്പം പണത്തിനേക്കാള്‍ മൂല്യമുള്ള മറ്റു പലതും ഈ ഭൂമിയില്‍ ഉണ്ടെന്ന ചില തിരിച്ചറിവുകള്‍ കൂടി സ്വന്തമാക്കാം.

ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍, കണ്‍വീനര്‍ തോമസ് ഈപ്പന്‍ (സാബു) ,കോ കണ്‍വീനര്‍ ബിനു കാസിം ,മാധ്യമ പ്രവര്‍ത്തക മിനി നായര്‍ വുമണ്‍ ചെയര്‍ ,കള്‍ച്ചറല്‍ കണ്‍വീനര്‍ ആയി നര്‍ത്തകിയായ ശ്രീദേവി രഞ്ചിത്ത് ,സംഘാടകയായ ഷൈനി അബുബക്കര്‍ ,ടോണി തോമസ് ,മനോജ് തോമസ് ,സാം ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് .

മിനി നായര്‍ ,അറ്റ്‌ലാന്റ

Share This Post